മാടായിക്കോണം കുടുംബക്ഷേമ ഉപകേന്ദ്രത്തോടനുബന്ധിച്ച് ഹെൽത്ത് ആന്റ് വെൽനെസ്സ് സെന്റർ ആരംഭിക്കുന്നതിന്റെ സാധ്യതകൾ വിലയിരുത്താൻ ജില്ലാ കളക്ടർ സ്ഥലം സന്ദർശിച്ചു; വിശദമായ റിപ്പോർട്ട് നൽകാൻ നഗരസഭ അധികൃതർക്ക് കളക്ടറുടെ നിർദ്ദേശം …
ഇരിങ്ങാലക്കുട : പതിമൂന്നാം ധനകാര്യ കമ്മീഷനിൽ നിന്നുള്ള ഗ്രാന്റ് ഉപയോഗിച്ച് ആരംഭിക്കുന്ന വെൽനെസ്സ് സെന്റർ നഗരസഭ വാർഡ് 7 ൽ മാടായിക്കോണം കുടുംബക്ഷേമ കേന്ദ്രത്തിൽ ആരംഭിക്കുന്നതിന്റെ സാധ്യതകൾ വിലയിരുത്താൻ ജില്ലാ കളക്ടർ കൃഷ്ണതേജ ഐഐഎസ് കുടുംബക്ഷേമ ഉപകേന്ദ്രം സന്ദർശിച്ചു. നഗരസഭ പരിധിയിൽ വെൽനെസ്സ് സെന്ററുകൾ തുടങ്ങാൻ എൺപത് ലക്ഷത്തോളം രൂപയാണ് അനുവദിച്ചിട്ടുള്ളത്. വാർഡ് 29 ൽ നേരത്തെ തന്നെ വെൽനെസ്സ് സെന്റർ ആരംഭിച്ചിരുന്നു. വാർഡ് 7 ൽ മാടായിക്കോണം കുടുംബക്ഷേമ ഉപകേന്ദ്രത്തോടനുബന്ധിച്ച് വെൽനെസ്സ് സെന്റർ തുടങ്ങാനുള്ള നിർദ്ദേശം നഗരസഭ അധികൃതർ സമർപ്പിച്ചിരുന്നുവെങ്കിലും ജില്ലാ ആരോഗ്യ വകുപ്പ് അനുവാദം നൽകിയിരുന്നില്ല. വാർഡ് 7 ൽ തന്നെ വാടകക്കെട്ടിടങ്ങളിൽ വെൽനെസ്സ് സെന്റർ ആരംഭിക്കാനുള്ള ശ്രമങ്ങളും എവിടെയുമെത്തിയില്ല. ഡിസംബർ 30 നകം അനുയോജ്യമായ സ്ഥലം കണ്ടെത്തുകയും പദ്ധതി പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തില്ലെങ്കിൽ ഫണ്ട് നഷ്ടപ്പെടുമെന്ന സാഹചര്യത്തിൽ നഗരസഭ ചെയർപേഴ്സണും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരും ജില്ലാ കളക്ടറെ നേരിട്ട് കണ്ട് വിഷയം ധരിപ്പിക്കുകയായിരുന്നു. തുടർന്നാണ് ജില്ലാ കളക്ടർ വെളളിയാഴ്ച പതിനൊന്ന് മണിയോടെ സ്ഥലം സന്ദർശിച്ചത്. ഉപകേന്ദ്രവും പരിസരങ്ങളും ചുറ്റിക്കണ്ട കണ്ട കളക്ടർ ഉപകേന്ദ്രത്തിലെ പ്രവർത്തനങ്ങൾ ജീവനക്കാരിൽ നിന്നും ചോദിച്ച് അറിഞ്ഞു. നഗരസഭയുടെ ആവശ്യം സംബന്ധിച്ച വിശദമായ റിപ്പോർട്ട് ഉടൻ നല്കാനും വിഷയം പരിഗണിക്കാമെന്നുമുള്ള ഉറപ്പ് നൽകിയാണ് കളക്ടർ മടങ്ങിയത്. നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ , വൈസ്- ചെയർമാൻ ടി വി ചാർലി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ , വാർഡ് കൗൺസിലർ ആർച്ച അനീഷ് അടക്കമുള്ള കൗൺസിലർമാർ , ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവർ സ്ഥലത്തുണ്ടായിരുന്നു