ഇരിങ്ങാലക്കുട പട്ടണത്തിൽ ഇനി ഷീ ലോഡ്ജും ; ഭാവനാപൂർണ്ണമായ പദ്ധതിയെന്നും കക്ഷി രാഷ്ട്രീയ ഭിന്നതകൾ കാര്യമാക്കേണ്ടതില്ലെന്നും സമൂഹത്തിൽ സ്ത്രീകളുടെ ദൃശ്യതയും സാന്നിധ്യവും വർധിച്ച് വരികയാണെന്ന് മന്ത്രി ഡോ ആർ ബിന്ദു..
ഇരിങ്ങാലക്കുട : കേരളീയ സമൂഹത്തിൽ സ്ത്രീകളുടെ ദ്യശ്യതയും സാന്നിദ്ധ്യവും വർധിച്ച് വരികയാണെന്നും നഗരഹൃദയത്തിൽ തന്നെ സ്ത്രീകൾക്ക് വേണ്ടി ഭാവനാപൂർണ്ണമായ പദ്ധതി നടപ്പിലാക്കിയ ഇരിങ്ങാലക്കുട നഗരസഭ അധികൃതരെ അഭിനന്ദിക്കുകയാണെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. ബഹുവർഷപദ്ധതിയായി മൂന്ന്ക്കോടിയോളം രൂപ ചിലവഴിച്ച് അയ്യങ്കാവ് മൈതാനത്തിന് അടുത്ത് സ്ത്രീകൾക്കായി നിർമ്മിച്ച ഷീ ലോഡ്ജിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികളുടെ ശക്തമായ സാന്നിധ്യം പ്രകടമായിക്കഴിഞ്ഞു. തൊഴിൽ പങ്കാളിത്തവും വർധിച്ച് കഴിഞ്ഞു. കുടുംബശ്രീ പ്രസ്ഥാനമാണെങ്കിൽ സമാനതകൾ ഇല്ലാത്ത സ്ത്രീ ശാക്തീകരണ പ്രസ്ഥാനമായി മാറി ക്കഴിഞ്ഞു. ഇത്തരം പദ്ധതികളുടെ കാര്യത്തിൽ കക്ഷി രാഷ്ട്രീയ ഭിന്നതകൾ കാര്യമാക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് മുഖ്യാതിഥി ആയിരുന്നു. നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഫെനി എബിൻ വെള്ളാനിക്കാരൻ, സി സി ഷിബിൻ, അംബിക പള്ളിപ്പുറത്ത്, ജെയ്സൻ പാറേക്കാടൻ, കൗൺസിലർമാരായ ഒ എസ് അവിനാഷ്, സോണിയ ഗിരി, അഡ്വ കെ ആർ വിജയ , സന്തോഷ് ബോബൻ, അൽഫോൺസ തോമസ്, പി ടി ജോർജ് എന്നിവർ ആശംസകൾ നേർന്നു. മുനിസിപ്പൽ എഞ്ചിനീയർ ആർ സന്തോഷ് റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ്-ചെയർമാൻ ടി വി ചാർലി സ്വാഗതവും സെക്രട്ടറി എം എച്ച് ഷാജിക് നന്ദിയും പറഞ്ഞു.