ശ്രീകൂടൽമാണിക്യ ദേവസ്വത്തിന് പുതിയ നേതൃത്വം; അഡ്വ സി കെ ഗോപി ദേവസ്വം ചെയർമാൻ; ഇരിങ്ങാലക്കുട പട്ടണത്തിൻ്റെ പ്രാധാന്യം ഉൾക്കൊണ്ട് പ്രവർത്തിക്കാൻ ശ്രമിക്കുമെന്ന് ദേവസ്വം ചെയർമാൻ….
ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യം ദേവസ്വത്തിന് പുതിയ നേതൃത്വം. കിഴക്കേ നടയിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ കേരള ഗസറ്റ് മുഖേന നോമിനേറ്റ് ചെയ്യപ്പെട്ട അഡ്വ സി കെ ഗോപി , ഡോ മുരളി ഹരിതം , വി സി പ്രഭാകരൻ, അഡ്വ കെ ജി അജയകുമാർ, എം കെ രാഘവൻ, ജീവനക്കാരുടെ പ്രതിനിധിയായി കെ ബിന്ദു,തന്ത്രി പ്രതിനിധിയായി നെടുമ്പിള്ളി തരണനെല്ലൂർ മന ഗോവിന്ദൻ നമ്പൂതിരിപ്പാട് എന്നിവർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ദേവസ്വം കമ്മീഷണർ ബിജു പ്രഭാകർ ഐഎഎസ് സത്യവാചകം ചൊല്ലിക്കൊടുത്തു. അഡ്മിനിസ്ട്രേറ്റർ ഉഷാനന്ദിനി സ്വാഗതവും ക്ഷേത്രം മാനേജർ ഇൻ ചാർജ്ജ് ആനന്ദ് എസ് നായർ നന്ദിയും പറഞ്ഞു. മുൻ ദേവസ്വം ചെയർമാൻമാരായ പ്രദീപ്മേനോൻ, പി തങ്കപ്പൻമാസ്റ്റർ, ഭരണസമിതി അംഗം അഡ്വ കെ ജി അജയകുമാർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ദേവസ്വം കമ്മീഷണറുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ അഡ്വ സി കെ ഗോപിയെ ദേവസ്വം ചെയർമാനായി തിരഞ്ഞെടുത്തു. പുതിയ സംരംഭങ്ങൾ എറ്റെടുത്ത് സമയബന്ധിതമായി പൂർത്തീകരിക്കാനും ഇരിങ്ങാലക്കുട ദേശത്തിൻ്റെ പ്രാധാന്യത്തിന് മുൻഗണന നൽകി പ്രവർത്തിക്കാനും ശ്രമിക്കുമെന്ന് ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി പറഞ്ഞു. ദീർഘകാലത്തെ പ്രവർത്തനത്തിനൊടുവിലാണ് 55 കാരനായ അഡ്വ സി കെ ഗോപിയെ പുതിയ ഉത്തരവാദിത്വം തേടിയെത്തുന്നത്. പഠനക്കാലത്ത് എസ്എഫ്ഐ യുടെ ചാലക്കുടി മേഖല ഭാരവാഹിയും പനമ്പിള്ളി കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയുമായിരുന്നു. ഡിവൈഎഫ്ഐ കൊടകര ബ്ലോക്ക് ജോയിൻ്റ് സെക്രട്ടറി, കർഷക സംഘം പഞ്ചായത്ത് സെക്രട്ടറി, നിർമ്മാണ തൊഴിലാളി യൂണിയൻ പഞ്ചായത്ത് സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ലോയേഴ്സ് യൂണിയൻ ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡണ്ടും ജില്ലാ കമ്മിറ്റി അംഗവും സിപിഎം ടൗൺ വെസ്റ്റ് ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ്. 2005 മുതൽ ഇരിങ്ങാലക്കുടയിൽ അഭിഭാഷകനായി പ്രവർത്തിച്ച് വരികയാണ്.