കാറളം താണിശ്ശേരിയിൽ കാനനിര്‍മ്മാണത്തെ ചൊല്ലി തര്‍ക്കം, ജെസിബിക്ക് മുന്നില്‍ കുത്തിയിരുന്ന് വീട്ടമ്മയുടെ പ്രതിഷേധം …

കാറളം താണിശ്ശേരിയിൽ കാനനിര്‍മ്മാണത്തെ ചൊല്ലി തര്‍ക്കം, ജെസിബിക്ക് മുന്നില്‍ കുത്തിയിരുന്ന് വീട്ടമ്മയുടെ പ്രതിഷേധം …

 

ഇരിങ്ങാലക്കുട : കാറളം പഞ്ചായത്തിലെ താണിശ്ശേരിയില്‍ കാനനിര്‍മ്മാണത്തെ ചൊല്ലി തര്‍ക്കം, വീട്ടമ്മ കാനയില്‍ ജെസിബിക്കു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് പോലീസ് എത്തി പണികള്‍ താത്കാലികമായി നിര്‍ത്തി വയ്പ്പിച്ചു. കാറളം പഞ്ചായത്ത് വാര്‍ഡ് 12 ല്‍ ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള താണിശേരി വെള്ളാനി റോഡിലാണ് എട്ട് മീറ്റര്‍ കാനനിര്‍മ്മാണം നടക്കുന്നത്. കല്ലട ക്ഷേത്രത്തിനു സമീപത്തുള്ള കല്ലട വീട്ടില്‍ രതി ലെനിന്‍ എന്ന വീട്ടമ്മയുടെ പറമ്പിന്റെ അതിര്‍ത്തി കൈയ്യേറി കാനനിര്‍മ്മാണത്തിനായി മണ്ണ് നീക്കം ചെയ്തുവെന്നാരേപിച്ചാണ് രതി മണ്ണ് നീക്കം ചെയ്ത സ്ഥലത്ത് ഇരുന്ന് പ്രതിഷേധിച്ചത്. വീട്ടുകാരോട് പറയാതെ ഇവരുടെ പറമ്പ് കൈയേറി നാലോളം മരങ്ങള്‍ മുറിച്ചു നീക്കിയെന്നും പറയുന്നു. രാവിലെ നിര്‍മ്മാണത്തിനായി തൊഴിലാളികള്‍ എത്തിയപ്പോള്‍ രതിയും മക്കളും നിര്‍മ്മാണം തടഞ്ഞു. ഇതേ കുറിച്ച് കാട്ടൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാന്‍ പോയ സമയത്താണ് മരങ്ങള്‍ മുറിച്ച് കാനയ്ക്കായി മണ്ണ് നീക്കം ചെയ്തതെന്ന് ഇവര്‍ പറഞ്ഞു. ഒരുമാസം മുമ്പാണ് കാന നിര്‍മാണം ആരംഭിച്ചത്.എന്നാല്‍ സര്‍വേകല്ലുകള്‍ കേന്ദ്രീകരിച്ചാണ് കാന നിര്‍മ്മാണം നടത്തുന്നതെന്നും ഇവരുടെ പറമ്പിന് പുറത്ത് ഇത്തരത്തിലുള്ള കല്ലുകള്‍ അടിസ്ഥാനമാക്കിയാണ് കാനക്കായി മണ്ണ് നീക്കം ചെയ്തതെന്നുമാണ് കരാറുകാരൻ വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചതിനു ശേഷമേ പണി പുനരാംരഭിക്കുകയുള്ളൂവെന്നാണ് സൂചന.

Please follow and like us: