ശ്രീകൂടൽമാണിക്യം ദേവസ്വം ഭരണസമിതി കാലാവധി പൂർത്തിയാക്കുന്നു ; കോവിഡ് പ്രതിസന്ധിക്കൾക്കിടയിലും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാനായെന്ന് ഭരണസമിതി ; കച്ചേരി വളപ്പ്, മണി മാളിക പദ്ധതികൾ പൂർത്തീകരിക്കുന്നതോടെ ദേവസ്വത്തിന് സാമ്പത്തിക ഭദ്രത കൈവരിക്കാനാകുമെന്നും ഭരണസമിതി …
ഇരിങ്ങാലക്കുട : കോവിഡ് ഉൾപ്പെടെയുള്ള പ്രതിസന്ധികൾക്കിടയിലും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാൻ കഴിഞ്ഞുവെന്ന് ജനുവരി 28 ന് കാലവധി പൂർത്തിയാക്കുന്ന ശ്രീകൂടൽമാണിക്യ ദേവസ്വം ഭരണസമിതി. ഭക്തജനങ്ങളുടെയും സ്പോൺസർമാരുടെയും സഹായത്തോടെ ക്ഷേത്രത്തിന് അകത്ത് സ്ഥിരം സ്റ്റേജ്, ഠാണാവിൽ ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം,ബസ് സ്റ്റാൻഡിന് സമീപത്ത് കവാടം, ഭക്തജനങ്ങൾക്കായി കംഫർട്ട് സ്റ്റേഷൻ, സി സി ടി വി ക്യാമറകൾ, എല്ലാ ദിവസവും ഊട്ടുപ്പുരയിൽ പ്രസാദ ഊട്ട്, കിഴക്ക്, പടിഞ്ഞാറെ ഗോപുരങ്ങളുടെ നവീകരണം, പള്ളി വേട്ട ആൽത്തറ നവീകരണം, തീർത്ഥക്കുളം നവീകരണം, കീഴേടങ്ങളിലെ വികസന പ്രവർത്തനങ്ങൾ, അന്യാധീനപ്പെട്ട് പോയ ഭൂമികൾ തിരിച്ച് പിടിക്കൽ , ദേശീയ ന്യത്ത ഉൽസമെന്ന നിലയ്ക്കുള്ള കൂടൽ മാണിക്യം ഉൽസവത്തിന്റെ സംഘാടനം, സംഗമേശ്വര ആയുർവേദ ഗ്രാമത്തിന്റെ പ്രവർത്തനങ്ങൾ, മ്യൂസിയം ആന്റ് ആർക്കൈവ്സിന്റെ പ്രവർത്തനം, കോവിഡ് കാലത്തെ സമൂഹ അടുക്കളയുടെ പ്രവർത്തനം, നവരാത്രി മഹോൽസവം എന്നിവ പ്രധാന നേട്ടങ്ങളാണെന്ന് ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ പത്ര സമ്മേളനത്തിൽ പറഞ്ഞു.
പട്ടണത്തിലെ ഹ്യദയ ഭാഗത്തുളള കച്ചേരി വളപ്പിലുള്ള ഷോപ്പിംഗ് കോംപ്ലക്സിന്റെയും മണി മാളിക ഷോപ്പിംഗ് കോംപ്ലക്സിന്റെയും പ്രാഥമിക നടപടികൾക്ക് തുടക്കം കുറിച്ച് കഴിഞ്ഞു. ഇവ പൂർത്തിയാകുന്നതോടെ വഴിപാട് ഇതര വരുമാനം ഗണ്യമായി വർധിപ്പിക്കാനും സാമ്പത്തിക ഭദ്രത കൈവരിക്കാനും കൂടൽ മാണിക്യ ദേവസ്വത്തിന് കഴിയും. കുട്ടംകുളം മതിൽ പുനർ നിർമ്മാണത്തിനായി അനുവദിച്ചിട്ടുള്ള നാല് കോടി രൂപയുടെ ടെണ്ടർ നടപടികൾ ഉടൻ ആരംഭിക്കും. പടിഞ്ഞാറെ നടപ്പുരയുടെ നവീകരണ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയെ തുടർന്ന് ജീവനക്കാർക്ക് ശമ്പളം നൽകാനായി സ്ഥിര നിക്ഷേപത്തിൽ നിന്നും നാല് കോടിയോളം രൂപയാണ് ചിലവഴിക്കേണ്ടി വന്നിട്ടുള്ളത്. ജൂൺ ഒന്ന് മുതൽ ആയുർവേദ കേന്ദ്രത്തിൽ അസാപ്പിന്റെയും സഹകരണത്തോടെ പഞ്ചകർമ്മ തൊഴിലധിഷ്ഠിത കോഴ്സ് ആരംഭിക്കും. ഭരണ സമിതി അംഗങ്ങളായ ഭരതൻ കണ്ടേങ്കാട്ടിൽ, കെ എ പ്രേമരാജൻ, എ വി ഷൈൻ, അഡ്വ കെ ജി അജയ്കുമാർ , കെ ജി സുരേഷ് , അഡ്മിനിസ്ട്രേറ്റർ ഉഷാ നന്ദിനി എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.