ഹരിതകർമ്മസേനയോടുള്ള സമീപനത്തെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ പ്രതിപക്ഷ അംഗങ്ങളുടെ വിമർശനം; വിഷയങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക യോഗം വിളിക്കാൻ തീരുമാനം …

ഹരിതകർമ്മസേനയോടുള്ള സമീപനത്തെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ പ്രതിപക്ഷ അംഗങ്ങളുടെ വിമർശനം; വിഷയങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക യോഗം വിളിക്കാൻ തീരുമാനം …

 

ഇരിങ്ങാലക്കുട : വീടുകളിൽ നിന്നുള്ള മാലിന്യങ്ങൾ ശേഖരിക്കുന്ന ദൗത്യത്തിൽ എർപ്പെട്ടിട്ടുള്ള ഹരിതകർമ്മസേനയോടുള്ള നഗരസഭ ഭരണാധികാരികളുടെയും ഉദ്യോഗസ്ഥരുടെയും സമീപനത്തെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ വിമർശനം. വീടുകളിൽ നിന്നും മാലിന്യ ശേഖരണത്തിനായി ഈടാക്കുന്ന 60 രൂപ ലഭിക്കാൻ ഹരിത കർമ്മ സേന ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും വാർഡ് സഭകളിൽ ഇതേ ചൊല്ലി പ്രതിഷേധങ്ങൾ ഉണ്ടെന്നും ചെയർപേഴ്സനും ഭരണകക്ഷി അംഗം ജെയ്സൻ പാറേക്കാടനും ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് വിമർശനങ്ങൾ ഉയർന്നത്. ഹരിത കർമ്മ സേനാംഗങ്ങളുടെ വിഷയം ചർച്ച ചെയ്യാൻ പ്രത്യേക യോഗം വിളിക്കണമെന്നും സേനാംഗങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ നടപടികൾ സ്വീകരിക്കണമെന്നും ബിജെപി അംഗം സന്തോഷ് ബോബൻ ആവശ്യപ്പെട്ടു. താൽപ്പര്യമില്ലാത്തവർ ഹരിത കർമ്മ സേനയിൽ തുടരേണ്ടതില്ലെന്ന് ഒരു യോഗത്തിൽ സെക്രട്ടറി അഭിപ്രായപ്പെട്ടത് ശരിയായില്ലെന്നും സേനയുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന പരിഷ്ക്കാരങ്ങൾ കൗൺസിൽ അറിയേണ്ടതുണ്ടെന്നും എൽഡിഎഫ് കൗൺസിലർ അഡ്വ കെ ആർ വിജയ പറഞ്ഞു. വീടുകളിൽ പ്ലാസ്റ്റിക് മാലിന്യമില്ലെന്ന പേര് പറഞ്ഞ് 60 രൂപ നിഷേധിക്കുന്നതിനോട് യോജിക്കാൻ കഴിയില്ലെന്നും ഹരിത കർമ്മസേനയെ പീഡിപ്പിക്കുകയാണ് ചെയ്യുന്നതെന്നും എൽഡിഎഫ് അംഗം അംബിക പള്ളിപ്പുറത്തും സേനയുടെ സേവനങ്ങൾ കാർഷികമേഖലയിലെ പ്രവൃത്തികൾക്കായി ഉപയോഗപ്പെടുത്തണമെന്ന് അഡ്വ ജിഷ ജോബിയും ആവശ്യപ്പെട്ടു. ജനുവരി ഒന്ന് മുതൽ എല്ലാ വീടുകളിൽ നിന്നും 60 രൂപ ഈടാക്കണമെന്നും അല്ലെങ്കിൽ ഫൈൻ ഈടാക്കണമെന്നുമുള്ള സർക്കാർ ഉത്തരവ് പാലിക്കാൻ നഗരസഭക്ക് ഉത്തരവാദിത്വമുണ്ടെന്നും നഗരസഭയിൽ നിലവിൽ ഹരിതകർമ്മസേനയിൽ 17 അംഗങ്ങളുടെ കുറവുണ്ടെന്നും വീടുകളിൽ ചെല്ലുമ്പോൾ നടത്തേണ്ട ക്യൂ ആർ കോഡ് സ്കാനിംഗ് അടക്കമുള്ള വിഷയങ്ങളിൽ പ്രായോഗിക ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും ചെയർപേഴ്സൺ വിശദീകരിച്ചു. കാര്യങ്ങൾ കൃത്യമായി നടക്കുന്നില്ലെന്ന ധാരണയിലാകാം സെക്രട്ടറി പറഞ്ഞതെന്നും കൃത്യമായ അക്കൗണ്ടിംഗ് നടക്കുന്നില്ലെന്നും ഇത് സംബന്ധിച്ച് പ്രത്യേക യോഗം വിളിച്ച് ചേർക്കാമെന്നും ചെയർപേഴ്സൺ ഉറപ്പ് നൽകി.

ടൗൺ ഹാൾ കോപ്ലക്സ് നിർമ്മാണവുമായി ബന്ധപ്പെട്ട് നടന്ന ഡിപിആർ അവതരണ യോഗം അറിയിക്കാഞ്ഞതിൽ പ്രതിപക്ഷ അംഗങ്ങളായ കെ ആർ വിജയ , അൽഫോൺസ തോമസ്, സന്തോഷ് ബോബൻ പ്രതിഷേധം രേഖപ്പെടുത്തി.

കെ – സ്മാർട്ട് വഴി നികുതി അടയ്ക്കാൻ ബുദ്ധിമുട്ട് നേരിടുകയാണെന്ന് ഭരണകക്ഷി അംഗങ്ങളായ എം ആർ ഷാജു, ബിജു പോൾ എന്നിവർ പറഞ്ഞു. ഉദ്യോഗസ്ഥർ സോഫ്റ്റ വെയറുമായി പൊരുത്തപ്പെട്ട് വരികയാണെന്നും മറ്റ് നഗരസഭകളെ അപേക്ഷിച്ച് ഇക്കാര്യത്തിൽ ഇരിങ്ങാലക്കുട മുന്നിലാണെന്നും ജനുവരി അവസാനത്തോടെ പൂർണ്ണമായും ശരിയാകുമെന്നും വൈസ്- ചെയർമാൻ ടി വി ചാർലി പറഞ്ഞു.

പദ്ധതിയുടെ 43 % ചിലവഴിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും ഇക്കാര്യത്തിൽ സംസ്ഥാനത്ത് മുപ്പത്തിരണ്ടാം സ്ഥാനത്താണെന്നും മെയിന്റനെൻസ് ഗ്രാന്റ് 28 ശതമാനവും ചിലവഴിച്ചതായും ചെയർപേഴ്സൺ അറിയിച്ചു. അമ്യത് ഫണ്ട് ഉപയോഗിച്ചുള്ള കുടിവെള്ള പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ 1, 2, 23, 32 വാർഡുകളിലും പോട്ട – മൂന്നുപീടിക റോഡിലും ആരംഭിക്കുകയാണെന്നും 1500 ഓളം ശുദ്ധജല കണക്ഷനുകൾ നൽകാൻ കഴിയുമെന്നും ചെയർപേഴ്സൺ നേരത്തെ സൂചിപ്പിച്ചു.

 

യോഗത്തിൽ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ അധ്യക്ഷത വഹിച്ചു.

Please follow and like us: