ഭിന്നശേഷിക്കാർക്ക് എകീകൃത തിരിച്ചറിയൽ കാർഡിനുള്ള നടപടികൾക്ക് തുടക്കമിട്ട് സാമൂഹ്യ നീതി വകുപ്പ് ; നിയോജക മണ്ഡലത്തിലെ ഭിന്നശേഷിക്കാർക്കുള്ള മെഡിക്കൽ ബോർഡ് ക്യാമ്പിൽ എത്തിയത് 450 ഓളം പേർ …
ഇരിങ്ങാലക്കുട : സംസ്ഥാനത്തെ മുഴുവൻ ഭിന്നശേഷിക്കാർക്കും ഭിന്നശേഷി സർട്ടിഫിക്കറ്റും എകീകൃത തിരിച്ചറിയൽ കാർഡും നൽകാനുള്ള നടപടികൾക്ക് തുടക്കമിട്ട് സാമൂഹ്യ നീതി വകുപ്പ് . ഇതിന്റെ ഭാഗമായി ഇരിങ്ങാലക്കുട അസംബ്ലി നിയോജക മണ്ഡലത്തിലെ ഭിന്നശേഷിക്കാർക്ക് വേണ്ടി സംഘടിപ്പിച്ച മെഡിക്കൽ ബോർഡ് ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ 28 സംസ്ഥാനങ്ങളിൽ കേരളമാണ് ഭിന്നശേഷി ക്കാർക്കുള്ള എകീകൃത തിരിച്ചറിയൽ കാർഡിനുള്ള നടപടികൾക്ക് ആദ്യമായി തുടക്കമിടുന്നതെന്ന് പി കെ ഡേവീസ് മാസ്റ്റർ ചൂണ്ടിക്കാട്ടി. ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ അധ്യക്ഷയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ ലളിത ബാലൻ , വിജയലക്ഷ്മി വിനയചന്ദ്രൻ , സന്ധ്യ നൈസൺ , പഞ്ചായത്ത് പ്രസിഡണ്ടുമാരായ ജോസ് ജെ ചിറ്റിലപ്പിള്ളി, സീമ പ്രേംരാജ്, റോമി ബേബി എന്നിവർ ആശംസകൾ നേർന്നു. ജില്ലാ സാമൂഹ്യ നീതി ഓഫീസർ കെ ആർ പ്രദീപൻ സ്വാഗതവും കേരള സാമൂഹ്യ സുരക്ഷാമിഷൻ ജില്ലാ കോർഡിനേറ്റർ കെ പി സജീവ് നന്ദിയും പറഞ്ഞു. 450 ഓളം പേർ ക്യാമ്പിൽ പങ്കെടുത്തു.