പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ വെള്ളിക്കുളങ്ങര സ്വദേശിയായ പ്രതിക്ക് 38 വര്‍ഷം തടവ്…
ഇരിങ്ങാലക്കുട:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ നാല്പത്തിമൂന്നുകാരന് 38 വര്‍ഷം തടവും രണ്ടു ലക്ഷം രൂപ പിഴയും ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജ് സി.ആര്. രവിചന്ദര്‍ വിധിച്ചു. 2018 ആഗസ്റ്റ് മാസത്തില്‍ പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായെന്നാരോപിച്ച് വെള്ളിക്കുളങ്ങര പോലീസ് ചാര്‍ജ് ചെയ്ത കേസില്‍ പ്രതിയായ വെള്ളിക്കുളങ്ങര സ്വദേശി ബൈജുവിനെതിരെയാണ് കോടതി ശിക്ഷാവിധി പ്രഖ്യാപിച്ചത്. പ്രോസിക്യൂഷന് ഭാഗത്തുനിന്നും 15 സാക്ഷികളെയും 23 രേഖകളും 10 തൊണ്ടിവസ്തുക്കളും പ്രതിഭാഗത്തുനിന്നും ഒരാളെയും സാക്ഷിയായി വിസ്തരിച്ച് തെളിവുകള്‍ നല്കിയിരുന്നതുമാണ്. വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ ആയിരുന്ന എസ്.എല്‍. സുധീഷ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സബ് ഇന്‍സ്പെക്ടര്‍ എസ്.എസ്. ഷിജുവാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. വിജു വാഴക്കാല ഹാജരായി. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ടി.ആര്. രജിനി പ്രോസിക്യൂഷന് നടപടികള്‍ ഏകോപിപ്പിച്ചു. പോക്സോ നിയമത്തിന്റെ വിവിധ വകുപ്പുകള്‍ പ്രകാരം 35 വര്‍ഷം കഠിനതടവിനും 1,25,000 രൂപ പിഴയും പിഴയൊടുക്കാതിരുന്നാല്‍ 19 മാസം വെറും തടവിനും കൂടാതെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം മൂന്നുവര്‍ഷം വെറും തടവിനും ഇരുപത്തിഅയ്യായിരം രൂപ പിഴ അടക്കാനും പിഴയൊടുക്കാതിരുന്നാല്‍ രണ്ടുമാസം വെറും തടവിനുമാണ് ശിക്ഷിച്ചത്. പ്രതിയെ തൃശ്ശൂര്‍ ജില്ലാ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. പിഴസംഖ്യ ഈടാക്കിയാല്‍ ആയത് അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നല്കുവാനും ഉത്തരവില്‍ നിര്‍ദേശമുണ്ട്.