ജീവിതം പ്രതിസന്ധിയിൽ; ദയാവധത്തിനുള്ള അനുമതി നേടി കരുവന്നൂർ ബാങ്ക് നിക്ഷേപകൻ സർക്കാറിനും ഹൈക്കോടതിക്കും അപേക്ഷ നൽകി…

ജീവിതം പ്രതിസന്ധിയിൽ; ദയാവധത്തിനുള്ള അനുമതി നേടി കരുവന്നൂർ ബാങ്ക് നിക്ഷേപകൻ സർക്കാറിനും ഹൈക്കോടതിക്കും അപേക്ഷ നൽകി…

 

ഇരിങ്ങാലക്കുട : ദയാവധത്തിനുള്ള അപേക്ഷയുമായി കരുവന്നൂർ ബാങ്ക് നിക്ഷേപകൻ. മാപ്രാണം കുറുപ്പം റോഡിൽ വടക്കേത്തല വീട്ടിൽ അന്തോണി മകൻ ജോഷിയാണ് (53 വയസ്സ് ) കരുവന്നൂർ ബാങ്കിൽ നടത്തിയ നിക്ഷേപങ്ങളെ തുടർന്ന് ജീവിതം പ്രതിസന്ധിയിലായ സാഹചര്യത്തിൽ ദയാവധത്തിന് അനുമതി തേടി മുഖ്യമന്ത്രിക്കും ഹൈക്കോടതിക്കും അപേക്ഷ നൽകിയത്. റോഡപകടവും ട്യൂമർ ഉൾപ്പെടെയുള്ള അസുഖങ്ങളെയും തുടർന്ന് കടക്കെണിയിലാണ്. കരാർ പണികൾ ചെയ്യാൻ കഴിയാത്ത സാഹചര്യമാണ്. വീട് വിൽക്കാൻ ഉദ്ദേശിച്ചെങ്കിലും നടന്നിട്ടില്ല. കരുവന്നൂർ ബാങ്കിൽ നടത്തിയ നിക്ഷേപങ്ങൾ തിരികെ ലഭിക്കുന്നുമില്ല. നാല് ശതമാനം എസ്ബി പലിശയാണ് പാസ്സ് ബുക്കിൽ ഇപ്പോൾ പതിക്കുന്നത്. ഇങ്ങനെ ഇതുവരെയായി 12 ലക്ഷത്തോളം രൂപ തട്ടിയെടുത്തിരിക്കുകയാണ്.സർക്കാർ നിയോഗിച്ച അഡ്മിനിസ്ട്രേറ്ററുടെ മേൽനോട്ടത്തിലായിരുന്നു ഈ തുടർകൊള്ള. 80 ലക്ഷത്തോളം രൂപയാണ് ബാങ്കിൽ നിന്നും ലഭിക്കാനുള്ളത്.

ഇതെല്ലാം ചൂണ്ടിക്കാട്ടി അഞ്ചു തവണ കരുവന്നൂർ ബാങ്കിൽ കത്തു കൊടുത്തെങ്കിലും നാളിതുവരെ മറുപടിയുണ്ടായില്ല. തൃശൂർ കളക്ടർക്കും നവകേരള സദസ്സിലും പരാതി കൊടുത്തുവെങ്കിലും ഇതുവരെയും ഒരു തുടർനടപടിയുമില്ല. വലിയ പ്രതീക്ഷയോടെ നവകേരള സദസ്സിൽ പരാതി കൊടുത്തെങ്കിലും തൻ്റെയും കുടുംബത്തിന്റെയും പണവും ബാങ്ക് വാഗ്ദാനം ചെയ്തപ്രകാരമുള്ള പലിശയും എന്നു തരുമെന്ന് യാതൊരു കൃത്യതയില്ലാത്ത ഒരു വഴിപാട് മറുപടിയാണ് സഹകരണ വകുപ്പിന്റെ മുകുന്ദപുരം അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിൽ നിന്നും തപാലിൽ ലഭിച്ചത്. ബാങ്ക് അധികാരികളുടേയും സർക്കാരിന്റെയും മുന്നിൽ യാചിച്ചിട്ട് കാര്യമില്ലാത്തതിനാൽ ജീവിതം രാഷ്ട്രപിതാവിനെ കൊന്നുതള്ളിയ ജനുവരി 30 നു അവസാനിപ്പിക്കാമെന്നാണ് തീരുമാനിച്ചിരിക്കുന്നതെന്നും ദയാവധ ഹർജിക്ക് അനുവാദം നൽകണമെന്നുമാണ് ജോഷി അപേക്ഷിച്ചിരിക്കുന്നത് .

Please follow and like us: