തൊഴിലുറപ്പ് പദ്ധതിക്ക് 9.5 കോടിയും ഭവനനിർമ്മാണത്തിന് 69 ലക്ഷവും വനിതാ ഗ്രൂപ്പുകൾക്ക് സ്വയം തൊഴിൽ പദ്ധതികൾക്കായി 26 ലക്ഷവും വകയിരുത്തി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിൻ്റെ 2024-25 വർഷത്തെ ബജറ്റ് …
ഇരിങ്ങാലക്കുട :മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് 9.5 കോടി രൂപയും ലൈഫ് മിഷൻ പദ്ധതിയിൽ ഭവനനിർമ്മാണത്തിന് 69.26 ലക്ഷവും വനിതാ ഗ്രൂപ്പുകൾക്ക് സ്വയം തൊഴിൽ പദ്ധതികൾ ആരംഭിക്കുന്നതിന് 26.25 ലക്ഷം രൂപയും കാട്ടൂർ, കാറളം, മുരിയാട് പഞ്ചായത്ത് പ്രദേശങ്ങളിൽ വാട്ടർ എടിഎം സ്ഥാപിക്കുന്നതിന് 19.77 ലക്ഷം രൂപയും വകയിരുത്തി കൊണ്ട് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിൻ്റെ 2024-25 സാമ്പത്തിക വർഷത്തെ ബജറ്റ്. 15, 46, 56, 974 രൂപ വരവും 14,99, 22, 600 രൂപ ചിലവും 47 , 34, 374 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ബ്ലോക്ക് പഞ്ചായത്ത് വൈസ്-പ്രസിഡണ്ടും ധനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായ രമേഷ് കെ എസ് അവതരിപ്പിച്ചത്. ഉൽപ്പാദന മേഖലയിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നെൽകൃഷി കൂലിച്ചെലവിന് സബ്സിഡിയായി ഒമ്പത് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. പാലിന് സബ്സിഡിക്കായും ഒമ്പത് ലക്ഷം ഉൾക്കൊള്ളിച്ചിട്ടുണ്ട്. സേവന മേഖലയിൽ ഭിന്നശേഷിക്കാരായ 300 കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകുന്നതിന് 16 ലക്ഷവും അങ്കണവാടി അനുപൂരക പോഷാകാഹാര പദ്ധതിക്ക് ഒമ്പത് ലക്ഷവും കാട്ടൂരിൽ ഓപ്പൺ ജിം ആരംഭിക്കുന്നതിന് അഞ്ച് ലക്ഷവും പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനമുറിക്കായി 40 ലക്ഷവും ശുചിത്വ മേഖലയിൽ കാറളം ഹാൾ ടോയ്ലറ്റ് നിർമ്മാണത്തിന് 9.78 ലക്ഷം രൂപയും പാലിയേറ്റീവ് പരിചരണപ്രവർത്തനങ്ങൾക്ക് 12, 64, 930 രൂപയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. പശ്ചാത്തല മേഖലയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കായി 68.03 ലക്ഷം രൂപയാണ് ചിലവഴിക്കുക. മെയിൻ്റനൻസ് ഗ്രാൻ്റ് ഉപയോഗിച്ച് ആനന്ദപുരം, കാട്ടൂർ പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ ചുറ്റുമതിൽ നിർമ്മിക്കുമെന്നും ബജറ്റ് പ്രസംഗം സൂചിപ്പിക്കുന്നുണ്ട്. എംഎൽഎ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് 20 ലക്ഷം രൂപയുടെ പ്രവ്യത്തികളും എംപി ഫണ്ട് ഉപയോഗിച്ച് 10 ലക്ഷം രൂപയുടെ പ്രവൃത്തികളും പ്രകൃതിക്ഷോഭ ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് 30 ലക്ഷം രൂപയുടെ പ്രവ്യത്തികളും നടപ്പാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ബ്ലോക്ക് കോൺഫ്രറൻസ് ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡണ്ട് ലളിത ബാലൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ ബജറ്റ് പ്രകാശനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ടുമാരായ ഇ കെ അനൂപ് , ജോസ് ജെ ചിറ്റിലപ്പിള്ളി, ബിന്ദു പ്രദീപ് , ലത സഹദേവൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സുനിത മനോജ്, കാർത്തിക ജയൻ, പി ടി കിഷോർ, മറ്റ് അംഗങ്ങൾ, ഉദ്യോഗസ്ഥർ ,
തുടങ്ങിയവർ പങ്കെടുത്തു.