കരുവന്നൂർ മോഡൽ ക്രമക്കേടുകൾ തുമ്പൂർ ബാങ്കിൽ നടന്നിട്ടുണ്ടെന്ന മാധ്യമവാർത്തകൾ ശരിയല്ലെന്നും നടന്നിട്ടുള്ളത് മൂന്നരക്കോടി രൂപയുടെ ക്രമക്കേടുകൾ മാത്രമെന്നും ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി; ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട് ബാങ്കിന് ഔദ്യോഗിക വിവരങ്ങൾ ഇല്ലെന്നും കമ്മിറ്റി …

കരുവന്നൂർ മോഡൽ ക്രമക്കേടുകൾ തുമ്പൂർ ബാങ്കിൽ നടന്നിട്ടുണ്ടെന്ന മാധ്യമവാർത്തകൾ ശരിയല്ലെന്നും നടന്നിട്ടുള്ളത് മൂന്നരക്കോടി രൂപയുടെ ക്രമക്കേടുകൾ മാത്രമെന്നും ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി; ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട് ബാങ്കിന് ഔദ്യോഗിക വിവരങ്ങൾ ഇല്ലെന്നും കമ്മിറ്റി …

 

ഇരിങ്ങാലക്കുട : കരുവന്നൂർ മോഡലിൽ തുമ്പൂർ സർവീസ് സഹകരണ ബാങ്കിലും ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന മാധ്യമ വാർത്തകൾ അവാസ്തവമാണെന്ന് ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി . ഇഡി അന്വേഷണം എന്നത് സംബന്ധിച്ചും ബാങ്കിൽ അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ലെന്നും ഇഡിയെ പ്രതിനിധീകരിച്ച് ആരും തന്നെ ഇത് വരെ ബാങ്കിൽ എത്തിയിട്ടില്ലെന്നും കമ്മിറ്റി കൺവീനർ ടി എസ്സ് സജീവൻ മാസ്റ്റർ പത്രസമ്മേളനത്തിൽ അറിയിച്ചു.

മുൻ യു.ഡി.എഫ് ഭരണകാലത്ത് ചില നടപടിക്രമങ്ങളിൽ ക്രമവിരുദ്ധമായ ചില കാര്യങ്ങൾ കണ്ടെത്തുകയും സഹകരണ ഡിപ്പാർട്ട്‌മെൻ്റ് നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. മൂന്നരക്കോടി രൂപയുടെ ക്രമക്കേടുകൾ മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്. ബാങ്കിന് നഷ്ടം വന്ന തുക മുൻ ഭരണസമിതി അംഗങ്ങളിൽ നിന്ന് ഈടാക്കുവാൻ ഡിപ്പാർട്ട്മെൻ്റ് തല നടപടികൾ സ്വീകരിച്ച് വരികയാണ്. കഴിഞ്ഞ 4 വർഷമായി സഹകരണ വകുപ്പ് ഉദ്യേഗസ്ഥരുടെ ഭരണത്തിൽ ബാങ്കിൻ്റെ ധനകാര്യ നടപടികൾ വളരെ സുതാര്യമായ രീതിയിലാക്കിയിട്ടുണ്ട്. വായ്പകൾ നിയന്ത്രിച്ചുകൊണ്ട് നിയമം അനുശാസ്സിക്കുന്നതിലും അധികം കരുതൽ ധനം ബാങ്ക് നിക്ഷേപമായിട്ടുണ്ട്. പുതിയ കർഷക ക്ഷേമ പദ്ധതികളുമായി ബാങ്ക് മുന്നോട്ട് പോകുകയാണ്. സഹകരണ വകുപ്പ് പ്രഖ്യാപിച്ചിട്ടുള്ള നിക്ഷേപസമാഹരണ യജ്ഞത്തിൻ്റെ ബാങ്ക് തല ഉദ്ഘാടനം ഒരേ സമയം തന്നെ നൂറ് പേരിൽ നിന്ന് നിക്ഷേപം സ്വീകരിച്ചു കൊണ്ട് ജനുവരി പതിനൊന്ന് വ്യാഴം രാവിലെ 10 മണിക്ക്മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ ഡേവീസ് മാസ്റ്റർ തുമ്പൂരിലെ ബാങ്ക് ഹെഡ് ഓഫീസിൽ വെച്ച് നിർവഹിക്കും. കൃഷിഭൂമിയുടേയും വിളകളുടെയും അടിസ്ഥാനത്തിൽ ഒരേക്കർ ഭൂമിയുള്ള കർഷകർക്ക് മൂന്ന് ശതമാനം പലിശ നിരക്കിൽ മൂന്ന് ലക്ഷം രൂപ വരെ സ്വർണ പണ്ടം പണയത്തിൽ കാർഷിക വായ്പ നൽകുന്ന പദ്ധതി ഫെബ്രുവരി 5 ന് ആരംഭിക്കും. 40 % മുതൽ 80% വരെ കേന്ദ്ര സംസ്ഥാന സർക്കാർ സബ്സിഡിയിൽ അർബാന മുതൽ കൊയ്ത്തു യന്ത്രം വരെ ലഭ്യമാക്കുന്നതിന് ബാങ്ക് അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. മറ്റത്തൂർ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയുടെ സഹകരണത്തോടെ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുവാൻ കുറുന്തോട്ടി കൃഷി ആരംഭിക്കുന്നതിനും അപേക്ഷ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. . പുതിയ പ്രതിമാസ നിക്ഷേപ പദ്ധതികൾ ഫെബ്രുവരിയിൽ ആരംഭിക്കും. ഐ .സി.ഡി.പി. പദ്ധതിയിൽ നിന്ന് ഗ്രാൻഡ് ലഭ്യമാക്കിക്കൊണ്ട് ബാങ്കിൻ്റെ ഉടമസ്ഥതയിൽ പെട്രോൾ പമ്പും, ഗ്യാസ് ഏജൻസിയും, കർഷകരുടെ കാർഷിക ഉല്പന്നങ്ങൾ സംഭരിച്ച് കേടുകൂടാതെ സൂക്ഷിച്ച് കർഷകർക്ക് ന്യായവില ഉറപ്പ് വരുത്തുവാൻ കോൾഡ് സ്റ്റോറേജ് ആരംഭിക്കുവാനും നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഒരു വർഷത്തിനുള്ളിൽ ബാങ്കിൽ തിരഞ്ഞെടുപ്പ് നടത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. കമ്മിറ്റി അംഗം ജിജോ പെരേപ്പാടൻ, ജീവനക്കാരുടെ പ്രതിനിധി സുരേഷ് പി എ , ബാങ്കിന്റെ കീഴിലുള്ള കർഷക സഹായ ഗ്രൂപ്പ് ചെയർമാൻ പ്രൊഫ കെ ആർ വർഗ്ഗീസ്, കൺവീനർ ലിജോ ലൂയീസ് എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: