ഇരിങ്ങാലക്കുടയിൽ ആദ്യമായി ജില്ലാ ബാഡ്മിൻ്റൺ ലീഗ് മൽസരങ്ങൾ; 21 ന് നടക്കുന്ന മൽസരങ്ങളിൽ നാല് ഫ്രാഞ്ചൈസികളിലായി പങ്കെടുക്കുന്നത് 48 കളിക്കാർ….
ഇരിങ്ങാലക്കുട : ജില്ലാ ബാഡ്മിന്റൺ ലീഗ് മൽസരങ്ങൾക്ക് ഇരിങ്ങാലക്കുട ഒരുങ്ങുന്നു. ജനുവരി 21ന് ക്രൈസ്റ്റ് അക്വാറ്റിക് ഷട്ടിൽ അക്കാദമിയിൽ നടത്തുന്ന ലീഗ് മൽസരങ്ങളിൽ
നാല് ഫ്രാഞ്ചൈസികളിലായി 48 കളിക്കാർ ലീഗ് മത്സരങ്ങളിൽ പങ്കെടുക്കും. ആദ്യമായിട്ടാണ് പട്ടണം ബാഡ്മിൻ്റൺ മൽസരങ്ങൾക്ക് വേദിയാകുന്നത്.
ഫ്രാഞ്ചൈസി രജിസ്ട്രേഷൻ, കളിക്കാരുടെ രജിസ്ട്രേഷൻ, കളിക്കാരുടെ ലേലം തുടങ്ങിയവ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.വിജയികൾക്ക് ക്യാഷ് അവാർഡുകളും ട്രോഫികളും സമ്മാനമായി നൽകും.
ക്രൈസ്റ്റ് അക്വാറ്റിക് ഷട്ടിൽ അക്കാദമിയിലെ ബാഡ്മിന്റൺ കോർട്ടിൽ കുഴഞ്ഞു വീണു മരിച്ച കലാഭവൻ കബീറിന്റെ സ്മരണാർത്ഥമാണ് ലീഗ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
സിനിമാനടൻ ഇടവേള ബാബു മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. പാലക്കാട് ജില്ലാ സ്പെഷ്യൽ ജഡ്ജ് ജോമോൻ ജോൺ സമ്മാനദാനം നിർവ്വഹിക്കും.
ജേഴ്സിയുടെ വിതരണോദ്ഘാടനം പ്രസ്സ് ക്ലബ്ബിലെ മുതിർന്ന അംഗവും മുൻ പ്രസിഡണ്ടുമായ മൂലയിൽ വിജയകുമാർ അക്വാറ്റിക് ക്ലബ്ബ് പ്രതിനിധി ബാബു കെ മേനോൻ ,കാസ ക്ലബ്ബ് ക്യാപ്റ്റൻ രവി മേനോൻ എന്നിവർക്ക് നൽകി നിർവ്വഹിച്ചു.
ക്രൈസ്റ്റ് അക്വാറ്റിക് അക്കാദമി പ്രസിഡന്റ് സ്റ്റാൻലി ലാസർ, തൃശ്ശൂർ ജില്ലാ ഷട്ടിൽ ബാഡ്മിന്റൺ അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് പീറ്റർ ജോസഫ്, ടൂർണമെന്റ് കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി ആൾജോ എന്നിവർ ഇത് സംബന്ധിച്ച് നടന്ന പത്രസമ്മേളനത്തിൽ പങ്കെടുത്തു.