ഇരിങ്ങാലക്കുട സഹകരണ ആസ്പത്രി അഴിമതി അന്വേഷിക്കുവാനും മൂന്ന് മാസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുവാനും വിജിലൻസ് കോടതി ഉത്തരവ് …
തൃശ്ശൂർ : വ്യക്തമായ തെളിവുകൾ ഉണ്ടായിട്ടും കേസ് വേണ്ട വിധം അന്വേഷിക്കാതെ മൂന്ന് തവണ എതിർ കക്ഷിക്ക് സഹായകരമാകുന്ന തരത്തിൽ ദ്രുത പരിശോധന റിപ്പോർട്ട് നൽകിയ വിജിലൻസിനെ രൂക്ഷമായി വിമർശിച്ചു കൊണ്ട് തൃശൂർ വിജിലൻസ് കോടതിയുടെ ഉത്തരവ്. ഇരിങ്ങാലക്കുട നഗരസഭയിലെ ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവും 2010 മുതൽ നഗരസഭ കൗൺസിലറുമായ സന്തോഷ് ബോബൻ ഇരിങ്ങാലക്കുട സഹകരണ ആസ്പത്രിക്കെതിരെ ഫയൽ ചെയ്ത കേസിലാണ് തൃശൂർ വിജിലൻസ് കോടതി ജഡ്ജി ജി അനിലിന്റെ വിധി. തൃശൂർ വിജിലൻസ് ഡി.വൈ.എസ്.പിയോട് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാനും മൂന്ന് മാസത്തിനുള്ളിൽ അനേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുവാനുമാണ് ഉത്തരവ്. മുൻ കെ.പി.സി.സി. ജനറൽ സെക്രട്ടറിയും സഹകരണ ആസ്പത്രി പ്രസിഡണ്ടുമായ എം.പി. ജാക്സനാണ് കേസിലെ ഒന്നാം പ്രതി. മൊത്തം ആറ് പ്രതികളുണ്ട്. ഇരിങ്ങാലക്കുട സഹകരണ ആസ്പത്രിക്ക് എതിരെ 2006 മുതൽ 2011 വരെ നടന്നിട്ടുള്ള എല്ലാ ഓഡിറ്റ് റിപ്പോർട്ടുകളിലും നിരവധി ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയിട്ടുളളതാണ്. ഈ ഓഡിറ്റ് റിപ്പോർട്ടുകളും പരാതിക്കാരനറിയാവുന്ന മറ്റ് വിവരങ്ങളുമായിരുന്നു ഹർജിക്ക് ആധാരം.സഹകരണ വകുപ്പിൽ നിന്ന് അനുവാദം വാങ്ങാതെ കേന്ദ്ര ധനകാര്യ സ്ഥാപനമായ ഹഡ്കോയിൽ നിന്ന് വായ്പ എടുത്ത് കടബാദ്ധ്യതകൾ വരുത്തിയതും കെട്ടിട നിർമാണം നടത്തിയതും അന്വേഷിക്കേണ്ടതാണെന്നും ഉത്തരവായിട്ടുണ്ട്.
സഹകരണ ആസ്പത്രി പ്രസിഡണ്ട് എം.പി. ജാക്സൻ, വൈസ് പ്രസിഡണ്ട് ഇ ബാലഗംഗാധരൻ, സെക്രട്ടറി കെ.കെ.ജോണി, കെ.വേണു മാസ്റ്റർ, കെ.എ അബ്ദുൾ റഹ്മാൻ, ജോസ് മൂഞ്ഞലി, വർഗീസ് പുത്തനങ്ങാടി എന്നിവരാണ് പ്രതിസ്ഥാനത്തുള്ളവർ. ഹർജിക്കാരന് വേണ്ടി അഡ്വക്കെറ്റ് പി. പ്രമോദ് ഹാജരായി.