ആളൂരിലെ വ്യാജമദ്യനിർമ്മാണം; സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് സിപിഐ യുടെ പ്രതിഷേധ പ്രകടനവും യോഗവും …
ഇരിങ്ങാലക്കുട : ആളൂർ പഞ്ചായത്തിലെ പൊരുന്നംകുന്ന് വ്യാജമദ്യ നിർമ്മാണവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം വേണമെന്ന് സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി മണി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് സിപിഐ ആളൂർ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പ്രകടനവും യോഗവും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകസഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായിട്ടുള്ളതാണ് ഈ വ്യാജമദ്യ നിർമ്മാണം എന്നും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പിടികൂടിയ കൊടകര മോഡൽ കുഴൽപണ ഇടപാടിന് സമാനമായ സംഭവമാണിതെന്നും, 2500 ലിറ്റർ സ്പിരിറ്റും 1500 ലിറ്റർ വ്യാജമദ്യവും ഒന്നോ രണ്ടോ വ്യക്തികളാൽ മാത്രം ആസൂത്രണം ചെയ്യപ്പെട്ട സംഭവമാകില്ലെന്നും പി മണി പറഞ്ഞു.നേരത്തെ ഷോളയാറിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം വെള്ളാഞ്ചിറ പള്ളി ബസ് സ്റ്റോപ്പ് പരിസരത്ത് സമാപിച്ചു. സിപിഐ ആളൂർ ലോക്കൽ കമ്മിറ്റി അംഗവും പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ദിപിൻ പാപ്പച്ചൻ അധ്യക്ഷത വഹിച്ച യോഗത്തിൽ എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ, സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എം ബി ലത്തീഫ്, സിപിഐ ആളൂർ ലോക്കൽ സെക്രട്ടറി ടി സി അർജുനൻ, ബിന്ദു ഷാജു എന്നിവർ സംസാരിച്ചു.