ചരിത്രം കുറിച്ച് ഇരിങ്ങാലക്കുട സ്വദേശി സലീഷ് ; റെക്കോർഡ് നേട്ടം കൈവരിച്ചത് തുടർച്ചയായി പതിനാല് മണിക്കൂർ സോപാന സംഗീതാലാപനത്തിലൂടെ…
ഇരിങ്ങാലക്കുട : സോപാന സംഗീതാലാപനത്തിൽ ചരിത്രം രചിച്ച് ഇരിങ്ങാലക്കുട സ്വദേശി സലീഷ് നനദുർഗ്ഗ. തുടർച്ചയായി പതിനാല് മണിക്കൂർ സോപാന സംഗീതം ആലപിച്ചാണ് സോപാന കലാകാരൻ ലോക റെക്കോർഡിന് ഉടമയായിരിക്കുന്നത്. ശ്രീകൂടൽമാണിക്യ ക്ഷേത്ര കിഴക്കേ നടയിൽ രാവിലെ അഞ്ച് മണിയോടെയാണ് ആലാപനം ആരംഭിച്ചത്. കൂടൽ മാണിക്യം ക്ഷേത്രം സായാഹ്ന കൂട്ടായ്മയായിരുന്നു സംഘാടകർ.വൈകീട്ട് എഴ് മണിയോടെ ഹൃദ്യമായ സദസ്സിനെ സാക്ഷിയാക്കി ആലാപനം നിറുത്തുമ്പോൾ ഗുരുവായൂർ സ്വദേശി ജ്യോതിദാസിൻ്റെ പേരിലുള്ള 12 മണിക്കൂർ റെക്കോർഡ് പഴങ്കഥയായി മാറിയിരുന്നു.എഷ്യയിലെ റെക്കോർഡുകൾ രേഖപ്പെടുത്തുന്ന കൽക്കത്ത കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന യൂണിവേഴ്സൽ റിക്കോർഡ് ഫോറം എന്ന എജൻസിയുടെ പ്രതിനിധി ഗിന്നസ്സ് സുനിൽ ജോസഫ് സലീഷിൻ്റെ നേട്ടത്തിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു. ആറ് വർഷങ്ങളായി സോപാന സംഗീത രംഗത്തുള്ള ഇരിങ്ങാലക്കുട പെരുവല്ലിപ്പാടം ഗുരുവിലാസം വീട്ടിൽ സലീഷ് വെട്ടിക്കര നനദുർഗ്ഗ ക്ഷേത്രത്തിൽ നിന്നാണ് സോപാന സംഗീതത്തിൻ്റെ ആദ്യ ചുവടുകൾ വച്ചത്. ശബരിമല, ഗുരുവായൂർ, വടക്കുന്നാഥൻ, ശ്രീകൂടൽമാണിക്യം അടക്കം കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിൽ സലീഷ് ഇതിനകം തൻ്റെ സാന്നിധ്യം അടയാളപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്. സമാപന ചടങ്ങ് സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർമാരായ സ്മിത കൃഷ്ണകുമാർ , സന്തോഷ് ബോബൻ, ദേവസ്വം ബോർഡ് മുൻ ചെയർമാൻ പ്രദീപ് മേനോൻ, എസ്എൻഡിപി യൂണിയൻ പ്രസിഡണ്ട് സന്തോഷ് ചെറാക്കുളം, രഘു രാമപ്പണിക്കർ , കലാനിലയം രാഘവൻ, പി കെ ഉണ്ണികൃഷ്ണൻ, കൂടൽമാണിക്യം സായാഹ്ന കൂട്ടായ്മ പ്രതിനിധികളായ അരുൺകുമാർ, സുമേഷ്നായർ എന്നിവർ സംസാരിച്ചു.