പദ്ധതി വിനയോഗം ; ഇരിങ്ങാലക്കുട നഗരസഭ ഇത് വരെ ചിലവഴിച്ചത് 19 ശതമാനം മാത്രം; ഷീ ലോഡ്ജ് നിർമ്മാണം തോട് കയ്യേറിയെന്ന് വിമർശനം ; നഗരസഭ ഓഫീസിൽ ഫയലുകൾ അപ്രത്യക്ഷമാകുന്നതിനെ ചൊല്ലിയും വിമർശനം …
ഇരിങ്ങാലക്കുട : 2023 – 24 വർഷത്തെ വാർഷിക പദ്ധതി നിർവഹണത്തിനായി മാസങ്ങൾ മാത്രം ബാക്കി ഉള്ളപ്പോൾ , ഇരിങ്ങാലക്കുട നഗരസഭയുടെ ഇതുവരെയുള്ള ഫണ്ട് വിനിയോഗം 19 ശതമാനം മാത്രം. ജനറൽ വിഭാഗത്തിൽ 30 ശതമാനവും എസ് സി പി വിഭാഗത്തിൽ 25.67 ശതമാനവും റോഡ്സ് വിഭാഗത്തിൽ 24.03 ശതമാനവുമാണ് ചിലവഴിച്ചിട്ടുള്ളതെന്ന് ചെയർപേഴ്സൺ നഗരസഭയോഗത്തിൽ ഇത് സംബന്ധിച്ച എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ കെ ആർ വിജയയുടെ ചോദ്യത്തിന് മറുപടിയായി അറിയിച്ചു. ഇക്കാര്യത്തിൽ ധിക്കാരവും നിഷ്ക്രിയവുമായ ശൈലിയാണ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നതെന്നും ആഗസ്റ്റ് മാസത്തിന് ശേഷം ഒരു ബിൽ പോലും കൊടുത്തിട്ടില്ലെന്നും വികസന , പൊതുമരാമത്ത് കമ്മിറ്റികൾ നിരന്തര അവലോകനം നടത്തണമെന്നും ബിജെപി അംഗങ്ങളായ ടി കെ ഷാജു, സന്തോഷ് ബോബൻ എന്നിവർ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് പ്രത്യേക യോഗം 18 ന് വിളിക്കുന്നുണ്ടെന്നും ജനുവരിയിൽ തന്നെ എല്ലാ നിർമ്മാണ പ്രവൃത്തികളുമായി ബന്ധപ്പെട്ട കരാറുകൾ ആകുമെന്നും ചെയർ പേഴ്സൺ മറുപടി നൽകി.
കോടികൾ ചിലവഴിച്ചുള്ള നഗരസഭ കെട്ടിടങ്ങൾ നിർമ്മാണത്തിലെ അശാസ്ത്രീയത മൂലം ലക്ഷ്യം നിറവേറ്റാൻ കഴിയാത്ത അവസ്ഥയിലാണെന്നും ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന ഷീ ലോഡ്ജിന്റെ നിർമ്മാണം തോട് കയ്യേറിയിട്ടാണെന്നും ഇതിനകം തന്നെ പരാതികൾ ഉയർന്നു കഴിഞ്ഞതായും സന്തോഷ് ബോബൻ ടൗൺ ഹാൾ കോംപ്ലക്സ് പദ്ധതി നിർമ്മാണ ചർച്ചയിൽ ചൂണ്ടിക്കാട്ടി.
നഗരസഭ ഓഫീസിൽ ഫയലുകൾ അപ്രത്യക്ഷമാകുന്നത് വീണ്ടും ചർച്ചയായി . ഇത് മൂലം വാർഡിലെ നിർമ്മാണ പ്രവർത്തനങ്ങൾ മുടങ്ങുന്ന സാഹചര്യമാണെന്നും എൽഡിഎഫ് കൗൺസിലർമാരുടെ വാർഡുകളിലെ ഫയലുകളാണ് അപ്രത്യക്ഷമാകുന്നതെന്നും അൽഫോൺസ തോമസ്, നസീമ കുഞ്ഞുമോൻ , രാജി കൃഷ്ണകുമാർ എന്നിവർ പറഞ്ഞു.
സാമൂഹ്യ സുരക്ഷാ പെൻഷൻ പട്ടികയിൽ നിന്ന് നിരവധി പേർ തഴയപ്പെട്ട വിഷയം വീണ്ടും ഉയർന്നു. നഗരസഭ ഉദ്യോഗസ്ഥർ സ്ഥലം മാറി പോയ ഘട്ടത്തിൽ കൃത്യമായ ഫയൽ കൈമാറ്റം നടന്നിട്ടില്ലെന്നും ഓരോ വാർഡിലും എട്ട് മുതൽ പത്ത് വരെയുളളവർക്ക് പെൻഷൻ നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും സോഫ്റ്റ് വെയറിന്റെ പേരും പറഞ്ഞ് പ്രശ്നത്തെ നിസ്സാരവല്ക്കരിക്കുന്ന സമീപനം ശരിയല്ലെന്നും എൽഡിഎഫ് കൗൺസിലർ കെ പ്രവീൺ വിമർശിച്ചു. വിഷയം ഇരിങ്ങാലക്കുട നഗരസഭയിൽ മാത്രമല്ല ഉള്ളതെന്നും അർഹതയുള്ളവരുടെ പെൻഷൻ നിഷേധിക്കപ്പെടില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ടെന്നും സെക്രട്ടറി എം എച്ച് ഷാജിക് വിശദീകരിച്ചു.
ജനുവരി 1 മുതൽ കെ – സ്മാർട്ട് അപ്ലിക്കേഷൻ നിലവിൽ വരുമെന്ന് കഴിഞ്ഞ ദിവസം തദ്ദേശ വകുപ്പ് മന്ത്രി അറിയിച്ചതായും എട്ടോളം സേവനങ്ങൾക്കായി നഗരസഭ ഓഫീസിൽ വരാതെ ഓൺലൈനിൽ നേടിയെടുക്കാമെന്നും സെക്രട്ടറി അറിയിച്ചു. നികുതി പിരിവിനായി ആരംഭിക്കുന്ന ക്യാംപ് കളക്ഷനുമായി എവരും സഹകരിക്കണമെന്നും അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ 24 % പിഴ പലിശ വരുമെന്നും ഹരിത ്് കർമ്മസേനയ്ക്ക് നൽകുന്ന യൂസർ ഫീ കൃത്യമായി നൽകിയില്ലെങ്കിലും പിഴയിൽ കാര്യമായ വർധനവ് ഉണ്ടാകുമെന്നും സെക്രട്ടറി അറിയിച്ചു.
യോഗത്തിൽ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ അധ്യക്ഷത വഹിച്ചു.