ടൗൺ ഹാൾ ഷോപ്പിംഗ് കോംപ്ലക്സും ആധുനിക അറവുശാലയുമടക്കം ബൃഹദ് പദ്ധതികൾ അവതരിപ്പിച്ച് ഇരിങ്ങാലക്കുട നഗരസഭയുടെ 2024-25 വർഷത്തെ ബഡ്ജറ്റ്; വാർഷിക ബഡ്ജറ്റ് വിഹിതം കുറയ്ക്കുന്ന സർക്കാർ നടപടി പദ്ധതി പ്രവർത്തനങ്ങളെ ബാധിക്കുന്നതായി വിമർശനം ..

ടൗൺ ഹാൾ ഷോപ്പിംഗ് കോംപ്ലക്സും ആധുനിക അറവുശാലയുമടക്കം ബൃഹദ് പദ്ധതികൾ അവതരിപ്പിച്ച് ഇരിങ്ങാലക്കുട നഗരസഭയുടെ 2024-25 വർഷത്തെ ബഡ്ജറ്റ്; വാർഷിക ബഡ്ജറ്റ് വിഹിതം കുറയ്ക്കുന്ന സർക്കാർ നടപടി പദ്ധതി പ്രവർത്തനങ്ങളെ ബാധിക്കുന്നതായി വിമർശനം ..

 

ഇരിങ്ങാലക്കുട : സംസ്ഥാന സർക്കാറിന് വിമർശനവുമായി ഇരിങ്ങാലക്കുട നഗരസഭയുടെ 2024-25 വർഷത്തെ ബഡ്ജറ്റ്.വാർഷിക ബഡ്ജറ്റ് വിഹിതം കുറയുന്നത് പദ്ധതി പ്രവർത്തനങ്ങളെ ബാധിക്കുന്നതായും പദ്ധതി നിർവഹണത്തിൽ ഉണ്ടാകുന്ന പരിഷ്കാരങ്ങൾ പദ്ധതി നടത്തിപ്പിനെ പ്രതിസന്ധിയിലാക്കുകയാണെന്നും സ്പിൽ ഓവറാകുന്ന പദ്ധതികളുടെ പദ്ധതി വിഹിതം ഒഴിവാക്കുന്നത് മൂലം പല പദ്ധതികളും പൂർത്തീകരിക്കാൻ കഴിയുന്നില്ലെന്ന വിമർശനമാണ് ബഡ്ജറ്റ് ഉയർത്തിയിരിക്കുന്നത്.

131,27, 17836 രൂപ വരവും 1,28,3447,500 രൂപ ചിലവും 2 ,92,69,836 രൂപ ചിലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് വൈസ് ചെയർമാനും ധനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായ ടി വി ചാർലി അവതരിപ്പിച്ചത്. ആധുനിക സൗകര്യങ്ങളോടെയുള്ള ടൗൺ ഹാൾ കോംപ്ലക്സിന് 15 കോടിയും ആധുനിക അറവുശാല നിർമ്മാണത്തിന് 18, 64, 00,000 രൂപയും പാർക്കിംഗ് സൗകര്യം വർധിപ്പിക്കുന്നതിന് മൾട്ടിലെവൽ പാർക്കിംഗിന് 10 കോടി രൂപയും പ്രൈവറ്റ് ബസ് സ്റ്റാൻഡ് യാർഡ് നവീകരണത്തിന് 5 കോടിയും ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്. കാർഷിക മേഖലക്ക് 1 കോടി 60 ലക്ഷവും മൃഗസംരക്ഷണത്തിന് 1 കോടി 10 ലക്ഷവും വനിതാ ഘടക പദ്ധതികൾക്കായി ഒരു കോടി രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്.

ആരോഗ്യ മേഖലയിൽ ആറ് കോടി രൂപയുടെ പ്രവർത്തനങ്ങളാണ് ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. അലോപ്പതി, ആയുർവേദം, ഹോമിയോ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് എറെ പ്രാധാന്യമാണ് നഗരസഭ നൽകുന്നതെന്നും ബഡ്ജറ്റ് പ്രസംഗത്തിൽ എടുത്ത് പറയുന്നുണ്ട്. ശുചിത്വ മാലിന്യ സംസ്കരണത്തിന് മൂന്ന് കോടിയും വിദ്യാഭ്യാസ കലാ സാംസ്കാരിക പ്രവർത്തനങ്ങൾക്കായി രണ്ട് കോടിയും പൊതുമരാമത്ത് മേഖലക്ക് പത്ത് കോടി രൂപയും ബഡ്ജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

1973 ൽ ആരംഭിച്ച ശുദ്ധജല വിതരണ പദ്ധതിയുടെ പരിമിതികൾ മറി കടക്കാൻ ശ്രമങ്ങൾ ആരംഭിച്ചതായും അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള 15 കോടി രൂപ പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചതായും തൻ്റെ അഞ്ചാമത്തെ ബഡ്ജറ്റ് അവതരണത്തിൽ വൈസ്-ചെയർമാൻ ടി വി ചാർലി ചൂണ്ടിക്കാണിക്കുന്നുണ്ട്. പട്ടികജാതി വികസനത്തിനും തൊഴിലുറപ്പ് പദ്ധതിക്കും മൂന്ന് കോടി വീതവും അംഗൻവാടി പോഷകാഹാരത്തിന് 75 ലക്ഷവും അതി ദാരിദ്യ ആശ്രയ പദ്ധതിക്ക് 15 ലക്ഷവും ഭിന്നശേഷി വിഭാഗങ്ങൾക്കായി 75 ലക്ഷവും വയോജന ക്ഷേമ പദ്ധതികൾക്കായി 50 ലക്ഷം രൂപയും സാന്ത്വന പരിചരണപ്രവർത്തനങ്ങൾക്കായി 30 ലക്ഷവും ലൈഫ് ഭവന നിർമ്മാണ പദ്ധതിക്കായി 115 ലക്ഷവും വകയിരുത്തിയിട്ടുണ്ട്. എംപി, എംഎൽഎ എന്നിവരുടെ പ്രാദേശിക വികസന ഫണ്ടുകളിൽ നിന്നും അഞ്ച് കോടി രൂപയാണ് പ്രതീക്ഷിക്കുന്നത് .

യോഗത്തിൽ ചെയർ പേഴ്സൺ സുജ സഞ്ജീവ് കുമാർ അധ്യക്ഷത വഹിച്ചു. ബഡ്ജറ്റ് ചർച്ച നാളെ 11 ന് നടക്കും.

Please follow and like us: