അമ്യത് പദ്ധതി ; ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ നടപ്പിലാക്കുന്നത് 13.5 കോടി രൂപയുടെ പദ്ധതികൾ ; നൽകുന്നത് രണ്ടായിരത്തോളം കണക്ഷനുകൾ …

അമ്യത് പദ്ധതി ; ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ നടപ്പിലാക്കുന്നത് 13.5 കോടി രൂപയുടെ പദ്ധതികൾ ; നൽകുന്നത് രണ്ടായിരത്തോളം കണക്ഷനുകൾ …

 

ത്യശ്ശൂർ : കുടിവെള്ള ശ്യംഖല ശക്തിപ്പെടുത്താനും ശുദ്ധജല കണക്ഷനുകൾ നൽകാനും ലക്ഷ്യമിടുന്ന അമ്യത് 2 പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ നടപ്പിലാക്കുന്നത് 13.5 കോടി രൂപയുടെ പദ്ധതികൾ. വിവിധ വാർഡുകളിലായി രണ്ടായിരത്തോളം കണക്ഷനുകളും ഇതിന്റെ ഭാഗമായി നൽകും . നാല് പ്രവൃത്തികളിലായിട്ടാണ് പതിമൂന്നരക്കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കുന്നത്. നഗരസഭയിലെ 23, 32 വാർഡുകളിലായി നടപ്പിലാക്കുന്ന 1.68 കോടി രൂപയുടെ പദ്ധതിയാണ് ആദ്യത്തേത്. പഴയ പൈപ്പുകൾ മാറ്റുന്നതോടൊപ്പം രണ്ട് വാർഡുകളിലായി 200 കണക്ഷനുകളും നൽകാനാണ് ലക്ഷ്യമിടുന്നത്. കുടിവെള്ള ക്ഷാമം നേരിടുന്ന സിവിൽ സ്റ്റേഷനിലെ ഓഫീസുകളിലേക്കും സബ് ജയിലിലേക്കും പദ്ധതിയുടെ ഭാഗമായി വെള്ളം എത്തിക്കും. പദ്ധതിയുടെ ടെണ്ടർ നടപടികൾ പൂർത്തിയാക്കി ക്കഴിഞ്ഞു. നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. നഗരസഭയുടെ 1, 2 വാർഡുകളിലായി വിതരണ ശ്യംഖല ശക്തിപ്പെടുത്തുകയും 200 കണക്ഷനുകൾ നൽകുകയും ചെയ്യുന്ന പദ്ധതിയാണ് രണ്ടാമത്തേത് . 84 ലക്ഷം രൂപയാണ് അടങ്കൽ തുക. കരുവന്നൂർ ബംഗ്ലാവ് പരിസരം, ഇല്ലിക്കൽ ബണ്ട് മേഖലകളാണ് എന്നിവയാണ് പദ്ധതിയുടെ കീഴിൽ വരുന്നത്. പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച് കഴിഞ്ഞു. നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ള പൈപ്പ് ലൈൻ നീട്ടുന്നതും കാലഹരണപ്പെട്ട പൈപ്പുകൾ മാറ്റുന്നതുമാണ് മൂന്നാമത്തെ പദ്ധതി. 7.9 കോടി രൂപയാണ് അടങ്കൽ തുക. ഗാന്ധിഗ്രാം , കോമ്പാറ ഈസ്റ്റ്, വെസ്റ്റ് , കൊരുമ്പിശ്ശേരി, കെ എസ് പാർക്ക്, സോൾവെന്റ് ചവിട്ടുപ്പാലം, ലൂണ പരിസരം, പുലിക്കുട്ടി മഠം റോഡ്,ചെറുത്യക്ക് അമ്പലപരിസരം, ഗായത്രി ഹാൾ, എകെപി ജംഗ്ഷൻ തെക്കേ നട , മടത്തിക്കര, തലയിണക്കുന്ന്, തളിയക്കോണം, എന്നിവയാണ് പദ്ധതി പ്രദേശങ്ങൾ. മങ്ങാടിക്കുന്നിൽ നിന്ന് ചന്തക്കുന്ന് വരെ പമ്പിംഗ് മെയിൻ വലിക്കലും പച്ചക്കറി മാർക്കറ്റിൽ പുതിയ ടാങ്ക് നിർമ്മാണവും നൂറ് കണക്ഷൻ നൽകലും ലക്ഷ്യമിട്ടിട്ടുള്ള നാലാമത്തെ പദ്ധതിക്കായി ചിലവഴിക്കുന്നത് 3.23 കോടി രൂപയാണ്. മാർക്കറ്റ് റോഡിലുള്ള പഴയ ജലസംഭരണി പൊളിച്ച് നീക്കുന്ന പ്രവൃത്തി ആരംഭിച്ച് കഴിഞ്ഞു. നഗരസഭാ പരിധിയിലെ കാലപ്പഴക്കം വന്ന കുടിവെള്ള ശ്യംഖല ശക്തിപ്പെടുത്തൽ അടക്കമുള്ള ലക്ഷ്യങ്ങൾ മുൻനിർത്തി 90 കോടി രൂപയുടെ പദ്ധതികളാണ് 2021 ൽ സമർപ്പിച്ചത്. 13.5 കോടി രൂപയുടെ പദ്ധതികൾക്കാണ് അനുമതി ലഭിച്ചത്. ഒരു വർഷമാണ് നാല് പദ്ധതികളുടെയും നിർമ്മാണ കാലാവധി. പോട്ട – മൂന്നുപീടിക റോഡിലെ പഴയ പൈപ്പ് ലൈൻ മാറ്റാനുള്ള 6.5 കോടി രൂപയുടെ നിർദ്ദേശവും സമർപ്പിച്ചിട്ടുണ്ട്. കേന്ദ്രാവിഷ്ക്യത പദ്ധതിയായ അമ്യതിന്റെ അമ്പത് ശതമാനം കേന്ദ്രവും 37.5 ശതമാനം സംസ്ഥാനവും 12.5 ശതമാനം നഗരസഭയുമാണ് വഹിക്കുന്നത്.

Please follow and like us: