കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആന ഇടഞ്ഞ് മൂന്നു പേരെ കൊന്ന സംഭവത്തില്‍ പ്രതികളെ കുറ്റവിമുക്തരാക്കി കൊണ്ട് കോടതി ഉത്തരവ്..

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആന ഇടഞ്ഞ് മൂന്നു പേരെ കൊന്ന സംഭവത്തില്‍ പ്രതികളെ കുറ്റവിമുക്തരാക്കി കൊണ്ട് കോടതി ഉത്തരവ്..

 

ഇരിങ്ങാലക്കട;കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആന ഇടഞ്ഞ് മൂന്നു പേരെ കൊന്ന സംഭവത്തില്‍ പ്രതികളെ ഇരിങ്ങാലക്കുട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസട്രേറ്റ് കോടതി കുറ്റവിമുക്തരാക്കി. 2008 ലെ ഉത്സവത്തിനിടയില്‍ ഏപ്രില്‍ 23 ന് എഴുന്നള്ളിപ്പിന് ശേഷം ഉത്സവ കാഴ്ചക്കാരില്‍ ഒരാളായ ഓചിറയില്‍ ഉള്ള നൗഷാദ് എന്നയാള്‍ ആനയുടെ കൊമ്പില്‍ പിടിച്ചതിനെ തുടര്‍ന്നാണ് പോപ്‌സണ്‍ ഉണ്ണികൃഷ്ണന്‍ എന്ന ആന ഇടഞ്ഞ്, കൊമ്പില്‍ പിടിച്ച നൗഷാദിനെയും ഉത്സവം കാണാന്‍ വന്ന കൊടകര സ്വദേശിനിയായ കൗസല്യ, അന്നമനട സ്വദേശിയായ നിധീഷ് എന്നിവരെയും കൊലപ്പെടുത്തിയത്. ഇതിനെ തുടര്‍ന്ന് കേരള നാട്ടാന പരിപാലന ചട്ട പ്രകാരവും വന്യജീവി സംരക്ഷണ നിയമപ്രകാരവും കൂടല്‍മാണിക്യം ക്ഷേത്രകമ്മിറ്റി അംഗങ്ങളായ കൂടല്‍മാണിക്യം അഡ്മിനിസ്റ്റര്‍ കെ.എന്‍. രവീന്ദ്രനാഥന്‍, അന്നത്തെ കൂടല്‍മാണിക്യം ക്ഷേത്രം ചെയര്‍മാന്‍ ആയ പി. തങ്കപ്പന്‍ മാസ്റ്റര്‍, കമ്മറ്റി അംഗങ്ങളായ കൃഷ്ണാനന്ദബാബു. കെ.കെ. രാജേഷ് ബാലകൃഷ്ണന്‍, കെ.പി. സുബ്രമണ്യന്‍ മാസ്റ്റര്‍, വനജ ധര്‍മ്മരാജന്‍, കെ.പി. ജാതവേദന്‍ നമ്പൂതിരി, കെ.ജി. സുരേഷ് എന്നിവര്‍ക്കെതിരെയും ആനയുടെ ഉടമസ്ഥനായ പി.എ. ജേക്കബിനെയും ഒന്നാം പാപ്പാനായ പ്രകാശനെയും രണ്ടാം പാപ്പാനായ കുട്ടനെയും പ്രതികള്‍ ആക്കി ഇരിങ്ങാലക്കുട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ പ്രതികള്‍ക്കെതിരെയുള്ള കുറ്റം നിലനില്‍ക്കത്തക്കതല്ല എന്ന് കണ്ട് പ്രതികളെ ഇരിങ്ങാലക്കുട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് അലീഷ മാത്യു കുറ്റവിമുക്തരാക്കി ഉത്തരവായത്. കേസിന്റെ വിചാരണ മധ്യേ ആന ഉടമസ്ഥനായ പി.എ. ജേക്കബ്, അന്നത്തെ ദേവസ്വം അഡ്മിനിസ്റ്ററായ കെ.എന്‍. രവീന്ദ്രന്‍ എന്നിവര്‍ മരണപ്പെട്ടിരുന്നു. വെള്ളിക്കുളങ്ങര റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഫയല്‍ ചെയ്ത കേസില്‍ പ്രതികള്‍ക്കെതിരെ ആരോപിച്ച കുറ്റകൃത്യങ്ങള്‍ നിലവില്‍ ഉള്ള നിയമം അനുശാസിക്കുന്നതല്ല എന്നും കോടതി കണ്ടെത്തി. പ്രതികളായ ഉത്സവ കമ്മറ്റിക്കാര്‍ക്ക് വേണ്ടി അഭിഭാഷകരായ അഡ്വ. പി.വി. ഗോപകുമാര്‍ (മാമ്പുഴ), അഡ്വ. പയസ് ജോസഫ് ഐനിക്കല്‍, എന്നവരും ആന തൊഴിലാളികള്‍ക്കായി അഡ്വ. എ.എ. ബിജുവും ഹാജരായി.

Please follow and like us: