ഭക്തി സാന്ദ്രമായി ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ പിണ്ടിപ്പെരുന്നാള്‍ പ്രദക്ഷിണം …

ഭക്തി സാന്ദ്രമായി ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ പിണ്ടിപ്പെരുന്നാള്‍ പ്രദക്ഷിണം …

 

ഇരിങ്ങാലക്കുട: ഭക്തിസാന്ദ്രമായി സെന്റ് തോമസ് കത്തീഡ്രൽ പിണ്ടിപ്പെരുന്നാള്‍ പ്രദക്ഷിണം . ഉച്ചക്ക് രണ്ടിന് നടന്ന ദിവ്യബലിക്കു ശേഷമാണ് നഗര വീഥികളിലൂടെ വിശ്വാസ തീക്ഷ്ണത നിറഞ്ഞ പ്രദക്ഷിണം നടന്നത്. ഭക്തിയടെയും വിശ്വാസത്തിന്റെയും നിറവില്‍ തലമുറകള്‍ കാട്ടിയ വഴികളിലൂടെ കാലടികള്‍ വച്ച് നഗരത്തിലെ വിവിധ അങ്ങാടികളിലൂടെ നടന്ന പ്രദക്ഷിണത്തിന് ആയിരങ്ങള്‍ പങ്കെടുത്തു. ആദ്യം തിരുന്നാള്‍ പ്രദക്ഷിണത്തിന്റെ വരവറിയിച്ച് പെരുമ്പറ മുഴക്കികൊണ്ടുള്ള രാജകീയ വിളംബരവുമായി നകാരമേളം. രണ്ട് കാളവണ്ടികളിലായിട്ടായിരുന്നു നകാരമേളം. തൊട്ടുപുറകിലായി 151 പൊന്‍ കുരിശുകളും പേപ്പല്‍ പതാകകളും ആയിരത്തി മുന്നൂറ് മുത്തുകുടകളുമായി വിശ്വാസി സമൂഹം. ഇതിനിടയില്‍ ചെണ്ടമേളങ്ങളും ബാന്‍ഡ് മേളങ്ങളും. ഇതിനു പുറകിലായിരുന്നു വിശുദ്ധ ഗീവര്‍ഗീസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും സെന്റ് തോമസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള അലങ്കരിച്ച തേര്. പ്രദക്ഷിണം കടന്നുപോകുന്ന വീഥികള്‍ക്കിരുവശവും വര്‍ണവിളക്കുകള്‍ പ്രഭ വിതറി. പ്രദക്ഷിണം ആല്‍ത്തറക്കല്‍ എത്തിചേര്‍ന്നപ്പോള്‍ കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ് മേനോന്‍ കത്തീഡ്രല്‍ വികാരി ഫാ. പയസ് ചിറപ്പണത്തിനെ പൊന്നാടയണിയിച്ചു. ദേവസ്വം ഭരണസമിതിയംഗങ്ങളും ജീവനക്കാരും ചേര്‍ന്ന് പ്രദക്ഷിണത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ദാഹജലവും സംഭാരവും നല്‍കി. രാവിലെ നടന്ന തിരുനാള്‍ ദിവ്യബലിക്ക് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു .

Please follow and like us: