മാർക്കറ്റിലെ മാംസ വ്യാപാരയുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുട നഗരസഭാ യോഗത്തിൽ നടന്ന ചർച്ചയിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാഗ്വാദം ; അജണ്ട മാറ്റി വച്ചു; ബൈലോവിന് വിരുദ്ധമായി നഗരസഭ മൈതാനത്ത് മോട്ടോർ വാഹന പ്രദർശനം നടത്താൻ യോഗ തീരുമാനം; തൊഴിലുറപ്പ് പദ്ധതിക്കായി മൂന്നരക്കോടി രൂപയുടെ ലേബർ ബഡ്ജറ്റിന് നഗരസഭ യോഗത്തിൻ്റെ അംഗീകാരം..
ഇരിങ്ങാലക്കുട : ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള ഭിന്നതകളെയും ബഹളത്തെയും തുടർന്ന് ഇരിങ്ങാലക്കുട മാർക്കറ്റിന് പുറത്ത് നിയമവിരുദ്ധമായി പോർക്ക് , ബീഫ് സ്റ്റാൾ നടത്തുന്നതുമായി ബന്ധപ്പെട്ട അജണ്ട നഗരസഭാ യോഗത്തിൽ മാറ്റി വച്ചു. മാംസ വ്യാപാര വിഷയത്തിൽ മാർക്കറ്റിലെ രണ്ട് വ്യക്തികളുമായി ബന്ധപ്പെട്ട് നഗരസഭയിൽ മാസങ്ങളായി പുകഞ്ഞ് കൊണ്ടിരിക്കുന്ന തർക്കം നഗരസഭാ യോഗത്തിൻ്റെ പരിഗണനയ്ക്ക് എത്തിയപ്പോഴാണ് അഭിപ്രായ ഭിന്നതകൾ മറ നീക്കി പുറത്ത് വന്നത്. മാർക്കറ്റിന് പുറത്തുള്ള പോർക്ക് – ബീഫ് വ്യാപാരം സംബന്ധിച്ച് തോംസൺ സ്റ്റോൾ ഉടമയുടെ അപേക്ഷയാണ് യോഗത്തിന് മുമ്പാകെ വന്നത്. മാർക്കറ്റിലെ മാംസ വ്യാപാരികൾ ദുരിതത്തിലാണെന്നും പരമ്പരാഗതമായി കച്ചവടം നടത്തുന്നവരെ തുടരാൻ അനുവദിക്കണമെന്നും വാർഡ് കൗൺസിലർ കൂടിയായ ഫെനി എബിൻ ചർച്ചയിൽ ആവശ്യപ്പെട്ടു. മത്സ്യഫെഡിൻ്റെ കെട്ടിടത്തിൽ അനധികൃതമായി നടത്തുന്ന മാംസവില്പനയും നിറുത്തി വയ്ക്കണമെന്നും വിവരാവകാശ നിയമം പ്രകാരം ലഭിച്ച മറുപടിയിൽ എഴോളം സ്റ്റാളുകൾ നിയമവിരുദ്ധമായിട്ടാണ് പ്രവർത്തിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ടെന്നും സോൺ തിരിച്ച് വില്പന നടത്തുന്ന സമ്പ്രദായം നടപ്പിലാക്കണമെന്നും എൽഡിഎഫ് അംഗം സി സി ഷിബിൻ പറഞ്ഞു. വ്യാപാരികളായ ബിനോയിയും റാഫിയും തമ്മിലുള്ള പ്രശ്നമാണിതെന്നും റാഫിക്ക് എത്ര സൗജന്യങ്ങൾ കിട്ടിയിട്ടുണ്ടെന്ന് എല്ലാവർക്കും അറിയാമെന്നും എൽഡിഎഫ് അംഗം അഡ്വ കെ ആർ വിജയ പറഞ്ഞു. മാംസ വ്യാപാരം മാർക്കറ്റിൽ മാത്രമായി പരിമിതപ്പെടുത്തണമെന്നും മൽസ്യ വ്യാപാരത്തിന് 500 മീറ്ററും മാംസ വ്യാപാരത്തിന് ഒരു കിലോമീറ്റർ ദൂരപരിധിയും നിശ്ചയിക്കണമെന്ന് ബിജെപി അംഗം സന്തോഷ് ബോബനും ആവശ്യപ്പെട്ടു. മാർക്കറ്റിൻ്റെ പുറത്തുള്ള തോംസൺ സ്റ്റാളുകാരുടെ മാംസ വ്യാപാരം അംഗീകരിക്കാൻ പറ്റില്ലെന്ന് വൈസ്-ചെയർമാൻ ടി വി ചാർലിയും പറഞ്ഞു. മാർക്കറ്റിനുള്ളിൽ മാംസ വ്യാപാരത്തിനുള്ള ലൈസൻസ് ഉള്ളവരെ മാത്രമേ നിലനിറുത്തുകയുള്ളൂവെന്നും ഇതോടെ റാഫിയുടെ വ്യാപാരവും ഇല്ലാതാകുമെന്നും ചെയർപേഴ്സൺ വിശദീകരിച്ചു. ഭൂരിപക്ഷതീരുമാനം നടപ്പിലാക്കണമെന്നും തീരുമാനം വോട്ടിന് ഇടണമെന്നും ബിജെപി അംഗം ടി കെ ഷാജു ആവശ്യപ്പെട്ടു. വാഗ്വാദങ്ങൾ തുടർന്നതോടെ അജണ്ട മാറ്റി വയ്ക്കുകയാണെന്ന് ചെയർ പേഴ്സൺ പ്രഖ്യാപിച്ചു.
നേരത്തെ നിലവിലുള്ള ബൈലോവിന് വിരുദ്ധമായി നഗരസഭ മൈതാനത്ത് മോട്ടോർ വാഹന പ്രദർശനം നടത്താൻ എഞ്ചിനീയറിംഗ് കോളേജിന് അനുമതി നൽകാൻ യോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച് ബൈലോവിൽ ഉള്ള വ്യവസ്ഥ ഭേദഗതി ചെയ്യണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ നിയമത്തെ മറി കടന്ന് എങ്ങനെ തീരുമാനം എടുക്കാൻ കഴിയുമെന്നും പ്രയോഗിക ബുദ്ധിമുട്ട് ഉണ്ടെന്നും അഡ്വ ജിഷ ജോബി ചൂണ്ടിക്കാട്ടി.
എഞ്ചിനീയറിംഗ് വിഭാഗത്തിൽ ഫയലുകൾ അപ്രത്യക്ഷമാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് അൽഫോൺസ തോമസ്, രാജി കൃഷ്ണകുമാർ എന്നിവർ ആവശ്യപ്പെട്ടു.
2024-25 വർഷത്തെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിക്കായുള്ള മൂന്നരക്കോടി രൂപയുടെ ലേബർ ബഡ്ജറ്റ് യോഗം അംഗീകരിച്ചു.
യോഗത്തിൽ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ അധ്യക്ഷത വഹിച്ചു.