കല്ലംകുന്ന് ബാങ്കിനെതിരെ വ്യാജ പ്രചരണങ്ങൾ നടത്തുന്നവർ ലക്ഷങ്ങളുടെ കുടിശ്ശികയുള്ളവരെന്ന് ബാങ്ക് ഭരണസമിതി; കുടിശ്ശിക തിരിച്ചടക്കണമെന്ന് നിർദ്ദേശിച്ചുള്ള നോട്ടീസ് അല്ലാതെ മരണമടഞ്ഞ വ്യക്തിക്ക് നേരെ നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ലെന്നും വിശദീകരണം..
ഇരിങ്ങാലക്കുട : 20 മുതൽ 50 ലക്ഷം വരെ വായ്പ കുടിശ്ശിക ഉള്ളവരാണ് ഗൃഹനാഥൻ്റെ മരണവുമായി ബന്ധപ്പെട്ട് കല്ലംകുന്ന് ബാങ്കിനെതിരെ ആരോപണങ്ങളും വ്യാജപ്രചരണങ്ങളുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്ന് ബാങ്ക് ഭരണസമിതി. കരുവന്നൂർ ബാങ്ക് വിഷയവുമായി ബന്ധപ്പെട്ട് നടന്ന സമരത്തിനിടയിൽ ബാങ്കിനെതിരെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച് വീഡിയോ പോസ്റ്റ് ചെയ്ത കോമ്പാറ സ്വദേശി ഷൈജു അതിരിങ്കൽ തങ്ങൾ പോലീസിൽ നൽകിയ പരാതിയെ തുടർന്ന് ബാങ്കിൽ വന്ന് അബദ്ധം പറ്റിയതാണെന്ന് എഴുതി തന്നതായും വ്യാജപ്രചരണം നടത്തിയ മറ്റ് വ്യക്തികൾക്കെതിരെ ഉടൻ നിയമനടപടികൾ സ്വീകരിക്കുമെന്നും ബാങ്ക് പ്രസിഡണ്ട് പി എൻ ലക്ഷ്മണൻ, സെക്രട്ടറി സി കെ ഗണേഷ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. മരണമടഞ്ഞ വ്യക്തിക്ക് നാല് ലക്ഷത്തോളം രൂപയുടെ കുടിശ്ശികയാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നോട്ടീസ് അയച്ചതല്ലാതെ കേസ് ഒന്നും ഫയൽ ചെയ്തിട്ടില്ല. വകുപ്പ് ഉദ്യോഗസ്ഥരും വ്യക്തിയുടെ വീട് സന്ദർശിച്ചിട്ടില്ല. സാഹചര്യം ഇതാണെന്നിരിക്കെ മാധ്യമങ്ങളെ വിളിച്ച് വരുത്തി രാഷ്ട്രീയ ലക്ഷ്യങ്ങളോടെ കള്ള പ്രചരണങ്ങൾ നടത്താനാണ് ചിലർ ശ്രമിച്ചത്. നിക്ഷേപസമാഹരണത്തിൻ്റെ ഭാഗമായി ഒന്നേകാൽ കോടി രൂപ സമാഹരിക്കാൻ ബാങ്കിന് കഴിഞ്ഞിട്ടുണ്ടെന്നും ഇവർ അറിയിച്ചു. വൈസ്-പ്രസിഡണ്ട് എം എ അനിലൻ, ഭരണസമിതി അംഗങ്ങളായ ടി എൻ മുരളി, ടി കെ സുധാകരൻ , സുമതി തിലകൻ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.