ഇരിങ്ങാലക്കുട നഗരസഭക്ക് ധനകാര്യ കമ്മീഷൻ ഗ്രാൻ്റ് നഷ്ടപ്പെട്ട സംഭവം; മാനദണ്ഡങ്ങൾ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിലേക്ക് കത്തെഴുതി നഗരസഭ അധികൃതർ ; പകരം ഫണ്ട് കണ്ടെത്തേണ്ട ആശങ്കയിൽ നഗരസഭ…
ഇരിങ്ങാലക്കുട : സംസ്ഥാന ആഭ്യന്തര ഉത്പാദന വളർച്ചക്ക് ആനുപാതികമായി സാമ്പത്തിക വളർച്ചയില്ലെന്നതിൻ്റെ പേരിൽ ഇരിങ്ങാലക്കുട നഗരസഭക്ക് ധനകാര്യ കമ്മീഷൻ ഗ്രാൻ്റ് നിഷേധിച്ച സംഭവത്തെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളില്ലെന്ന് നഗരസഭ അധികൃതർ. ജില്ലയിൽ ഇരിങ്ങാലക്കുട, വടക്കാഞ്ചേരി നഗരസഭകളുമടക്കം സംസ്ഥാനത്തെ 24 നഗരസഭകൾക്കാണ് കേന്ദ്ര സർക്കാർ വിഹിതമായ ധനകാര്യ കമ്മീഷൻ ഗ്രാൻ്റ് നഷ്ടപ്പെട്ടിരിക്കുന്നത്. ഈ മാസം തിരുവനന്തപുരത്ത് നടന്ന ചെയർമാൻമാരുടെയും സെക്രട്ടറിമാരുടെയും യോഗത്തിൽ വാക്കാൽ പറഞ്ഞതല്ലാതെ കൂടുതൽ വിശദീകരണമൊന്നും ലഭിച്ചിട്ടില്ലെന്നും എത്ര തുകയാണ് നഷ്ടമാകുന്നതെന്ന് അറിയില്ലെന്നും നഗരസഭ അധികൃതർ പറയുന്നുണ്ട്. 2023-24 വർഷത്തെ ഒന്നാം ഗഡു നേരത്തെ ലഭിച്ചിരുന്നു. രണ്ടാം ഗഡുവാണ് തടഞ്ഞ് വച്ചിരിക്കുന്നത്. രണ്ട് കോടി രൂപയെങ്കിലും നഷ്ടമാകുമെന്നാണ് വിലയിരുത്തൽ. ഗ്രാൻ്റ് നിഷേധിച്ചത് സംബന്ധിച്ച മാനദണ്ഡങ്ങൾ വ്യക്തമാകേണ്ടതുണ്ടെന്നും നഗരസഭ അധികൃതർ സൂചിപ്പിക്കുന്നുണ്ട്. ഗ്രാൻ്റ് പ്രതീക്ഷിച്ച് നടപ്പിലാക്കിയ പദ്ധതികൾക്ക് പകരം ഫണ്ട് കണ്ടെത്തേണ്ടി വരുമെന്ന സാഹചര്യം ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഭാവിയിലെ വികസന പ്രവർത്തനങ്ങങ്ങളെയും ബാധിക്കുമെന്നും വ്യക്തമായിട്ടുണ്ട്. മാധ്യമ വാർത്തകളുടെ നിജസ്ഥിതി അറിയേണ്ടതുണ്ടെന്നും ഗ്രാൻ്റ് നിഷേധിച്ചതിൻ്റെ മാനദണ്ഡങ്ങൾ അറിയിക്കണമെന്നും ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് ചെയർപേഴ്സൺ കത്ത് നൽകിയിട്ടുണ്ട്. സർക്കാരിലേക്ക് നഗരസഭ സെക്രട്ടറിയുടെ ഭാഗത്ത് നിന്നും അടുത്ത ദിവസം തന്നെ കത്തും നൽകുന്നുണ്ട്.