പ്രതിപക്ഷ അംഗങ്ങളുടെ വിമർശനം; 15 കോടി രൂപയുടെ ടൗൺ ഹാൾ ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണവുമായി ബന്ധപ്പെട്ട അജണ്ട ഇരിങ്ങാലക്കുട നഗരസഭായോഗം മാറ്റി വച്ചു..
ഇരിങ്ങാലക്കുട : പ്രതിപക്ഷ വിമർശനങ്ങളെ തുടർന്ന് ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ ടൗൺ ഹാൾ കോംപ്ലക്സ് നിർമ്മാണവുമായി ബന്ധപ്പെട്ട അജണ്ട മാറ്റി വച്ചു. അർബൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് ഫണ്ടിൽ നിന്നും 15 കോടി രൂപ വായ്പ എടുത്ത് നിലവിലെ കോംപ്ലക്സ് പൊളിച്ച് നിർമ്മിക്കുന്ന അത്യാധുനിക ഷോപ്പിംഗ് കോംപ്ലക്സിൻ്റെ ഡിപിആർ തൊടുപുഴ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന എർത്ത് സ്കേപിന് നൽകാനും ഇവരുടെ നിരക്ക് അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട അജണ്ടയാണ് മാറ്റി വച്ചത്. ചെയർപേഴ്സൻ്റെ അധ്യക്ഷതയിൽ ചേർന്ന സ്റ്റീയറിംഗ് കമ്മിറ്റി തീരുമാനമായിട്ടാണ് അജണ്ട കൗൺസിൽ മുമ്പാകെ എത്തിയത്. എന്നാൽ പ്രധാനപ്പെട്ട പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ കൗൺസിൽ അറിയണമെന്നും സുതാര്യല്ലാത്ത ശൈലി അംഗീകരിക്കാൻ കഴിയില്ലെന്നും അശാസ്ത്രീയമായ രീതിയിലാണ് നഗരസഭയിൽ നിലവിലെ കെട്ടിടങ്ങൾ നിർമ്മിച്ചിട്ടുള്ളതെന്നും പ്രതിപക്ഷ അംഗങ്ങളായ അഡ്വ കെ ആർ വിജയ , സി സി ഷിബിൻ , സന്തോഷ് ബോബൻ, അൽഫോൺസ തോമസ് എന്നിവർ വിമർശിച്ചു. ഇതേ തുടർന്ന് അജണ്ട മാറ്റി വയ്ക്കാൻ യോഗം തീരുമാനിച്ചു. അടുത്ത ദിവസം തന്നെ അംഗങ്ങൾക്ക് മുമ്പാകെ ഡിപിആർ വിവരങ്ങൾ അവതരിപ്പിക്കാനും യോഗം തീരുമാനിച്ചു.
കോന്തിപുലം പാലത്തിൽ ഇലക്ട്രിക് പോസ്റ്റുകൾ സ്ഥാപിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന 6, 7 വാർഡ് കൗൺസിലർമാരുടെ അപേക്ഷയും യോഗം അംഗീകരിച്ചു. കോന്തിപുലം പാലത്തിൽ എൽഇഡി ലൈറ്റുകൾ സ്ഥാപിച്ച സ്വകാര്യ സ്ഥാപനത്തെ തടയുകയും മൂന്ന് മാസത്തോളം പാലവും പരിസരവും ഇരുട്ടിൽ ആക്കുകയുമാണ് നഗരസഭ ഭരണസമിതി ചെയ്തതെന്നും നഗരസഭയോട് കൂട്ടിചേർത്ത പ്രദേശത്ത് കഴിഞ്ഞ 13 വർഷങ്ങളായി ലൈറ്റിടാൻ തയ്യാറാകാതിരുന്നവരാണ് ഇപ്പോൾ ധ്യതി കാണിക്കുന്നതെന്നും എൽഡിഎഫ് അംഗങ്ങളായ സി സി ഷിബിൻ, അംബിക പള്ളിപ്പുറത്ത് എന്നിവർ കുറ്റപ്പെടുത്തി. ബിഒറ്റി വ്യവസ്ഥയിൽ ടെണ്ടർ വിളിച്ചെങ്കിലും നിരക്ക് കൂടുതലാണെ പേരിൽ ആരും എത്തിയില്ലെന്നും രണ്ടാമതും ടെണ്ടർ വിളിച്ചിട്ടുണ്ടെന്നും ചെയർപേഴ്സൺ വിശദീകരിച്ചു.
2023-24 വാർഷിക ഭേദഗതി നിർദ്ദേശങ്ങളും യോഗം അംഗീകരിച്ചു. യോഗത്തിൽ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ അധ്യക്ഷത വഹിച്ചു.