കഥകളി ക്ലബിൻ്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി….
ഇരിങ്ങാലക്കുട : ദക്ഷിണ-ഉത്തരഭാരത സംഗീതശൈലികളുടെ സമന്വയത്തോടെ ഇരിങ്ങാലക്കുട കഥകളി ക്ലബ്ബിൻ്റെ ഒരു വർഷം നീണ്ടുനില്ക്കുന്ന സുവർണ്ണജൂബിലിയാഘോഷമായ “സുവർണ്ണ”ത്തിന് തുടക്കമായി.
ഉന്നതവിദ്യാഭ്യാസമന്ത്രിയും, സുവർണ്ണം സംഘാടകസമിതി ചെയർപേഴ്സണുമായ ഡോ ആർ ബിന്ദു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഇരിങ്ങാലക്കുടയുടെ അഭിമാനതാരങ്ങളും അഞ്ച് വ്യത്യസ്തമേഖലകളിൽനിന്നുള്ള വനിതകളുമായ ഇ പദ്മിനി (ശാസ്ത്രം), സി ബി ഷക്കീല (അദ്ധ്യാപനം), ഉഷാനങ്ങ്യാർ (രംഗകല), കെ രേഖ (സാഹിത്യം), പി വി അനഘ (കായികം) എന്നീ പഞ്ചവനിതാരത്നങ്ങൾ ചേർന്ന് സുവർണ്ണദീപം തെളിയിച്ച് ഉദ്‌ഘാടനം നിർവ്വഹിച്ചു.
മുനിസിപ്പൽ ചെയർപേഴ്സണും സംഘാടകസമിതി വൈസ് ചെയർപേഴ്‌സനുമായ സുജ സഞ്ജീവ്കുമാർ മുഖ്യാതിഥി ആയിരുന്നു.
അമ്മന്നൂർ കുട്ടൻ (പരമേശ്വരൻ) ചാക്യാർ അവതരിപ്പിക്കുന്ന എട്ട്ദിവസം നീണ്ടുനില്ക്കുന്ന സുഭദ്രാഹരണം ചാക്യാർക്കൂത്തിലുടെയാണ് സുവർണ്ണത്തിൻ്റെ ആദ്യദിനത്തെ അരങ്ങിന് തുടക്കം കുറിച്ചത്.
തുടർന്ന് രാംപൂർ സഹസ്വാൻ ഖരാനയിലെ പണ്ഡിറ്റ് പ്രസാദ് ഖാപ്പർഡെയും വിദ്വാൻ കെ എസ് വിഷ്ണുദേവും ചേർന്നവതരിപ്പിച്ച ഹിന്ദുസ്ഥാനി-കർണ്ണാട്ടിക് സംഗീതസംഗമം അരങ്ങേറി.