ഇരിങ്ങാലക്കുട നഗരസഭ സേവനങ്ങള്‍ക്ക് ഇനി ഒറ്റ ക്ലിക്ക് ദൂരം ; കെ – സ്മാർട്ട് അപ്ലിക്കേഷൻ നഗരസഭയിലും …

ഇരിങ്ങാലക്കുട നഗരസഭ സേവനങ്ങള്‍ക്ക് ഇനി ഒറ്റ ക്ലിക്ക് ദൂരം ; കെ – സ്മാർട്ട് അപ്ലിക്കേഷൻ നഗരസഭയിലും …

 

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയിലെ സേവനങ്ങള്‍ക്ക് അപേക്ഷ നല്‍കാനും സേവനങ്ങള്‍ സ്വീകരിക്കാനും നികുതി അടയ്ക്കാനും ഇനി നഗരസഭാ ഓഫീസില്‍ വരേണ്ടതില്ല. വീട്ടിലിരുന്നുകൊണ്ടോ അക്ഷയ സെന്‍റർ മുഖേനെയോ അപേക്ഷകള്‍ സമർപ്പിക്കുന്നതിനും സമർപ്പിക്കുന്ന അപേക്ഷയുടെ സ്ഥിതിവിവരങ്ങള്‍ ഓണ്‍ലൈന്‍ ആയി അറിയുന്നതിനും സേവനങ്ങള്‍ വളരെ വേഗത്തില്‍ അപേക്ഷകന്‍റെ ലോഗിനില്‍ ലഭ്യമാക്കുന്നതിനും ഇനി മുതല്‍ കഴിയും. അപേക്ഷകളും സേവനങ്ങളും സമർപ്പിച്ചാല്‍ രസീത് വാട്ട്സ് ആപ്പിലും ഇമെയിലിലും ലഭ്യമാകും. അപേക്ഷാ ഫീസുകളും നികുതികളും ഓണ്‍ലൈന്‍ ആയി അയച്ച് രസീത് ഓണ്‍ലൈന്‍ ആയി തന്നെ ലഭിക്കും. ഒരിക്കല്‍ നല്‍കിയ രേഖകള്‍ സ്വന്തം ലോഗിനില്‍ സൂക്ഷിക്കപ്പെടുന്നതിനാല്‍ പിന്നീട് മറ്റാവശ്യങ്ങള്‍ക്കായി അതേ രേഖകള്‍ സമർപ്പിക്കേണ്ടതില്ല. വിവാഹ രജിസ്ട്രേഷന്‍ നടത്തുന്നതിന് വിവാഹിതരായവർ നേരിട്ട് ഓഫീസില്‍ ഹാജരാകേണ്ട സാഹചര്യവും ഇനി ഇല്ലാതാകുകയാണ്. വീഡിയോ കെവൈസി വഴി വിദേശത്തിരുന്നുപോലും വിവാഹ രജിസട്രേഷന്‍ നടത്തുന്നതിനും വിവാഹ സർട്ടിഫിക്കേറ്റ് ലഭ്യമാകുന്നതിനും പുതിയ സംവിധാനത്തില്‍ സാധിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ്, ഇന്‍ഫർമേഷന്‍ കേരളാ മിഷന്‍ മുഖേന തയ്യാറാക്കിയ കെ സ്മാർട്ട് അപ്ലിക്കേഷന്‍ വഴിയാണ് പുതിയ ഓണ്‍ലൈന്‍ സംവിധാനം നടപ്പിലാക്കുന്നത്. കെ സ്മാർട്ടിന്‍റെ മൊബൈല്‍ ആപ്പിലൂടേയും സേവനങ്ങള്‍ ലഭ്യമാണ്. ജനന മരണ വിവാഹ രജിസ്ട്രേഷന്‍, വ്യാപാരങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കുമുള്ള ലൈലസന്‍സുകള്‍ ബില്‍ഡിംഗ് പെർമിറ്റ്, വസ്തു നികുതി, വിവിധ പരാതികള്‍ എന്നിവ ഓണ്‍ലൈനായി ഇപ്പോള്‍ ചെയ്യാന്‍ കഴിയും. ജിഎസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്ലോട്ടുകളുടേും കെട്ടിടങ്ങളുടേയും ഡിജിറ്റല്‍ വിവരങ്ങള്‍ തയ്യാറാക്കുന്നതിലൂടെ ഏറ്റവും