ആളൂർ പോലീസ് സ്റ്റേഷൻ വേളൂക്കരയിലേക്ക് മാറ്റാനുള്ള നീക്കം നിറുത്തി വയ്ക്കണമെന്ന് മുൻ പഞ്ചായത്ത് പ്രസിഡണ്ടും സിപിഎം മുതിർന്ന നേതാവുമായ പോൾ കോക്കാട്ട് ; അനുയോജ്യമായ സ്ഥലം കല്ലേറ്റുംകരയിൽ ലഭ്യമാണെന്നും നവകേരള സദസ്സിൽ പരാതി നൽകിയിട്ടും മറുപടി ലഭിച്ചില്ലെന്നും വിമർശനം….
ഇരിങ്ങാലക്കുട : ആളൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ആളൂർ പോലീസ് സ്റ്റേഷൻ വേളൂക്കരയിലേക്ക് മാറ്റാനുള്ള നടപടികൾ നിറുത്തി വയ്ക്കണമെന്ന് മുൻ പഞ്ചായത്ത് പ്രസിഡണ്ടും സിപിഎം മുതിർന്ന നേതാവുമായ പോൾ കോക്കാട്ട്. ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് അനുവദിച്ച ആളൂർ പോലീസ് സ്റ്റേഷൻ കഴിഞ്ഞ എട്ട് വർഷമായി കല്ലേറ്റുംകര ബാങ്ക് വാടകയ്ക്ക് നൽകിയ കെട്ടിടത്തിൽ പ്രവർത്തിച്ച് വരികയാണ്. റെയിൽവേ സ്റ്റേഷൻ, കേരള ഫീഡ്സ്, മാള പോളിടെക്നിക് കോളേജ്, നിപ്മർ , ദേശസാൽകൃത ബാങ്കുകൾ, പതിനേഴ് വ്യവസായ യൂണിറ്റുകൾ, രണ്ട് ബാറുകൾ, മൂന്ന് ഹയർ സെക്കൻഡറി സ്കൂളുകൾ, നിരവധി ക്ഷേത്രങ്ങൾ, പള്ളികൾ, വലതുകര കനാലിൻ്റെ പത്ത് ബ്രാഞ്ചുകൾ എന്നിവ ഉൾക്കൊള്ളുന്ന ആളൂർ പഞ്ചായത്തിൽ തന്നെയാണ് പോലീസ് സ്റ്റേഷൻ തുടരണ്ടേത്. ഇത് സംബന്ധിച്ച് നവകേരള സദസ്സിൽ പരാതി നൽകിയിരുന്നുവെങ്കിലും മറുപടി ലഭിച്ചില്ല. കല്ലേറ്റുംകരയുടെ ഹൃദയഭാഗത്ത് തന്നെ ന്യായവിലയ്ക്ക് അനുയോജ്യമായ സ്ഥലം ലഭിക്കാനുണ്ടെന്ന വിവരവും പരാതിയിൽ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികരിക്കുന്നതെന്നും മുൻ പഞ്ചായത്ത് പ്രസിഡന്റ് പത്ര സമ്മേളനത്തിൽ അറിയിച്ചു.