ഒരു ദിവസം കൊണ്ട് ഒരു കോടി രൂപ സമാഹരിച്ച് തുമ്പൂർ സഹകരണബാങ്ക് നിക്ഷേപസമാഹരണ പരിപാടികൾക്ക് തുടക്കമിടുന്നു; ബാങ്ക് ലാഭത്തിലായെന്നും ബാങ്കിൻ്റെ ചരിത്രത്തിൽ ആദ്യമായി വസ്തു ലേല നടപടികൾ ആരംഭിക്കുകയാണെന്നും ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി….
ഇരിങ്ങാലക്കുട : ഒരു ദിവസം കൊണ്ട് ഒരു കോടി രൂപ സമാഹരിച്ച് കൊണ്ട് തുമ്പൂർ സർവീസ് സഹകരണ ബാങ്ക് നിക്ഷേപ സമാഹരണ യജ്ഞത്തിന് തുടക്കമിടുന്നു. ഫെബ്രുവരി 3 ന് രണ്ട് മണിക്ക് നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു പരിപാടി ഉദ്ഘാടനം ചെയ്യുമെന്ന് ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ ടി എസ് സജീവൻമാസ്റ്റർ പത്രസമ്മേളനത്തിൽ അറിയിച്ചു. സഹകരണ വകുപ്പ് തയ്യാറാക്കിയ ബാലൻസ് ഷീറ്റ് അനുസരിച്ച് തുമ്പൂർ സർവീസ് ബാങ്ക് ഈ സാമ്പത്തിക വർഷം ഡിസംബർ 31 വരെയുള്ള കാലയളവിൽ 22 ലക്ഷത്തി നാൽപ്പത്തിഅയ്യായിരം രൂപയുടെ ലാഭത്തിലാണ്. 85 വർഷത്തെ ബാങ്കിൻ്റെ ചരിത്രത്തിൽ ആദ്യമായി വസ്തു ലേല നടപടികൾ ആരംഭിക്കുകയാണ്. നടപടികൾ ആരംഭിച്ചപ്പോൾ മുതൽ പലരും വായ്പകൾ തിരിച്ചടയ്ക്കാൻ ആരംഭിച്ചതും ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ 20 വർഷം പഴക്കമുള്ള ചില വായ്പകൾ പോലും അടച്ചവസാനിപ്പിച്ചതും കുടിശ്ശിക കുറയ്ക്കുന്നതിന് കാരണമായി. 2023-24 സാമ്പത്തിക വർഷം ഒന്നേകാൽ കോടി രൂപയെങ്കിലും ലാഭത്തിൽ ബാങ്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി ബാങ്കിൽ 5 പേരടങ്ങുന്ന 500 ജോയിൻ്റ് ലയബിലിറ്റി ഗ്രൂപ്പുകൾ രജിസ്റ്റർ ചെയ്യാനും തുടർന്ന് ഏപ്രിൽ മാസം മുതൽ കാർഷിക മേഖലയിൽ ഇടപെടൽ നടത്തുന്നതിന് ഇവർക്ക് 3 ലക്ഷം രൂപ വീതം 4% പലിശയ്ക്ക് വായ്പ നൽകുവാൻ തീരുമാനിച്ചിട്ടുണ്ട്. കർഷകർക്ക് 3% പലിശയിൽ സ്വർണ പണ്ടം വായ്പ നൽകുന്ന പദ്ധതി ഫെബ്രുവരിയിൽ ആരംഭിക്കും. പ്രദേശവാസികളുടെ ആരോഗ്യസംരക്ഷണത്തിനായി യോഗ, നീന്തൽ പരിശീലന പദ്ധതികളും ഫെബ്രുവരിയിൽ ആരംഭിക്കും. ഔഷധ സസ്യകൃഷി ആരംഭിക്കുന്നതിനും, സർക്കാർ സബ്സിഡിയിൽ കാർഷിക ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനും ബാങ്കിൽ അപേക്ഷകൾ സ്വീകരിച്ചു വരികയാണ്. പുതിയ എം.ഡി.എസുകൾ, പ്രൊഫഷണൽ വിദ്യാഭ്യാസ സമ്പാദ്യപദ്ധതി , മംഗല്യ നിക്ഷേപപദ്ധതി, വിനോദയാത്ര സമ്പാദ്യപദ്ധതി ,കുട്ടികൾക്കായി സഞ്ചിത നിക്ഷേപ പദ്ധതി എന്നിവ ബാങ്കിൽ ഫെബ്രുവരി മാർച്ച് മാസങ്ങളിലായി ആരംഭിക്കുമെന്നും കൺവീനർ അറിയിച്ചു. ബാങ്ക് സെക്രട്ടറി എ എസ് മനോജ്, കമ്മറ്റി അംഗം ജിജോ പെരേപ്പാടൻ ,കർഷക സഹായ സമിതി ചെയർമാൻ പ്രൊഫ.വർഗീസ് കോങ്കോത്ത് എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.