വേഗത്തില്‍ കെട്ടിട നിർമ്മാണ പെർമിറ്റുകള്‍ ജനങ്ങള്‍ക്ക് ലഭ്യമാകും. “നോ യുവർ ലാന്‍ഡ്” എന്ന ഫീച്ചറിലൂടെ ഒരു സ്ഥലത്ത് ഏതെല്ലാം തരത്തിലുള്ള കെട്ടിടങ്ങളാണ് നിർമ്മിക്കാന്‍ കഴിയുക എന്ന വിവരം ജനങ്ങള്‍ക്ക് ലഭിക്കും. വ്യാപാര ലൈലന്‍സുകള്‍ പുതുക്കുന്നതിന് ഫീസ് മാത്രം അടച്ചാല്‍ മതിയാകും, അപേക്ഷ സമർപ്പികേണ്ടതില്ല. ഫീസ് അടച്ചാല്‍ ലൈസന്‍സ് അപ്പോള്‍ തന്നെ ലഭ്യമാകും. ഡെബിറ്റ് കാർഡും ക്രെഡിറ്റ് കാർഡും ഉപയോഗിച്ചും യുപിഐ പേയ്മെന്‍റ് മുഖേനെയും നേരിട്ട് വീട്ടിലിരുന്ന് ഈപേയ്മെന്‍റ് സംവിധാനം മുഖേനെയും പണമടയ്ക്കാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. കെ സ്മാർട്ട് അപ്ലിക്കേഷന്‍ മുഖേനെയുള്ള എല്ലാ സംവിധാനവും ഇരിങ്ങാലക്കുട നഗരസഭയിലും ലഭ്യമാക്കി കഴിഞ്ഞു. പൗരകേന്ദ്രീകൃതവും ഇടനിലക്കാരില്ലാത്തതും സുതാര്യവും അഴിമതിരഹിതവുമായ സേവനത്തിന് ഈ സംവിധാനം പ്രയോജനപ്പെടുമെന്നും നഗരസഭയിലേക്ക് സെവനത്തിന് വരുന്നവര്‍ ആധാര്‍ കാര്‍ഡും ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ ഫോൺ കൊണ്ടുവരണമെന്നും നഗരസഭാ സെക്രട്ടറി എം.എച്ച് ഷാജിക് അറിയിച്ചു. ആധാര്‍ ഇല്ലാത്തവര്‍ പാന്‍ കാര്‍ഡ്, വോട്ടര്‍ ഐ.ഡി.കാര്‍ഡ് എന്നിവ ഉപയോഗിക്കേണ്ടതാണ്. നഗരസഭയില്‍ വരുന്ന ജനങ്ങള്‍ക്ക് പുതിയ സംവിധാനത്തില്‍ പ്രയാസം നേരിടാതിരിക്കാന്‍ വേണ്ടി നഗരസഭാ ഓഫീസില്‍ സിറ്റിസെന്‍ ഫെസിലിറ്റേഷന്‍ സെന്‍റർ പ്രവർത്തിനമാരംഭിച്ചിട്ടുണ്ട്. സെന്‍ററിന്‍റേയും ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാകുന്നതിന്‍റെയും ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സണ്‍ സുജ സഞ്ജീവ് കുമാർ നിർവ്വഹിച്ചു. യോഗത്തില്‍ വൈസ് ചെയർമാന്‍ ടി.വി ചാർളി അദ്ധ്യക്ഷനായിരുന്നു. ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ അംബിക പള്ളിപ്പുറത്ത്, വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ഫെനി എബിന്‍ വെള്ളാനിക്കാരന്‍, കൗണ്‍സിലര്‍ നസീമ കുഞ്ഞുമോന്‍ എന്നിവര്‍ പ്രസംഗിച്ചു. നഗരസഭ സെക്രട്ടറി എം എച്ച് ഷാജിക് സ്വാഗതവും അസിസ്സ്റ്റന്‍റ് സെക്രട്ടറി ഹസീന നന്ദി പറഞ്ഞു.

Please follow and like us: