മുകുന്ദപുരം താലൂക്ക് പരിധിയിലെ സർക്കാർ ലൈസൻസ് ഉള്ള കരാറുകാർക്ക് കുടിശ്ശികയായി ലഭിക്കാനുള്ളത് നൂറ് കോടിയോളം രൂപ ; ഇരിങ്ങാലക്കുട നഗരസഭയ്ക്കും പത്തോളം പഞ്ചായത്തുകൾക്കുമായി പൂർത്തീകരിച്ചത് 420 നിർമ്മാണ പ്രവർത്തനങ്ങൾ; പ്രതിഷേധ സമരവുമായി കോൺട്രാക്റ്റേഴ്സ് അസോസിയേഷൻ ….
ഇരിങ്ങാലക്കുട : തദ്ദേശസ്ഥാപനങ്ങൾക്കായി നടത്തിയ നിർമ്മാണ പ്രവർത്തനങ്ങളുടെ പേരിൽ മുകുന്ദപുരം താലൂക്ക് പരിധിയിലെ കരാറുകാർക്ക് ലഭിക്കാനുള്ള കുടിശ്ശിക നൂറ് കോടിയോളം രൂപ . ഇരിങ്ങാലക്കുട നഗരസഭ, രണ്ട് ബ്ലോക്ക് പഞ്ചായത്തുകൾ, പത്ത് പഞ്ചായത്തുകൾ എന്നിവയ്ക്ക് വേണ്ടി നടത്തിയ 420 ഓളം നിർമ്മാണ പ്രവൃത്തികളുടെ പണമാണ് സർക്കാർ ലൈസൻസോടെ പ്രവർത്തിക്കുന്ന ആൾ കേരള ഗവ. കോൺട്രാക്റ്റേഴ്സ് അസോസിയേഷൻ മുകുന്ദപുരം താലൂക്ക് കമ്മിറ്റിയിലെ അമ്പതോളം കരാറുകാർക്കായി ലഭിക്കാനുള്ളത്. കഴിഞ്ഞ മാർച്ചിന് ശേഷം അഞ്ച് ലക്ഷത്തിൽ അധികം രൂപയുടെ ബില്ലുകൾ ഒന്നും പാസ്സായിട്ടില്ല. അഞ്ച് ലക്ഷത്തിന് താഴെയുള്ള ബില്ലുകൾ ഒക്ടോബർ വരെ മാത്രമേ പാസ്സായിട്ടുള്ളൂവെന്നും അസോസിയേഷൻ ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാനത്ത് 16000 കോടി രൂപയാണ് ഈ ഇനത്തിൽ കരാറുകാർക്ക് ലഭിക്കാനുള്ളത്. കുടിശ്ശിക അടിയന്തരമായി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ സംസ്ഥാന ഘടകത്തിൻ്റെ ആഹ്വാന പ്രകാരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ പ്രതിഷേധ സമരം ജില്ലാ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് ഡേവിസ് നെല്ലിപ്പിള്ളി ഉദ്ഘാടനം ചെയ്തു. താലൂക്ക് കമ്മിറ്റി പ്രസിഡണ്ട് എം ഡി ജെയ്സൻ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ക്രിസ്തുദാസ്, കെ എ ടോമി, ഗോപകുമാർ, ബിജു എന്നിവർ പ്രസംഗിച്ചു.