ഗാന്ധിജിയുടെ ഇരിങ്ങാലക്കുട സന്ദർശനത്തിൻ്റെ നവതി ആഘോഷങ്ങൾക്ക് സമാപനം; മനുഷ്യ സമത്വം എന്ന ആശയമാണ് ഗാന്ധിസത്തിൻ്റെ അടിസ്ഥാന ധാരയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ…
ഇരിങ്ങാലക്കുട : മനുഷ്യസമത്വം എന്ന ആശയമാണ് ഗാന്ധിസത്തിൻ്റെ അടിസ്ഥാനധാരയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ . ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നീഡ്സിൻ്റെ നേത്യത്വത്തിൽ സംഘടിപ്പിച്ച ഗാന്ധിജിയുടെ ഇരിങ്ങാലക്കുട സന്ദർശനത്തിൻ്റെ നവതി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . ഭഗവദ് ഗീതയെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനമാണ് തൊട്ട് കൂടായ്മക്കെതിരെയുള്ള ഗാന്ധിജിയുടെ പോരാട്ടങ്ങൾക്ക് പ്രചോദനമായി മാറിയത്. ഗാന്ധിജിയുടെ കേരളത്തിലേക്കുള്ള അഞ്ച് സന്ദർശനങ്ങളും ദേശീയ സമരത്തിൻ്റെ ഭാഗമായി മാത്രമല്ല, ക്ഷേത്രപ്രവേശനത്തിനും ദളിത് വിഭാഗങ്ങളുടെ ഉന്നമനവും ലക്ഷ്യം വച്ചായിരുന്നു. സനാതന ധർമ്മവും ഡോ രാധാകൃഷ്ണനുമെല്ലാം മനുഷ്യർക്കിടയിൽ നിലനില്ക്കേണ്ട സമത്വത്തെക്കുറിച്ച് തന്നെയാണ് സൂചിപ്പിച്ചിട്ടുള്ളത്. ആരോടും വിദ്വേഷമില്ലാതെ നിലകൊള്ളുക എന്ന പാഠമാണ് ഇന്ത്യൻ സംസ്കാരത്തിൽ നിന്നും നാം ഉൾക്കൊള്ളേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ മുൻ സർക്കാർ ചീഫ് വിപ്പും നീഡ്സ് പ്രസിഡണ്ടുമായ അഡ്വ തോമസ് ഉണ്ണിയാടൻ അധ്യക്ഷത വഹിച്ചു. യുആർഎഫ് റെക്കോർഡ് നേടിയ ശാന്തിനികേതൻ പബ്ലിക് സ്കൂളിനെയും നീഡ്സിൻ്റെ സീനിയർ അസോസിയേറ്റ് മെമ്പർമാരായ ടി വേണുഗോപാൽ മേനോൻ, ഇ പി ജനാർദ്ദനൻ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. നീഡ്സ് ഭാരവാഹികളായ ബോബി ജോസ്, ഗുലാം മുഹമ്മദ്, കെ പി ദേവദാസ് , പ്രൊഫ ആർ ജയറാം, എം എൻ തമ്പാൻ തുടങ്ങിയവർ പങ്കെടുത്തു.