ദീർഘദൂരയാത്രക്കാരുടെ മനമറിഞ്ഞും സഹായം തേടിയും എൽഡിഎഫ് സ്ഥാനാർഥി വി എസ് സുനിൽകുമാർ; ഒന്നാമത്തെ പരിഗണന റെയിൽവേ സ്റ്റേഷൻ വികസനത്തിന്; സ്റ്റേഷൻ വികസനത്തിന് വേണ്ടി ഒന്നും പ്രവർത്തിക്കാതെ ഒന്നും തരുന്നില്ലെന്ന് പറയുന്നതിൽ കാര്യമില്ലെന്ന് മുൻമന്ത്രി ….
ഇരിങ്ങാലക്കുട : തിരഞ്ഞെടുക്കപ്പെട്ടാൽ കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ വികസനത്തിന് പ്രാധാന്യം നൽകുമെന്ന് മുൻ മന്ത്രിയും തൃശ്ശൂർ ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥിയുമായ വി എസ് സുനിൽകുമാർ . ഇരിങ്ങാലക്കുട മണ്ഡലത്തിലെ പ്രചരണപ്രവർത്തനങ്ങൾക്ക് റെയിൽവേ സ്റ്റേഷനിൽ നിന്നും തുടക്കം കുറിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാന വണ്ടികൾ നിറുത്തുന്നില്ലെന്നും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്നുമുള്ള വിമർശനങ്ങൾ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനെക്കുറിച്ച് ഉയരുന്നുണ്ട്. ഒന്നാമത്തെ പരിഗണന റെയിൽവേ സ്റ്റേഷൻ്റെ വികസനത്തിന് നൽകുമെന്നും പ്രചരണപ്രവർത്തനങ്ങൾ സ്റ്റേഷനിൽ നിന്ന് തന്നെ ആരംഭിച്ചത് ഇതിൻ്റെ പ്രാധാന്യം തിരിച്ചറിഞ്ഞത് കൊണ്ടാണെന്നും മുൻ മന്ത്രി പറഞ്ഞു. കേന്ദ്ര അവഗണന കാലങ്ങളായുള്ള വിഷയമാണ്. പക്ഷേ നമ്മൾ എത്ര മാത്രം പ്രവർത്തിക്കുന്നുണ്ട് എന്നതാണ് കാര്യം. പ്രവർത്തിച്ചിട്ട് തരുന്നില്ലെങ്കിൽ വിഷയങ്ങൾ കേന്ദ്രത്തിൻ്റെ ശ്രദ്ധയിൽ കൊണ്ട് വരാൻ കഴിയും. ഏറ്റവും ഒടുവിൽ കേരളത്തിൻ്റെ ധനകാര്യത്തിൻ്റെ കാര്യത്തിൽ സുപ്രീം കോടതി ഇടപെടൽ വരെ ഉണ്ടായി. നിരന്തരമായ ഇടപെടലുകളിലൂടെ ആവശ്യങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി പറഞ്ഞു. രാവിലെ എഴരയോടെ മണ്ഡലത്തിലെ എൽഡിഎഫ് നേതാക്കളോടും ജനപ്രതിനിധികളോടുമൊപ്പം സ്റ്റേഷനിൽ എത്തിയ സ്ഥാനാർഥി വിദ്യാർഥികളും സ്ത്രീകളുമടക്കമുള്ള യാത്രക്കാരോട് കുശലം പറഞ്ഞും വോട്ട് അഭ്യർഥിച്ചും റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികളിൽ നിന്നും സ്റ്റേഷൻ അധികൃതരിൽ നിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞുമാണ് മടങ്ങിയത്.