അവിട്ടത്തൂർ ആയുർവേദഡിസ്പെൻസറിക്ക് ദേശീയ അംഗീകാരം ..
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ അവിട്ടത്തൂർ ആയുർവേദ ഡിസ്പെൻസറിക്ക് ദേശീയ അംഗീകാരമായ എൻഎബിഎച്ച് എൻട്രി ലെവൽ സർട്ടിഫിക്കറ്റ് ലഭിച്ചു. അവിട്ടത്തൂർ അടക്കം ജില്ലയിൽ ഭാരതീയ ചികിൽസ വകുപ്പിലെയും ഹോമിയോ വകുപ്പിലെയും ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളായ പത്ത് ഡിസ്പെൻസറികളാണ് ദേശീയ അംഗീകാര പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളത്. ആദ്യമായിട്ടാണ് സർക്കാർ ആയുഷ് സ്ഥാപനങ്ങൾ ദേശീയ നിലവാരം കൈവരിക്കുന്നത്.
വേളൂക്കര പഞ്ചായത്തിന്റെ 2022-23 , 2023 – 24 വാർഷിക പദ്ധതികളിൽ ഉൾപ്പെടുത്തി പ്രസിഡണ്ട് കെ എസ് ധനേഷിന്റെയും ഭരണസമിതി അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും നേത്യത്വത്തിൽ പന്ത്രണ്ട് ലക്ഷത്തോളം രൂപ ചിലവഴിച്ച് നടത്തിയ നവീകരണ പ്രവർത്തനങ്ങൾ ദേശീയ അംഗീകാരത്തിന് തുണയായി. നാഷണൽ ആയുഷ് മിഷൻ വഴി ഓരോ ഡിസ്പെൻസറിക്കും അഞ്ച് ലക്ഷം രൂപയും അനുവദിച്ചിരുന്നു.
എല്ലാവർക്കും യോഗ പരിശീലനം, കൗമാരക്കാരുടെ ആരോഗ്യ സംരക്ഷണം, വയോജന ആരോഗ്യ പരിപാലനം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നതോടൊപ്പം പകർച്ചവ്യാധി പ്രതിരോധം, ജീവിത ശൈലി രോഗ നിയന്ത്രണം, ഓറൽ ഹെൽത്ത് കെയർ , സാന്ത്വന പരിചരണം, തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രമായി ഡിസ്പെൻസറിയെ മാറ്റാൻ കഴിഞ്ഞത് നേട്ടമായി. നാഷണൽ ആയുഷ് മിഷന്റെ നേത്യത്വത്തിലാണ് ഇതിനായുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. നാഷണൽ അസ്സസെർ ഡോ ജിതിൻ കെ നായർ , നോഡൽ ഓഫീസർ ഡോ ആഗ്നസ് ക്ലീറ്റസ്, ഫസിലിറ്റേറ്റർമാരായ ഡോ ടി രജിത, ഡോ കെ പി നിമ്മി എന്നിവർ അടങ്ങുന്ന സംഘം കഴിഞ്ഞ വർഷം ഒക്ടോബറിൽ ഡിസ്പെൻസറി സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു. ആയുഷ് കേന്ദ്രങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന സർക്കാർ കർമ്മ പദ്ധതിയും തുണയായി.
ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി ആരോഗ്യ പ്രവർത്തനങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള ലാപ് ടോപ്പുകൾ, രോഗികൾക്ക് ടോക്കൺ സമ്പ്രദായം, ആശാ പ്രവർത്തകരുടെ സേവനങ്ങൾ, ജീവിത ശൈലി രോഗങ്ങൾക്കുള്ള പരിശോധനകൾ എന്നിവ ഡിസ്പെൻസറിയിൽ ഉറപ്പാക്കിയിട്ടുണ്ട്. പ്രവർത്തനം ആരംഭിച്ച് 62 വർഷം പിന്നിടുന്ന ഘട്ടത്തിലാണ് അവിട്ടത്തൂർ ആയുർവേദ ഡിസ്പെൻസറി ദേശീയ അംഗീകാരം കരസ്ഥമാക്കുന്നത്. രോഗികളുടെ സൗകര്യാർത്ഥം വേളൂക്കര പഞ്ചായത്തിൽ കല്ലംകുന്നിൽ സബ്- സെന്ററും പ്രവർത്തിക്കുന്നുണ്ട്.