രംഗകലകളുടെ ത്രിദിന അരങ്ങ് “നവ്യം – യൗവനത്തിൻ കലൈയാട്ടം ” ശ്രദ്ധേയമായി….

രംഗകലകളുടെ ത്രിദിന അരങ്ങ് “നവ്യം – യൗവനത്തിൻ കലൈയാട്ടം ” ശ്രദ്ധേയമായി….

 

ഇരിങ്ങാലക്കുട : കലാരംഗത്ത് പ്രതിബദ്ധതയുള്ള യുവപ്രതിഭകൾക്കായി ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് സംഘടിപ്പിച്ച രംഗകലകളുടെ ത്രിദിന അരങ്ങ് “നവ്യം – യൗവനത്തിൻ കലൈയാട്ടം” ശ്രദ്ധേയമായി. ഇന്ത്യൻ റിസർവ് ബറ്റാലിയൻ മേധാവി ഐശ്വര്യ ഡോങ്കരെ ഐപിഎസ് ഭദ്രദീപം തെളിയിച്ച് “നവ്യ”ത്തിന് സമാരംഭം കുറിച്ചു. ‘മോഹനിയാട്ടത്തിൽ മാർഗ്ഗി അവതരണരീതികളുടെ സവിശേഷതകളും, സംരക്ഷണവും, കാലികപ്രസക്തിയും’ എന്ന വിഷയത്തിൽ കലാമണ്ഡലം അക്ഷര പ്രബന്ധാവതരണം നടത്തി. മാളവികമേനോൻ മോഹിനിയാട്ടം അവതരിപ്പിക്കുകയും ചെയ്തു. ഗുരു വിനീത നെടുങ്ങാടി നട്ടുവാങ്കത്തിലും കലാമണ്ഡലം കാർത്തികേയൻ വായ്പാട്ടിലും കല്ലേക്കുളങ്ങര ഉണ്ണികൃഷ്ണൻ മൃദംഗത്തിലും സുരേഷ് അമ്പാടി വയലിനിലും, വിനോദ് കുമാർ പുല്ലാങ്കുഴലിലും പക്കമേളമൊരുക്കി. ‘രാവണോത്ഭവം തപസ്സാട്ടത്തിന്റെ രസതന്ത്രം’ എന്ന വിഷയത്തിൽ ഡോ. കണ്ണൻ പരമേശ്വരൻ പ്രബന്ധാവതരണം നടത്തി. ശേഷം നടന്ന രാവണോത്ഭവം കഥകളിയിൽ കലാമണ്ഡലം ആദിത്യൻ രാവണനായും കലാമണ്ഡലം സായ് കാർത്തിക് കുംഭകർണ്ണനായും കലാമണ്ഡലം കൃഷ്ണദാസ് വിഭീഷണനായും രംഗത്ത് വേഷമിട്ടു. കലാമണ്ഡലം കൃഷ്ണകുമാർ സദനം പ്രേംനാരായൺ എന്നിവർ സംഗീതത്തിലും കലാമണ്ഡലം രവിശങ്കർ, കലാമണ്ഡലം ശ്രീഹരി എന്നിവർ ചെണ്ടയിലും കലാമണ്ഡലം വൈശാഖ്, ആർ.എൽ.വി സുദേവ് വർമ്മ എന്നിവർ മദ്ദളത്തിലും പശ്ചാത്തലമേളം ഒരുക്കി. കലാമണ്ഡലം സുധീഷ് ചുട്ടിയും ഊരകം നാരായണൻ നായർ, കലാമണ്ഡലം മനേഷ്, നാരായണൻകുട്ടി എന്നിവർ അണിയറ സഹായികളായി .മുതിർന്ന കലാകാരന്മാരായ ഗുരു ഡോക്ടർ സദനം കൃഷ്ണൻകുട്ടി ആശാൻ, അഭിനയഗുരു വേണുജി എന്നിവരുമായി യുവകലാകാരന്മാരുടെ കൂടിക്കാഴ്ചയ്ക്ക് “നവ്യ”ത്തിൽ പ്രത്യേകവസരമൊരുക്കിയിരുന്നു. ‘കൂച്ചിപ്പൂടിയുടെ മാർഗ്ഗ ശൈലി സവിശേഷതകൾ, ആധുനികരംഗാവതരണങ്ങളിലെ പ്രയോഗ സാധ്യതകൾ – ഒരു വിചിന്തനം’ എന്ന വിഷയത്തിൽ കാത്യായനി കനക് പ്രബന്ധാവതരണം നടത്തി. തുടർന്ന് കലാമണ്ഡലം പൂജാ രതീഷ് കുച്ചിപ്പൂടി അവ തരിപ്പിച്ചു. കലാമണ്ഡലം ലതിക നട്ടുവാങ്കവും കലാമണ്ഡലം സുപ്രഭ സംഗീത വായ്പാട്ടിലും കലാമണ്ഡലം നിധിൻ മൃദംഗത്തിലും സംഗീത മോഹൻ വയലിനിലും പക്കമേളമൊരുക്കി. ‘കൂടിയാട്ടത്തിലെ അടിസ്ഥാനസങ്കേതങ്ങളും, പകർന്നാട്ടങ്ങളും’ എന്ന വിഷയത്തിൽ ഉഷ നങ്ങ്യാർ പ്രബന്ധാവതരണം നടത്തി.

