ഠാണ – ചന്തക്കുന്ന് പദ്ധതി; ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി
സിവിൽ സ്റ്റേഷനിൽ പ്രത്യേക ഓഫീസ് പ്രവർത്തനം തുടങ്ങി; പദ്ധതി അന്തിമ ഘട്ടത്തിലെന്ന് മന്ത്രി ഡോ ആർ ബിന്ദു….
ഇരിങ്ങാലക്കുട :ഠാണ – ചന്തക്കുന്ന് വികസനത്തിന്റെ ഭാഗമായി ഭൂമി വിട്ടു നൽകുന്നവർക്ക് നഷ്ടപരിഹാരത്തുക ലഭ്യമാക്കുന്നതിനായി ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷനിൽ പ്രത്യേക ഓഫീസ് പ്രവർത്തനം തുടങ്ങി.ജനുവരി 29,30,31 തീയതികളിലാണ് ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം നഷ്ടപരിഹാര തുക ലഭ്യമാക്കുന്നതിനായി വസ്തുവിന്റെ അസ്സൽ രേഖകൾ ഹാജരാക്കേണ്ടത്. ഇതിന് മുന്നോടിയായി ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട മുഴുവൻ സംശയങ്ങളും പരിഹരിക്കുന്നതിനും നേരത്തെ രേഖകൾ കൈവശമുള്ളവർക്ക് അത് സമർപ്പിക്കുന്നതിനുമാണ് പ്രത്യേക ഓഫീസ് ആരംഭിക്കുന്നത്.
പദ്ധതിബാധിതരുടെ സൗകര്യം കണക്കിലെടുത്താണ് തൃശ്ശൂർ എൽഎ ജനറൽ ഓഫീസിൽ രേഖകൾ സമർപ്പിക്കുന്നതിന് പകരം ഇരിങ്ങാലക്കുടയിൽ പ്രത്യേക ഓഫീസ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നതെന്ന് ഓഫീസ് ഉദ്ഘാടനം നിർവഹിച്ച് കൊണ്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു. രേഖകൾ കൈമാറിക്കഴിഞ്ഞാൽ ബന്ധപ്പെട്ടവർക്ക് തുക മാറുമെന്നും തുടർന്ന് ഭൂമി ഏറ്റെടുക്കുന്നതോടെ പൊതുമരാമത്ത് പണികൾ ആരംഭിക്കുമെന്നും മൂന്ന് മാസത്തിനുള്ളിൽ ഠാണാ-ചന്തക്കുന്ന് വികസന പദ്ധതി പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അറിയിച്ചു. നഷ്ടപ്പെടുന്ന ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകൾ സമർപ്പിച്ച കൂടൽമാണിക്യം ദേവസ്വം ,വ്യക്തികളായ രജിമോൻ, ബിജോയ് തൈവളപ്പിൽ എന്നിവർ മന്ത്രിയിൽ നിന്ന് കൈപ്പറ്റ് രശീതുകൾ എറ്റ് വാങ്ങി. ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ അധ്യക്ഷത വഹിച്ചു. തഹസിൽദാർ കെ ശാന്തകുമാരി, എൽ എ ഡെപ്യൂട്ടി കളക്ടർ യമുനാദേവി, സ്പെഷ്യൽ തഹസിൽദാർ ടി ജി ബിന്ദു എന്നിവർ സംസാരിച്ചു. മുകുന്ദപുരം താലൂക്കിൽ ഇരിങ്ങാലക്കുട, മനവലശ്ശേരി വില്ലേജുകളിൽ ആയി 0.5512 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. 156 കക്ഷികൾക്കായി നാൽപ്പത്തി രണ്ട് കോടിയോളം രൂപയാണ് നഷ്ടപരിഹാര തുകയായി നൽകുന്നത്.