ഇരിങ്ങാലക്കുടയിൽ സ്ത്രീകൾക്കായി ഇനി ഷീ ലോഡ്ജ് ; നിർമ്മാണം പൂർത്തീകരിച്ചത് നഗരസഭയുടെ പദ്ധതി ഫണ്ടിൽ നിന്നുള്ള മൂന്ന് കോടിയോളം രൂപ ചിലവഴിച്ച് ; പണി തീരാത്ത കെട്ടിടത്തിൻ്റെ ഉദ്ഘാടനമെന്ന വിമർശനവുമായി ബിജെപി..
ഇരിങ്ങാലക്കുട : പട്ടണത്തിൽ സ്ത്രീകൾക്കായി ഇനി ഷീ ലോഡ്ജ്. നഗരസഭ ഓഫീസിനോടും അയ്യങ്കാവ് മൈതാനത്തോടും ചേർന്നിട്ടാണ് രണ്ട് നിലകളിലായിട്ടുള്ള കെട്ടിടത്തിൻ്റെ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്.ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓഫീസുകളുമുള്ള ഇരിങ്ങാലക്കുട നഗരസഭയില്‍ സ്ത്രീകളുടെ സുരക്ഷ മുന്‍നിര്‍ത്തി അവര്‍ക്കുള്ള താമസസൗകര്യം ഒരുക്കുകയാണ് നഗരസഭ. ബഹുവർഷ പദ്ധതിയായി രണ്ട് കോടി 80 ലക്ഷം രൂപ ചിലവഴിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്.
ഷീ ലോഡ്ജ് കെട്ടിടത്തില്‍ രണ്ട് നിലകളിലായി അറ്റാച്ച്ഡ് ബാത്ത്റും സൗകര്യമുള്ള 20 മുറികളാണ് ഒരുക്കിയിട്ടുള്ളത്. ഇതില്‍ 3 കിടക്കകളുള്ള 2 റൂമുകളും, രണ്ട് കിടക്കകളുള്ള 18 റൂമുകളുമാണ് ഉള്ളത്. 1034 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ 320 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള നാല് കടമുറികള്‍ ഒരുക്കിയിട്ടുണ്ട്. അടുക്കള, ഡൈനിംഗ് ഹാള്‍, റീഡിംഗ് റൂം, വെയ്റ്റിംഗ് റൂം, പാര്‍ക്കിംഗ് എന്നി സൗകര്യങ്ങളും ഷീ ലോഡ്ജിന്റെ സവിശേഷതകളാണ്.
ഫെബ്രുവരി 20 ന് രാവിലെ 10.30 ന് നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഷീ ലോഡ്ജിൻ്റെ ഉദ്ഘാടനം നിർവഹിക്കും. നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ അധ്യക്ഷത വഹിക്കും.
അതേ സമയം നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഉള്ളതും പണി പൂർത്തീകരിക്കാത്തതുമായ കെട്ടിടമാണ് ഉദ്ഘാടനം ചെയ്യാൻ പോകുന്നതെന്നും ഇത് സംബന്ധിച്ച് നഗരസഭയിൽ നടന്ന യോഗത്തിൽ യുഡിഎഫ് ഇതര പ്രതിനിധികൾ ചൂണ്ടിക്കാണിച്ചതാണെന്നും നിർമ്മാണം പൂർത്തീകരിക്കാൻ ഇനിയും ആറ് മാസമെടുക്കുമെന്നും ഹൈക്കോടതിയിൽ കേസ് നിലവിലുണ്ടെന്നും ബിജെപി പാർലമെൻ്ററി പാർട്ടി യോഗം കുറ്റപ്പെടുത്തി. യോഗത്തിൽ പാർലമെൻ്ററി പാർട്ടി ലീഡർ സന്തോഷ് ബോബൻ അധ്യക്ഷത വഹിച്ചു.