ഓട്ടോ പെർമിറ്റുകളും ബസ് സ്റ്റാൻഡ് പരിസരത്തെ ഓട്ടോ പാർക്കിംഗും നിയന്ത്രിക്കാനുള്ള ഇരിങ്ങാലക്കുട നഗരസഭതല ട്രാഫിക്ക് ക്രമീകരണ സമിതി യോഗ തീരുമാനത്തിൽ വിമർശനവുമായി നഗരസഭാ യോഗത്തിൽ പ്രതിപക്ഷം; പ്രധാന വീഥിയിൽ രണ്ട് വരി ഗതാഗതം അനുവദിക്കാൻ കഴിയില്ലെന്നും നഗരത്തിൽ ആയിരത്തിലധികം ഓട്ടോകളാണ് ലൈൻസൻസ് ഇല്ലാതെ ഓടുന്നതെന്നും തീരുമാനം അന്തിമമല്ലെന്നും ഭരണ നേത്യത്വം….
ഇരിങ്ങാലക്കുട : ഓട്ടോറിക്ഷകൾക്ക് പുതിയ പെർമിറ്റ് നൽകേണ്ടെന്നും ബസ് സ്റ്റാൻഡിലെ ഓട്ടോകളുടെ രണ്ട് വരി പാർക്കിംഗ് ഒറ്റവരിയായി മാറ്റാനുമുള്ള നഗരസഭ തല ട്രാഫിക്ക് ക്രമീകരണസമിതിയുടെ യോഗ തീരുമാനത്തെ ചൊല്ലി നഗരസഭാ യോഗത്തിൽ പ്രതിപക്ഷ അംഗങ്ങളുടെ വിമർശനം. നിശ്ചിത അജണ്ടകൾക്ക് മുമ്പും അജണ്ടകൾക്ക് ശേഷവും ബിജെപി അംഗം ടി കെ ഷാജുവാണ് വിഷയം അവതരിപ്പിച്ചത്. ഇത്തരം തീരുമാനങ്ങൾ കൗൺസിൽ അറിയണമെന്നും ഓട്ടോ യൂണിയൻ നേതാക്കളുമായി ചർച്ച ചെയ്യണമെന്നും ബസ് സ്റ്റാൻഡ് പരിസരത്ത് ഉള്ള ഓട്ടോ പേട്ടകളിലായി 320 ഓട്ടോകൾ സർവീസ് നടത്തുന്നുണ്ടെന്നും എങ്ങനെ ഒറ്റവരിയാക്കുമെന്നും ടി കെ ഷാജു ചോദിച്ചു. ഒറ്റ വരി പ്രായോഗികമാകില്ലെന്ന് എൽഡിഎഫ് അംഗം അഡ്വ കെ ആർ വിജയയും പറഞ്ഞു. ട്രാഫിക്ക് വികസന സമിതി തീരുമാനങ്ങൾ നടപ്പാക്കാറില്ലെന്നും തീരുമാനങ്ങൾ എടുക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് സാധാരണക്കാരുടെ വികാരം അറിയില്ലെന്നും ഓട്ടോ വിളിക്കാൻ തന്നെ പലപ്പോഴും ആളില്ലാത്ത സാഹചര്യമാണെന്നും പരിഷ്ക്കാരങ്ങൾ പ്രയോഗികമല്ലെന്നും ബിജെപി അംഗം സന്തോഷ് ബോബനും പറഞ്ഞു. സമിതിയിൽ പാർലമെൻ്ററി പാർട്ടി നേതാക്കളെ പങ്കെടുപ്പിക്കേണ്ടതായിരുന്നുവെന്ന് യുഡിഎഫ് അംഗം പി ടി ജോർജ്ജും പറഞ്ഞു. പോലീസ് വകുപ്പിൽ നിന്നുള്ള മാനദണ്ഡങ്ങൾ അനുസരിച്ചാണ് സമിതി ചേരുന്നതെന്നും സെക്രട്ടറി പോലും അംഗമല്ലെന്നും തീരുമാനങ്ങൾ അജണ്ടയായി കൊണ്ട് വരാമെന്നും സെക്രട്ടറി വിശദീകരിച്ചു. സമിതി ചേരണമെന്ന് ഓട്ടോ, ബസ്സ് പ്രതിനിധികളും വ്യാപാരികളും ആവശ്യപ്പെട്ടിരുന്നുവെന്നും കഴിഞ്ഞ ഏതാനും മാസങ്ങളായി ചർച്ച നടത്തി വരികയായിരുന്നുവെന്നും ബസ് സ്റ്റാൻഡ് മുതൽ കുട്ടംകുളം വരെയുള്ള റോഡിൽ രണ്ട് വരി പാർക്കിംഗ് അനുവദിക്കാൻ കഴിയില്ലെന്നും ലൈസൻസ് ഇല്ലാതെ ആയിരത്തിൽ അധികം ഓട്ടോകളാണ് പട്ടണത്തിൽ ഓടുന്നതെന്നും തീരുമാനങ്ങൾ അന്തിമമല്ലെന്നും ചർച്ച നടത്താമെന്നും എകപക്ഷീയമായി തീരുമാനങ്ങൾ എടുത്തതല്ലെന്നും ചെയർപേഴ്സൺ വിശദീകരിച്ചു.
പിഎംഎവൈ ലൈഫ് പദ്ധതി പൂർത്തീകരണത്തിനായി ഹഡ്കോയിൽ നിന്നും 2 കോടി 5 ലക്ഷം രൂപയുടെ പലിശ രഹിത ലോണിന് അപേക്ഷിച്ചിട്ടുണ്ടെന്നും എത്രയും വേഗം അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നിലവിലെ പദ്ധതിയിൽ നിന്നും 1 കോടി 60 ലക്ഷം രൂപ ചിലവാക്കിക്കഴിഞ്ഞതായും ഇത് സംബന്ധിച്ച എൽഡിഎഫ് അംഗം സി സി ഷിബിൻ്റെ ചോദ്യത്തിന് മറുപടിയായി ഹെൽത്ത് സൂപ്രവൈസർ കെ ജി അനിൽ അറിയിച്ചു.
തളിയക്കോണം സ്റ്റേഡിയ നിർമ്മാണത്തിൻ്റെ ഭാഗമായി മൈതാനത്ത് ഇളക്കിയിട്ടിരിക്കുന്ന മണ്ണ് എടുത്ത് കൊണ്ട് പോകാൻ അനുവദിക്കില്ലെന്നും സ്റ്റേജ് പൊളിച്ച് മാറ്റുന്നതിൻ്റെ ഭാഗമായി തറനിരപ്പ് വരെ മാത്രമേ ഭൂമി താഴ്ത്താൻ പാടുള്ളൂവെന്നും എൽഡിഎഫ് അംഗം ടി കെ ജയാനന്ദൻ ആവശ്യപ്പെട്ടു.
പൊറത്തിശ്ശേരി സോണൽ ഓഫീസ് പരിസരം സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായി മാറിയിരിക്കുകയാണെന്നും സോണൽ ഓഫീസിന് ഒരു ഗേറ്റ് പോലുമില്ലെന്നും സിസി ക്യാമറകൾ സ്ഥാപിക്കണമെന്നും വാർഡ് മെമ്പർ രാജി കൃഷ്ണകുമാർ ആവശ്യപ്പെട്ടു. അടുത്ത പദ്ധതിയിൽ ഇതിനായി ഫണ്ട് വകയിരുത്താമെന്ന് ചെയർപേഴ്സൺ
അറിയിച്ചു.
യോഗത്തിൽ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ അധ്യക്ഷത വഹിച്ചു.