നവകേരള സദസ്സ് ; ഇരിങ്ങാലക്കുടയിൽ ആദ്യ മണിക്കൂറിൽ ലഭിച്ചത് 420 പരാതികൾ ; ഭിന്നശേഷി വിഭാഗത്തിൽ ആദ്യ പരാതി കൊരുമ്പിശ്ശേരി സ്വദേശിയുടേത് ; പട്ടണത്തിൽ ഇന്ന് വൈകീട്ട് ഗതാഗത നിയന്ത്രണം …
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ഇന്ന് നടക്കുന്ന നവകേരള സദസ്സിന്റെ ആദ്യ മണിക്കൂറിൽ ലഭിച്ചത് 420 പരാതികൾ . അയ്യങ്കാവ് മൈതാനത്ത് സജ്ജീകരിച്ച 24 കൗണ്ടറുകളിലായി പത്ത് മണിയോടെ തന്നെ പരാതികളും നിർദ്ദേശങ്ങളും സ്വീകരിക്കാൻ ആരംഭിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാർക്കും സ്ത്രീകൾക്കും വയോജനങ്ങൾക്കുമായി പ്രത്യേക കൗണ്ടറുകളാണ് ഒരുക്കിയിട്ടുള്ളത്. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ പ്രത്യേക കൗണ്ടറും സജ്ജീകരിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട നഗരസഭ വാർഡ് 30 ൽ കൊരുമ്പിശ്ശേരി മഞ്ഞളി മാന്ത്ര വീട്ടിൽ ഷാജുവാണ് (49 വയസ്സ് ) ഭിന്നശേഷി വിