ഇരിങ്ങാലക്കുട ആയുർവേദ ആശുപത്രിയുടെ നവീകരണത്തിനായി പദ്ധതി ; നാഷണൽ ഹെൽത്ത് മിഷനിൽ നിന്നും അനുവദിച്ചിരിക്കുന്നത് ഒരു കോടി രൂപ …

ഇരിങ്ങാലക്കുട ആയുർവേദ ആശുപത്രിയുടെ നവീകരണത്തിനായി പദ്ധതി ; നാഷണൽ ഹെൽത്ത് മിഷനിൽ നിന്നും അനുവദിച്ചിരിക്കുന്നത് ഒരു കോടി രൂപ …

 

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ആയുർവേദ ആശുപത്രിയുടെ നവീകരണത്തിനായി നാഷണൽ ഹെൽത്ത് മിഷനിൽ നിന്ന് ഒരു കോടി രൂപ അനുവദിച്ചു. 2023 ഒക്ടോബറിലാണ് ആരോഗ്യ കേരളം പദ്ധതിയുടെ ഭാഗമായി ആശുപത്രി നവീകരണത്തിനായുള്ള ഫണ്ട് അനുവദിച്ചത്. ഇതേ തുടർന്ന് ഒക്ടോബറിൽ തന്നെ ആയുഷ് മിഷനിൽ നിന്നുളള വിദഗ്ധസംഘം ആശുപത്രി സന്ദർശനം പൂർത്തിയാക്കി. 1989 ൽ നിർമ്മിച്ച രണ്ട് നിലകളിലായുള്ള കെട്ടിടത്തിൽ ജനറൽ വാർഡ്, ഡോക്ടർമാരുടെ നാല് മുറികൾ,ഓഫീസ് ,ലാബ്, ഫാർമസി , അടുക്കള എന്നിവയാണ് പ്രവർത്തിച്ച് വരുന്നത്. നിലവിലുള്ള കെട്ടിടം പൊളിച്ച് പണിയാനുള്ള ആശയമാണ് ആദ്യം ഉണ്ടായിരുന്നതെങ്കിലും ഫണ്ട് തികയില്ലെന്നത് കൊണ്ടും പ്രവർത്തനങ്ങൾ മറ്റൊരിടത്തേക്ക് മാറ്റാനുള്ള സാധ്യതയില്ലാത്തത് കൊണ്ടും നിലവിലെ കെട്ടിടത്തിന്റെ നവീകരണത്തിനായി ഫണ്ട് ഉപയോഗിക്കാനുള്ള മാർഗ്ഗങ്ങളാണ് ആരോഗ്യ സ്ഥാപനത്തിന്റെ ചുമതലയുള്ള നഗരസഭയും ആശുപത്രി അധികൃതർ തേടുന്നത്. നഗരസഭ ചെയർപേഴ്സന്റെ സാന്നിധ്യത്തിൽ ആശുപത്രി വികസന സമിതി യോഗങ്ങളും ഇതിന്റെ ഭാഗമായി കൂടിക്കഴിഞ്ഞു. ഒ പി ബ്ലോക്കിന്റെ റീ പ്ലാസ്റ്ററിംഗ് , ഇലക്ട്രിക് വർക്കുകൾ മാറ്റുക, അടുക്കളയോട് ചേർന്നുള്ള സ്റ്റോർ മുറിയുടെ നവീകരണം, പഴയ കെട്ടിടവും കഴിഞ്ഞ വർഷം നിർമ്മാണം പൂർത്തീകരിച്ച പുതിയ കെട്ടിടവും തമ്മിൽ കൺക്ഷൻ നിർമ്മിക്കുക, രണ്ടാം നില പൊളിച്ച് പണിയുക, തുടങ്ങി പതിന്നാല് ഇനം പ്രവ്യത്തികളാണ് ഒരു കോടി രൂപ വിനിയോഗിച്ച് നടത്താൻ ലക്ഷ്യമിട്ടിരിക്കുന്നത്. കെട്ടിടത്തിന്റെ സ്റ്റബിലിറ്റി സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അടുത്ത ദിവസം തന്നെ പ്രൊജക്റ്റ് റിപ്പോർട്ടും രേഖകളും ആയുഷ് മിഷനിലേക്ക് ആശുപത്രി അധികൃതർ സമർപ്പിക്കും.

അതേ സമയം ആശുപത്രിയിൽ രണ്ട് ഘട്ടമായി കഴിഞ്ഞ വർഷം പണി പൂർത്തീകരിച്ച പുതിയ മൂന്ന് നില കെട്ടിടത്തിൽ ലിഫ്റ്റ്, സോളാർ പാനൽ , ഇൻസിനേറ്റർ , ഫയർ അലാം സംവിധാനങ്ങൾ എന്നിവ നിർമ്മാണ തുകയിൽ മിച്ചമുള്ള 62 ലക്ഷം രൂപ കൊണ്ട് യാഥാർഥ്യമാക്കാനുള്ള ആലോചനകളും സജീവമായിട്ടുണ്ട്.

Please follow and like us: