ഇരിങ്ങാലക്കുടയിൽ ഗവർണർക്കെതിരെ കരിങ്കൊടി പ്രതിഷേധം; 27 എസ്എഫ്ഐ പ്രവർത്തകർ പോലീസ് കസ്റ്റഡിയിൽ; ഭയപ്പെടുത്തി തന്നെ കൊണ്ട് ഒന്നും ചെയ്യിക്കാൻ കഴിയില്ലെന്നും സർവകലാശാലകളെ പാർട്ടി കേഡറുകളുടെയും ബന്ധുക്കളുടെയും നേഴ്സറി ആക്കാൻ അനുവദിക്കില്ലെന്നും ഗവർണർ …

ഇരിങ്ങാലക്കുടയിൽ ഗവർണർക്കെതിരെ കരിങ്കൊടി പ്രതിഷേധം; 27 എസ്എഫ്ഐ പ്രവർത്തകർ പോലീസ് കസ്റ്റഡിയിൽ; ഭയപ്പെടുത്തി തന്നെ കൊണ്ട് ഒന്നും ചെയ്യിക്കാൻ കഴിയില്ലെന്നും സർവകലാശാലകളെ പാർട്ടി കേഡറുകളുടെയും ബന്ധുക്കളുടെയും നേഴ്സറി ആക്കാൻ അനുവദിക്കില്ലെന്നും ഗവർണർ …

 

ഇരിങ്ങാലക്കുട : ഭയപ്പെടുത്തിയും സമ്മർദ്ദങ്ങൾ ചെലുത്തിയും തന്നെ കൊണ്ട് ഭരണഘടനാ വിരുദ്ധമായി ഒന്നും ചെയ്യിക്കാൻ കഴിയില്ലെന്ന് സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അഞ്ച് തവണ വധശ്രമം നേരിടുകയും 72 വയസ്സ് പിന്നിടുകയും ചെയ്ത തനിക്ക് ഭരണഘടനയോട് മാത്രമാണ് ബാധ്യതയുള്ളത്. ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നീഡ്സിൻ്റെ പരിപാടിക്ക് എത്തിയപ്പോൾ എസ്എഫ്ഐ ക്കാർ ഉയർത്തിയ പ്രതിഷേധത്തെക്കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഗവർണർ. തനിക്ക് എതിരെ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്ന അതേ മുഖ്യമന്ത്രി തന്നെയാണ് തനിക്ക് സംരക്ഷണം ഒരുക്കാൻ പോലീസിന് നിർദ്ദേശം നൽകുന്നതും . പോലീസുകാർ നേരിടുന്ന യാതന കാണുമ്പോൾ തനിക്ക് ദുഖമുണ്ട്. കേരളത്തിലെ സർവകലാശാലകളെ പാർട്ടി കേഡറുകളുടെയും ബന്ധുക്കളുടെയും നേഴ്സറി ആക്കി മാറ്റാൻ താൻ അനുവദിക്കില്ല. സുപ്രീം കോടതിയാണ് കണ്ണൂർ സർവകലാശാല വി സി നിയമനം റദ്ദാക്കിയത്. ഇദ്ദേഹത്തെ വീണ്ടും നിയമിക്കണമെന്ന ആവശ്യത്തിന് വഴങ്ങാത്തതാണ് സർക്കാർ അനുകൂലികളെ ക്ഷുഭിതരാക്കുന്നതെന്നും ഗവർണർ പറഞ്ഞു.

നാലേകാലോടെ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ എത്തിയ ഗവർണർക്കെതിരെ ആൽത്തറ മുതൽ ടൗൺ ഹാൾ ഗേറ്റ് വരെ അഞ്ചിടങ്ങളിലായിട്ടാണ് എസ്എഫ്ഐ പ്രവർത്തകർ ” ഗവർണർ ഗോ ബാക്ക് ” എന്ന മുദ്രാവാക്യം ഉയർത്തി കരിങ്കൊടി കാണിച്ചത്. പോലീസും സിആർപിഎഫ് പോലീസും ഒരുക്കിയ സുരക്ഷക്കിടയിലാണ് പെൺകുട്ടികൾ ഉൾപ്പെടെയുള്ള എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. ഇവരെ പോലീസ് ഉടൻ തന്നെ കസ്റ്റഡിയിൽ എടുത്തു. 27 പേരാണ് കസ്റ്റഡിയിൽ ഉള്ളത്. എസ്എഫ്ഐ ജില്ലാ സെക്രട്ടറി ജിഷ്ണു സത്യൻ, ജില്ലാ ജോയിൻ്റ് സെക്രട്ടറി വിഷ്ണു പ്രഭാകരൻ, എരിയ സെക്രട്ടറി ദീപക്ക്, എരിയ പ്രസിഡണ്ട് നവ്യ , ജില്ലാ വൈസ്-പ്രസിഡണ്ട് അനസ് ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം.

ഗവർണറുടെ വരവ് കണക്കിലെടുത്ത് നഗരത്തിൽ ഉച്ച മുതൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. തൃശ്ശൂർ റൂറൽ പോലീസ് മേധാവ് നവനീത് ശർമ്മ, സി ഐ മനോജ് കെ ഗോപി എന്നിവരുടെ നേതൃത്വത്തിൽ ഇരുനൂറോളം പോലീസുകാർ സ്ഥലത്തുണ്ടായിരുന്നു.

Please follow and like us: