ഇരിങ്ങാലക്കുട ജുഡീഷ്യൽ കോംപ്ലക്സ് ; രണ്ടാം ഘട്ടനിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി; കാലഹരണപ്പെട്ട രീതികളും സമ്പ്രദായങ്ങളുമാണ് കോടതികൾ ഇപ്പോഴും പിന്തുടരുന്നതെന്നും രാജ്യത്തിൻ്റെ വൈവിധ്യങ്ങൾ ചോദ്യം ചെയ്യപ്പെടുന്ന കാലത്ത് പക്ഷപാതരഹിതമായി പ്രവർത്തിക്കാൻ കോടതികൾക്ക് കഴിയേണ്ടതുണ്ടെന്നും മന്ത്രി ഡോ ആർ ബിന്ദു….
ഇരിങ്ങാലക്കുട : കാലഹരണപ്പെട്ട രീതി സമ്പ്രദായങ്ങളും ആചാരങ്ങളും ചടങ്ങുകളുമാണ് കോടതികൾ ഇപ്പോഴും പിന്തുടരുന്നതെന്നും നാടിനും കാലത്തിനും ആവശ്യമായ പരിഷ്കാരങ്ങൾ കോടതികളിൽ ഉണ്ടാകേണ്ടതുണ്ടെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. 100 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന ഇരിങ്ങാലക്കുട ജുഡീഷ്യൽ കോംപ്ലക്സിൻ്റെ രണ്ടാം ഘട്ട നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി . കോടതികളുടെ കെട്ടും മട്ടും മാത്രം മാറിയാൽ പോര. രാജ്യത്തിൻ്റെ വൈവിധ്യങ്ങളും സംസ്കൃതിയും തന്നെ ചോദ്യം ചെയ്യപ്പെടുന്ന കാലത്ത് പക്ഷപാതരഹിതമായി പ്രവർത്തിക്കാനും ത്രാണിയുള്ള കേന്ദ്രങ്ങളായി മാറാനും നിസ്വരായ മനുഷ്യർക്ക് നീതി ഉറപ്പാക്കാനും കോടതികൾക്ക് സാധിക്കേണ്ടതുണ്ട്. കോടതികളിലെ ഔദ്യോഗിക ഭാഷ മലയാളമാക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തന്നെ യോഗം വിളിച്ച് ചേർത്തിരുന്നു. വർഷങ്ങളായുള്ള ഈ ആവശ്യം നിറവേറ്റാൻ ഇനിയും കാത്തിക്കേണ്ട അവസ്ഥയാണ്. ഫാസ്റ്റ് ട്രാക്ക് സ്വഭാവത്തോട് കൂടി കേസുകൾ കൈകാര്യം ചെയ്യാൻ കഴിയുന്ന നീതി നിർവഹണ സമ്പ്രദായം ഉണ്ടാകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രിൻസിപ്പൾ ഡിസ്ട്രിക്റ്റ് ആൻ്റ് സെഷൻസ് ജഡ്ജ് പി പി സെയ്തലവി അധ്യക്ഷത വഹിച്ചു. എംഎൽഎ മാരായ കെ കെ രാമചന്ദ്രൻ, ഇ ടി ടൈസൻ മാസ്റ്റർ,നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ എസ് തമ്പി, ടി വി ലത, കെ ആർ ജോജോ ,ലത സഹദേവൻ , കൗൺസിലർ അഡ്വ ജിഷ ജോബി, ഗവ . പ്ലീഡർ അഡ്വ ജോജി ജോർജ്ജ്, കെഎൽസിഎ സംസ്ഥാന ട്രഷറർ കെ സി ഷാജു എന്നിവർ ആശംസകൾ നേർന്നു ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ പി ജെ ജോബി സ്വാഗതവും സെക്രട്ടറി അഡ്വ വി എസ് ലിയോ നന്ദിയും പറഞ്ഞു.