മുരിയാട് എംപറർ ഇമ്മാനുവൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ മെഗാമെഡിക്കൽ ക്യാമ്പ് ഡിസംബർ 30 ന് വല്ലക്കുന്ന് ലയൺസ് ക്ലബ് ഓഡിറ്റോറിയത്തിൽ ….
ഇരിങ്ങാലക്കുട : മുരിയാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന എംപറർ ഇമ്മാനുവൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ മുരിയാട്, ആളൂർ ഗ്രാമപഞ്ചായത്ത് നിവാസികൾക്കായി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഡിസംബർ 30 ന് രാവിലെ വല്ലക്കുന്നുള്ള ലയൺസ് ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ക്യാമ്പ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്യുമെന്ന് ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജോജോ, ഇമ്മാനുവൽ ചർച്ച് പിആർഒ ഡയസ് അച്ചാണ്ടി എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. 24 മണിക്കൂറും ലഭ്യമാക്കുന്ന സൗജന്യ ആംബുലൻസ് സർവീസിന്റെ ഉദ്ഘാടനം പി വി അൻവർ എംഎൽഎ യും സൗജന്യ വീൽ ചെയർ വിതരണം റൂറൽ ജില്ലാ പോലീസ് മേധാവി നവനീത് ശർമ്മ ഐപിഎസും നിർവഹിക്കും. ക്യാമ്പിനോടനുബന്ധിച്ച് വിദഗ്ധ ഡോക്ടർമാർ നയിക്കുന്ന ബോധവൽക്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചിട്ടുണ്ട്. മുരിയാട് പഞ്ചായത്ത് അംഗം ശ്രീജിത്ത് പട്ടത്ത് , ഡോ ജോസഫ് വില്ലി എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.