അരക്കിലോയിലധികം കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയിൽ; വിൽപന ലോട്ടറി എന്ന വ്യാജേന ലോട്ടറി ടിക്കറ്റുകളിൽ പൊതിഞ്ഞ്…

അരക്കിലോയിലധികം കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയിൽ;

വിൽപന ലോട്ടറി എന്ന വ്യാജേന ലോട്ടറി ടിക്കറ്റുകളിൽ പൊതിഞ്ഞ്…

 

ചാലക്കുടി: വെള്ളിക്കുളങ്ങര കോടാലിയിൽ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും യഥേഷ്ടം മയക്കു മരുന്ന് ലഭിക്കുന്നുവെന്ന് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. നവനീത് ശർമ്മ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പ്രസ്തുത മേഖലയിൽ ചാലക്കുടി ഡിവൈഎസ്പി ആർ. അശോകൻ്റെയും, ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എൻ. മുരളീധരൻ്റെയും നേതൃത്വത്തിൽ ആഴ്ചകളോളം രഹസ്യ നിരീക്ഷണം നടത്തി ലഹരി മരുന്ന് വിൽപനക്കാരനെന്നു സംശയിച്ച അതിഥി തൊഴിലാളിയെ അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്നും അറുന്നൂറ് ഗ്രാമോളം കഞ്ചാവ് പിടികൂടി. പശ്ചിമബംഗാൾ മൂർഷിദാബാദ് ബാഭ്ല സ്വദേശി സുറത്തുൾ ഹസൻ (37 വയസ്) എന്നയാളെയാണ് വെള്ളിക്കുളങ്ങര സി. ഐ.സുജാതൻപിള്ള അറസ്റ്റ് ചെയ്തത് .

 

അതിരാവിലെ മറ്റത്തുർ മുതൽ വെള്ളിക്കുളങ്ങര വരെ കാൽനടയായി സഞ്ചരിച്ചാണ് ഹസൻ്റെ ലഹരിവിൽപന. പതിവു ഇടപാടുകാർക്ക് അതീവ

രഹസ്യമായാണ് ഇയാൾ കഞ്ചാവ് വിറ്റിരുന്നത്. പ്രത്യേകം അറകൾ തുന്നിച്ചേർത്ത ഒന്നിലധികം അടിവസ്ത്രങ്ങൾ ധരിച്ച് അതിലൊളിപ്പിച്ചാണ് ഇയാൾ കഞ്ചാവ് പൊതികൾ സൂക്ഷിച്ചിരുന്നത്. പഴയ ലോട്ടറിടിക്കറ്റുകൾ ശേഖരിച്ച് അവയിൽ പൊതിഞ്ഞാണ് കഞ്ചാവ് കൈമാറിയിരുന്നത്. മറ്റുള്ളവർക്ക് ഇയാൾ ലോട്ടറി വിറ്റതായേ കാഴ്ചയിൽ തോന്നൂ. ഏതാനും ആഴ്ചകൾക്ക് മുൻപാണ് ഇയാൾ ആലുവയിൽ നിന്നും താമസത്തിനായി വെള്ളിക്കുളങ്ങരയിൽ എത്തിയത്.

ചുരുങ്ങിയസമയത്തിനിടയിൽ ആവശ്യക്കാരുടെ വൻനിര തന്നെ ഇയാൾക്ക് ഉണ്ടാക്കിയെടുക്കാനായി. ഹസൻ്റെ താമസ സ്ഥലം കേന്ദ്രീകരിച്ച് പരിശോധന നടത്തിയെങ്കിലും കൂടുതൽ ലഹരി വസ്തുക്കൾ കണ്ടെത്താനായില്ല.

 

സബ് ഇൻസ്പെക്ടർമാരായ പി . ആർ . ഡേവിസ്, വി.ജി സ്റ്റീഫൻ,സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ് , എഎസ് ഐമാരായ പി. എം. മൂസ, ഷൈല പി.എം , സിൽജോ വി.യു,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സഹദേവൻ ,റെജി എ.യു , ബിനു എം.ജെ, ഷിജോ തോമസ് എന്നിവരടങ്ങിയ സംഘമാണ് അതിഥി തൊഴിലാളിയെ നിരന്തരം നിരീക്ഷിച്ച് കഞ്ചാവ് പിടികൂടിയത്.

 

ഹസന് കഞ്ചാവ് ലഭിക്കുന്ന സ്രോതസ്സുകളെ ക്കുറിച്ചും ഇയാളുടെ ഇടപാടുകാരെക്കുറിച്ചും വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Please follow and like us: