കുംഭ വിത്ത് മേളയ്ക്ക് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ തുടക്കമായി; ഉൽപ്പാദനം മുതൽ വിപണനം വരെയുള്ള പ്രക്രിയകളിൽ കർഷകരെ സഹായിക്കാൻ തദ്ദേശസ്ഥാപനങ്ങളെ എകോപ്പിച്ച് കൊണ്ടുള്ള സംവിധാനമാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി ഡോ ആർ ബിന്ദു….
ഇരിങ്ങാലക്കുട : നിയോജക മണ്ഡലത്തിൻ്റെ സമഗ്ര കാർഷിക പുരോഗതി ലക്ഷ്യമാക്കിയുള്ള ‘ പച്ചക്കുട – കാർഷിക പാരിസ്ഥിതിക വികസന പരിപാടി ‘ യുടെ നേത്യത്വത്തിൽ പട്ടണത്തിൽ കുംഭവിത്ത് മേളയ്ക്ക് തുടക്കമായി. നാടൻ കിഴങ്ങുവർഗ്ഗവിളകൾ, വിത്തുകൾ, പച്ചക്കറിത്തൈകൾ, ജീവാണു വളങ്ങൾ, ജൈവ- രാസ വളങ്ങൾ, അലങ്കാര സസ്യങ്ങൾ, പൂച്ചെടികൾ, കാർഷികോപകരണങ്ങൾ, കാർഷിക യന്ത്രങ്ങൾ , കുടുംബശ്രീ ഉൽപ്പന്നങ്ങൾ, ചക്ക ഉൽപ്പന്നങ്ങൾ, ഫുഡ് കോർട്ട് എന്നിവയുടെ പ്രദർശനവും വിപണനവുമാണ് ടൗൺ ഹാളിൽ രണ്ട് ദിവസം നീണ്ടു നിൽക്കുന്ന മേളയിൽ ഒരുക്കിയിരിക്കുന്നത്. കാർഷിക സെമിനാറുകളും സംഘടിപ്പിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു കുംഭവിത്തു മേള ഉദ്ഘാടനം ചെയ്തു . ഉൽപ്പാദനം മുതൽ വിപണനം വരെ നീണ്ടു നിൽക്കുന്ന പ്രക്രിയകളിൽ തദ്ദേശസ്ഥാപനങ്ങളെ എകോപിപ്പിച്ച് കൊണ്ട് കർഷകർക്ക് പിന്തുണ നൽകുന്ന സംവിധാനമാണ് പച്ചക്കുട വിഭാവനം ചെയ്തിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. മണ്ഡലത്തിലെ പഞ്ചായത്ത് പരിധികളിൽ വരുന്ന പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ബഡ്ജറ്റുകളിൽ പ്രഖ്യാപിച്ചിട്ടുള്ള ഫണ്ടുകൾ കൃത്യമായി വിനിയോഗിക്കാൻ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ ശ്രദ്ധിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ ജോസ് ജെ ചിറ്റിലപ്പിള്ളി, ബിന്ദു പ്രദീപ്, കുമാരി ടി വി ലത, ജില്ലാ പഞ്ചായത്ത് മെമ്പർ ഷീല അജയഘോഷ് എന്നിവർ ആശംസകൾ നേർന്നു. കൃഷി അസി. ഡയറക്ടർ മിനി എസ് സ്വാഗതവും കൃഷി ഓഫീസർ ആൻസി യു എ നന്ദിയും പറഞ്ഞു.