നവകേരള സദസ്സിൽ ലഭിച്ച നിവേദനങ്ങളുടെ തുടർ നടപടികൾ പൂർത്തിയാക്കി മുകുന്ദപുരം താലൂക്ക് ; താലൂക്കിന്റെ പരിധിയിൽ വരുന്ന ഇരിങ്ങാലക്കുട, പുതുക്കാട് മണ്ഡലങ്ങളിലായി ലഭിച്ചത് 8543 നിവേദനങ്ങൾ…
ഇരിങ്ങാലക്കുട : നവകേരള സദസ്സിൽ ലഭിച്ച നിവേദനങ്ങളുടെ തുടർ നടപടികൾ മുകുന്ദപുരം താലൂക്കിൽ പൂർത്തിയായി. റവന്യൂ വിഭാഗത്തിന്റെ നേത്യത്വത്തിൽ ഇരിങ്ങാലക്കുട, പുതുക്കാട് മണ്ഡലങ്ങളിൽ നടന്ന നവകേരള സദസ്സുകളിലായി ലഭിച്ച എണ്ണായിരത്തോളം നിവേദനങ്ങൾ സ്കാൻ ചെയ്ത് നവകേരള സദസ്സുമായി ബന്ധപ്പെട്ട വെബ് -സൈറ്റിൽ അപ്ലോഡ് ചെയ്യുന്ന പ്രക്രിയയാണ് പരിപാടി നടന്ന് അഞ്ച് ദിവസങ്ങൾക്കുള്ളിൽ തഹസിൽദാർ കെ ശാന്തകുമാരിയുടെ നേത്യത്വത്തിൽ പൂർത്തിയാക്കിയത്. താലൂക്കിന്റെ പരിധിയിൽ വരുന്ന ഇരിങ്ങാലക്കുട മണ്ഡലത്തിൽ നിന്നും 4274 നിവേദനങ്ങളും പുതുക്കാട് മണ്ഡലത്തിൽ നിന്നും 4269 നിവേദനങ്ങളുമാണ് നവകേരള സദസ്സിലൂടെ ലഭിച്ചത്. പരിപാടി നടന്നതിന്റെ അടുത്ത ദിവസം തന്നെ ആയിരത്തോളം നിവേദനങ്ങളുടെ സ്കാനിംഗ് പൂർത്തിയാക്കിക്കഴിഞ്ഞിരുന്നു. അവധി ദിനങ്ങളിലും രാത്രി സമയത്തും പ്രവർത്തിച്ചാണ് അഞ്ച് ദിവസത്തിനുള്ളിൽ തന്നെ പ്രവ്യത്തികൾ പൂർത്തീകരിച്ചത്. വെബ്സൈറ്റിന്റെ വേഗത പ്രശ്നവും അപ്ലോഡ് ചെയ്യാൻ കൂടുതൽ സമയം വേണ്ടി വരുന്ന വിഷയത്തിനും ഇത് വഴി പരിഹാരം കാണാൻ കഴിഞ്ഞു. അപ്ലോഡ് ചെയ്ത ഡാറ്റ കളക്ടറേറ്റിൽ നിന്നും ബന്ധപ്പെട്ട വകുപ്പുകളിലേക്ക് പരിഹാരത്തിനായി അയച്ച് കൊടുക്കുമെന്ന് താലൂക്ക് അധികൃതർ അറിയിച്ചു. നവകേരള സദസ്സിൽ ലഭിക്കുന്ന പരാതികൾക്ക് 45 ദിവസത്തിനുള്ളിൽ പരിഹാരം കാണുമെന്നാണ് സർക്കാർ വ്യക്തമാക്കിയിട്ടുളളത്.