പോക്സോ കേസ്സിൽ കല്ലൂർ സ്വദേശിയായ 73 കാരന് അഞ്ച് വർഷം കഠിനതടവ്…
ഇരിങ്ങാലക്കുട : പ്രായപൂർത്തിയാകാത്ത എഴ് വയസ്സുകാരിക്കെതിരെ
ലൈംഗിക അതിക്രമം നടത്തിയ കേസ്സിൽ പ്രതിയായ കല്ലൂർ സ്വദേശി ചെറുവൽമാരാശ്ശേരി വീട്ടിൽ ഗംഗാധരൻ എന്ന എഴുപത്തിമൂന്നുകാരനെ 5 വർഷം കഠിനതടവിനും 20,000/- (ഇരുപതിനായിരം) രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിഞ്ഞാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് രവിചന്ദർ സി. ആർ. വിധി പ്രസ്താവിച്ചു.
ഏഴ് വയസ്സുകാരിക്കെതിരെ യു.കെ.ജി. യിൽ പഠിക്കുന്ന സമയം മുതൽ 2018 വരെ പലപ്പോഴായി ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് പുതുക്കാട് പോലീസ് ചാർജ്ജ് ചെയ്ത കേസ്സിലാണ് കോടതി വിധി പ്രഖ്യാപിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 15 സാക്ഷികളേയും 14 രേഖകളും ഹാജരാക്കിയിരുന്നു. പ്രതിഭാഗത്തു നിന്നും ഒരു സാക്ഷിയെയും വിസ്തരിച്ചിരുന്നു. കൂടാതെ കോടതി രേഖയായി തൃശ്ശൂർ ചൈൽഡ് വെൽഫയർ കമ്മിറ്റി കത്തും ഹാജരാക്കിയിരുന്നു. പുതുക്കാട് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ആയിരുന്ന എസ്. പി. സുധീരനാണ് കേസ്സ് രജിസ്റ്റർ ചെയ്തത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിജു വാഴക്കാല ഹാജരായി. സീനിയർ സിവിൽ പോലീസ് ഓഫീസർ ടി. ആർ. രജിനി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
പോക്സോ നിയമത്തിൻ്റെ 10-ാം വകുപ്പ് പ്രകാരം 5 വർഷം കഠിനതടവിനും 20,000/- രൂപ പിഴയും പിഴയൊടുക്കാതിരുന്നാൽ 2 മാസം വെറും തടവിനുമാണ് ശിക്ഷിച്ചത്. പ്രതിയെ തൃശ്ശൂർ ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്തു.
പിഴ സംഖ്യ ഈടാക്കിയാൽ ആയത് അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നൽകുവാനും ഉത്തരവിൽ നിർദ്ദേശമുണ്ട്.