ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ച കേസിൽ നാട്ടിക സ്വദേശിയായ പ്രതിക്ക് 25 വർഷം കഠിനതടവ്..
ഇരിങ്ങാലക്കുട: ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ച കേസ്സിൽ പ്രതിയായ നാട്ടിക സ്വദേശി ഉണ്ണിയാരംപുരക്കൽ വീട്ടിൽ ബിജു എന്ന നാൽപ്പത്തൊന്നുകാരനെ 25 വർഷം കഠിനതടവിനും 2,50,000/- (രണ്ടര ലക്ഷം) രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് രവിചന്ദർ സി. ആർ. വിധി പ്രസ്താവിച്ചു.
2016 ജൂലൈ 8 ന് തീയതി വൈകീട്ട് 3.30 മണിക്ക് യുവതി വീട്ടിൽ തനിച്ചായിരുന്ന സമയം അടുക്കളവാതിൽ വഴി പ്രവേശിച്ച പ്രതി ബധിരയും മൂകയുമായ യുവതിയെ ബലാൽസംഗം ചെയ്ത് ലൈംഗീകപീഢനം നടത്തിയെന്നാരോപിച്ച് വലപ്പാട് പോലീസ് ചാർജ്ജ് ചെയ്ത കേസ്സിലാണ് കോടതി വിധി പ്രഖ്യാപിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 26 സാക്ഷികളെയും 25 രേഖകളും 9 തൊണ്ടിമുതലുകളും ഹാജരാക്കിയിരുന്നു. വലപ്പാട് സി. ഐ.മാരായിരുന്ന രതീഷ്കുമാർ, സി.ആർ സന്തോഷ് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിജു വാഴക്കാല, അഡ്വ. കെ. എൻ. സിനിമോൾ എന്നിവർ ഹാജരായി. സീനിയർ സിവിൽ പോലീസ് ഓഫീസർ ടി. ആർ. രജിനി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. അതിജീവിത ബധിരയും മൂകയുമായതിനാൽ പരിഭാഷകയുടെ സഹായത്തോടെയാണ് കോടതിയിൽ തെളിവുകൾ നൽകിയത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിൻ്റെ വിവിധ വകുപ്പുകൾ പ്രകാരം 25 വർഷം കഠിന തടവും 2,50,000/- രൂപ പിഴയും പിഴയൊടുക്കാതിരുന്നാൽ 15 മാസം വെറും തടവിനുമാണ് ശിക്ഷിച്ചത്. പ്രതിയെ തൃശ്ശൂർ ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്തു.പിഴ സംഖ്യ ഈടാക്കിയാൽ ആയത് അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നൽകാനും ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്.