 

പിന്നീട് നടന്ന കൂടിയാട്ടം പുറപ്പാടിൽ ശ്രീഹരി ചാക്യാർ ശങ്കുകർണ്ണനായ് വേഷമിട്ടു. കലാമണ്ഡലം മണികണ്ഠൻ, നേപഥ്യ ജിനേഷ് എന്നിവർ മിഴാവിലും കലാനിലയം രാജൻ ഇടയ്ക്കയിലും ഡോ. ഇന്ദു ജി. താളത്തിലും അകമ്പടിയേകിയ പ്പോൾ കലാനിലയം ശ്രീജിത്ത് സുന്ദരൻ ചുട്ടികുത്തുകയും ചെയ്തു.

 

സമാപനദിനത്തിൽ രാവിലെ വിപിൻകുമാർ കോന്നിയൂർ സോപാനസംഗീതം ആലപിച്ചു. ‘കർണാടക സംഗീതത്തിലെ മനോധർമ്മ പ്രകരണത്തിൽ പാലിക്കേണ്ട ഔചിത്യദീക്ഷ’ എന്ന വിഷയത്തിൽ ഷർമ്മിള ശിവകുമാർ പ്രബന്ധാവതരണം നടത്തി. ശ്രീവിദ്യ വർമ്മ സാന്നിധ്യമരുളി. തുടർന്ന് ഭരത് നാരായണന്റെ കർണാടക സംഗീതക്കച്ചേരി അവതരിപ്പിച്ചു. ആദിത്യ അനിൽ വയലിനിലും ബി.എൻ.കാശിനാഥ് മൃദംഗത്തിലും പക്കമേളമൊരുക്കി. ‘ആധുനിക കാലഘട്ടത്തിൽ നൃത്തകല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും, കലാസപര്യയിൽ പ്രയോക്താക്കൾ നേരിടുന്ന പ്രതിസന്ധികളും’ എന്ന വിഷയത്തിൽ ശ്രീലക്ഷ്മി ഗോവർദ്ധനൻ, ഷിജിത്ത് നമ്പ്യാർ, ഡോ. നീനാപ്രസാദ് എന്നിവർ നയിച്ച സെമിനാർ അരങ്ങേറി. വൈകീട്ട് നടന്ന ‘ഭരതനാട്യം മാർഗ്ഗത്തിന്റെ പൂർവ്വരൂപത്തിൽ നിന്ന് ഇന്നത്തെ അവതരണരീതിയിൽ എത്തിനിൽക്കുമ്പോൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ, സാധ്യതകൾ – ഒരവലോകനം’ എന്ന വിഷയത്തിൽ അശ്വതി ശ്രീകാന്ത് പ്രബന്ധാവതരണം നടത്തി. മീരനങ്ങ്യാർ സാന്നിധ്യമരുളി. തുടർന്ന് അഞ്ജു അരവിന്ദ് ഭരതനാട്യം അവതരിപ്പിച്ചു. ഹേമന്ത് ലക്ഷ്മൺ നട്ടുവാങ്കത്തിലും ബിജീഷ് കൃഷ്ണ വാ വായ്പാട്ടിലും കലാമണ്ഡലം ചാരുദത്ത് മൃദംഗത്തിലും രഘുനാഥ് സാവിത്രി പുല്ലാങ്കുഴലിലും പക്കമേളമൊരുക്കി. ശേഷം ‘തായമ്പകയുടെ അടിസ്ഥാന ഘടനയുടെ സവിശേഷതകളും അത് പരിപാലിക്കേണ്ടതിന്റെ പ്രാധാന്യവും’ എന്ന വിഷയത്തിൽ മൂർക്കനാട് ദിനേശ് വാരിയർ പ്രബന്ധാവതരണം നടത്തി. തുടർന്ന് ശ്രീഹരി പനാവൂരും സംഘവും അവതരിപ്പിച്ച തായമ്പകയോടെ ‘നവ്യം ”

സമാപിച്ചത്.

Please follow and like us: