ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ബിഒറ്റി വ്യവസ്ഥയിൽ കാന്റീൻ കെട്ടിട നിർമ്മാണത്തിനായി അപേക്ഷകൾ ക്ഷണിക്കുവാൻ ആശുപത്രി വികസന സമിതി യോഗത്തിൽ തീരുമാനം ; ഡയാലിസിസ് യൂണിറ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചതായും സി സി ക്യാമറകൾ സ്ഥാപിക്കാനുള്ള നടപടികൾ അന്തിമ ഘട്ടത്തിലെന്നും ആശുപത്രി അധികൃതർ ….

  1. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ബിഒറ്റി വ്യവസ്ഥയിൽ കാന്റീൻ കെട്ടിട നിർമ്മാണത്തിനായി അപേക്ഷകൾ ക്ഷണിക്കുവാൻ ആശുപത്രി വികസന സമിതി യോഗത്തിൽ തീരുമാനം ; ഡയാലിസിസ് യൂണിറ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചതായും സി സി ക്യാമറകൾ സ്ഥാപിക്കാനുള്ള നടപടികൾ അന്തിമ ഘട്ടത്തിലെന്നും ആശുപത്രി അധികൃതർ ….

 

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ബിഒടി വ്യവസ്ഥയിൽ കാന്റീൻ കെട്ടിടം നിർമ്മിച്ച് നല്കാൻ സ്വകാര്യ വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിക്കാൻ ആശുപത്രി വികസന സമിതി യോഗത്തിൽ തീരുമാനം. നിലവിൽ കാന്റീൻ സർവീസ് നടത്തുന്ന വ്യക്തി 15 ലക്ഷം രൂപ ചിലവാക്കി കെട്ടിടം നിർമ്മിച്ച് നൽകാൻ തയ്യാറായാണന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചുവെങ്കിലും എകപക്ഷീയമായി ഒരു വ്യക്തിക്ക് നൽകേണ്ടതില്ലെന്ന് യോഗത്തിൽ അഭിപ്രായം ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം. നഗരസഭ തീരുമാനിക്കുന്ന വ്യവസ്ഥകളും നഗരസഭ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ മേൽനോട്ടത്തിലുമാണ് കെട്ടിടനിർമ്മാണം പൂർത്തീകരിക്കേണ്ടത്. കെട്ടിടം നിർമ്മിച്ച് നൽകുന്ന വ്യക്തിക്ക് മൂന്ന് വർഷത്തേക്ക് നഗരസഭക്ക് വാടക നൽകി കൊണ്ട് കാന്റീൻ നടത്താൻ അനുമതിയുണ്ടാകും. കെട്ടിടനിർമ്മാണത്തിന് ആവശ്യമെങ്കിൽ എം എൽഎ ഫണ്ട് അനുവദിക്കാമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു.

ആശുപത്രിയിൽ 32 പുതിയ നിയമനങ്ങൾ നടത്തിയിട്ടുണ്ടെന്നും എക്സ് റേ യൂണിറ്റ് 24 മണിക്കൂറും ഫാർമസി രാത്രി 8 മണി വരെയും പ്രവർത്തിക്കുന്നുണ്ടെന്നും ആശുപത്രിയിലെ സുരക്ഷാ സംവിധാനങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ഗ്രാന്റ് ഉപയോഗിച്ച് 36 സിസി ക്യാമറകൾ സ്ഥാപിക്കുന്നതിന്റെ നടപടികൾ നടന്നു വരികയാണെന്നും ആശുപത്രി സൂപ്രണ്ട് ഡോ ശിവദാസ് അറിയിച്ചു. ഡയാലിസിസ് യൂണിറ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങളും പുനരാരംഭിച്ചുണ്ട് .

ആശുപത്രിയിൽ പൊതു ടോയ്ലറ്റുകൾ നിർമ്മിക്കാൻ നഗര

സഭ പദ്ധതിയിൽ പണം വകയിരുത്തുമെന്ന് നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ അറിയിച്ചു. ആശുപത്രിയിൽ എത്തുന്ന രോഗികളെ ചില പരിശോധനകൾ നടത്താൻ നിർബന്ധിക്കുന്നതായി പരാതി ഉണ്ടെന്നും ഇവ ഒഴിവാക്കണമെന്നും ചെയർപേഴ്സൺ ആവശ്യപ്പെട്ടു. സർക്കാർ നിശ്ചയിക്കുന്ന നിരക്കുകൾ മാത്രമേ രോഗികളിൽ നിന്ന് ഈടാക്കാൻ പാടുള്ളൂവെന്ന് മന്ത്രി നിർദ്ദേശിച്ചു.

കഴിഞ്ഞ മാസങ്ങളിലെ വരവ് ചെലവ് കണക്കുകൾ യോഗം അംഗീകരിച്ചു.

നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ അംബിക പള്ളിപ്പുറത്ത് , ജെയ്സൻ പാറേക്കാടൻ , വാർഡ് കൗൺസിലർ പി ടി ജോർജ്‌ , വികസന സമിതി അംഗങ്ങളായ ആന്റോ പെരുമ്പിള്ളി, കെ എസ് പ്രസാദ്, കെ എ റിയാസുദ്ദീൻ, അഡ്വ വി സി വർഗ്ഗീസ്, ഷൈജു കുറ്റിക്കാട്ട് എന്നിവരും യോഗത്തിൽ പങ്കെടുത്തു.

Please follow and like us: