ബിൽ കുടിശ്ശിക ; വൈദ്യുതി ബന്ധം വിഛേദിച്ചു; കെഎസ്ഇബി അധികൃതരെ ഉപരോധിച്ച് സനീഷ്കുമാർ ജോസഫ് എംഎൽഎ യും ജനപ്രതിനിധികളും…
ഇരിങ്ങാലക്കുട : ജല അതോറിറ്റിയുടെ കണക്ഷൻ വിച്ചേദിച്ചതിനെ തുടർന്ന് മൂന്ന് പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള വിതരണം മുടങ്ങിയ സാഹചര്യത്തിൽ സനീഷ് കുമാർ ജോസഫ് എംഎൽഎ യുടെ നേത്യത്വത്തിൽ കെഎസ്ഇബി ഇരിങ്ങാലക്കുട ഡിവിഷൻ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ ഓഫീസ് ഉപരോധിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ആയിരുന്നു സംഭവം. വാഞ്ചിക്കടവിലുള്ള പമ്പ് ഹൗസ്, പിള്ളപ്പാറയിൽ ഉള്ള ട്രീറ്റ്മെൻ്റ് പ്ലാൻ്റ് എന്നിവയിലേക്കുള്ള കണക്ഷനുകളാണ് എതാനും ദിവസം മുമ്പ് ചാലക്കുടി ഇലക്ട്രിക് ഡിവിഷൻ്റെ കീഴിൽ പരിയാരം ഇലക്ട്രിക് സെക്ഷൻ ഓഫീസ് അധികൃതർ വിച്ചേദിച്ചത്. മുന്നറിയിപ്പില്ലാത്ത നടപടി മൂലം അതിരപ്പിള്ളി, പരിയാരം , കോടശ്ശേരി എന്നീ മൂന്ന് പഞ്ചായത്തുകളിലെ മുപ്പതിനായിരത്തോളം പേരുടെ കുടിവെള്ളം കൊടും വേനലിൻ്റെ രൂക്ഷത അനുഭവിക്കുന്ന ഘട്ടത്തിൽ മുടങ്ങിയെന്നും ജനപ്രതിനിധികളെ അറിയിക്കാനുള്ള മാന്യത അധികൃതർ കാണിച്ചില്ലെന്നും നടപടി പിൻവലിക്കുന്നത് വരെ ഓഫീസ് ഉപരോധം തുടരുമെന്നും എംഎൽഎ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ കെ സി ലതികയെ അറിയിച്ചു. ആറ് ലക്ഷത്തോളം രൂപ കുടിശ്ശിക ഉള്ള സാഹചര്യത്തിൽ തിരുവനന്തപുരത്ത് നിന്നുള്ള ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും വാട്ടർ അതോറിറ്റി അധികൃതരെ നേരത്തെ അറിയിച്ചിരുന്നുവെന്നും ചീഫ് എഞ്ചിനീയർ വിശദീകരിച്ചു. എന്നാൽ അധികൃതരുടെ വിശദീകരണത്തിൽ എംഎൽഎ യും കൂടെ എത്തിയ ജനപ്രതിനിധികളും രാഷ്ട്രീയ പ്രവർത്തകരും തൃപ്തരായില്ല. ഇതേ തുടർന്ന് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ കെഎസ്ഇബിയിലെ ഉന്നത ഉദ്യോഗസ്ഥരെ ബന്ധപ്പെടുകയും സാഹചര്യം ബോധ്യപ്പെടുത്തുകയും ചെയ്തതിനെ തുടർന്ന് നടപടി പിൻവലിക്കാനുള്ള അംഗീകാരം വാങ്ങിക്കുകയും കണക്ഷനുകൾ പുനസ്ഥാപിക്കാൻ കെഎസ്ഇബി പരിയാരം സെക്ഷൻ അസി. എഞ്ചിനീയർക്ക് നിർദ്ദേശം നൽകുകയുമായിരുന്നു . തുടർന്ന് ഒന്നരയോടെ ഉപരോധം പിൻവലിച്ച് എംഎൽഎ യും ജനപ്രതിനിധികളും മടങ്ങി. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, വൈസ്-പ്രസിഡണ്ട് ലീന ഡേവീസ് , കോടശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെ പി ജെയിംസ്, നഗരസഭ കൗൺസിലർ വി ഒ പൈലപ്പൻ, ബ്ലോക്ക് അംഗങ്ങൾ, ഇരിങ്ങാലക്കുട നഗരസഭ വൈസ്-ചെയർമാൻ ടി വി ചാർലി എന്നിവർ ഒപ്പം ഉണ്ടായിരുന്നു.