ജനാധിപത്യ പ്രക്രിയയിൽ യുവ വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പാക്കാനുള്ള പ്രചരണ പരിപാടികളും ദേശീയ സമ്മതിദായക ദിനാചരണവുമായി മുകുന്ദപുരം താലൂക്കിലെ തിരഞ്ഞെടുപ്പ് വിഭാഗം; വോട്ടവകാശത്തിൻ്റെ മൂല്യവും ശക്തിയും തിരിച്ചറിയേണ്ടതുണ്ടെന്ന് നടി അഞ്ജലി രാജ്…
ഇരിങ്ങാലക്കുട : ജനാധിപത്യ പ്രക്രിയയിലേക്ക് യുവ വോട്ടർമാരുടെയും പങ്കാളിത്തം ഉറപ്പാക്കാനുള്ള നടപടികളുമായി ഇലക്ഷൻ കമ്മീഷൻ. ഇതിൻ്റെ ഭാഗമായി 2011 മുതൽ ആചരിച്ച് വരുന്ന ദേശീയ സമ്മതിദായക ദിനം മുകുന്ദപുരം താലൂക്കിൽ തിരഞ്ഞെടുപ്പ് വിഭാഗത്തിൻ്റെ നേത്യത്വത്തിൽ ആചരിച്ചു. വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ താരവും തൃശ്ശൂർ സ്വദേശിനിയുമായ അഞ്ജലി രാജ് ആയിരുന്നു മുഖ്യാതിഥി. വോട്ട് ചെയ്യാനുള്ള അവസരം പാഴാക്കരുതെന്നും ഇതിൻ്റെ മൂല്യവും വോട്ടർമാർ എടുക്കുന്ന തീരുമാനങ്ങളുടെ ശക്തിയും തിരിച്ചറിയേണ്ടതുണ്ടെന്നും അഞ്ജലി രാജ് ചൂണ്ടിക്കാട്ടി. താലൂക്ക് കോൺഫ്രറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ആർഡിഒ എം കെ ഷാജി അധ്യക്ഷത വഹിച്ചു.വോട്ടേഴ്സ് ഡേ പ്രതിജ്ഞ തഹസിൽദാർ കെ ശാന്തകുമാരി എല്ലാവർക്കും ചൊല്ലിക്കൊടുത്തു. പുതുവോട്ടർമാർക്കുള്ള ഐഡി കാർഡുകളും ക്വിസ് മത്സരത്തിലെ വിജയികൾക്ക് ഉള്ള സമ്മാനദാനവും അഞ്ജലി രാജ് നിർവഹിച്ചു.ഇലക്ഷൻ ഡെപ്യൂട്ടി തഹസിൽദാർ മനോജ് നായർ, ഡെപ്യൂട്ടി തഹസിൽദാർ അഞ്ജന വർമ്മ, റവന്യൂ ഇൻസ്പെക്ടർ പ്രസീത ജി എന്നിവർ സംസാരിച്ചു.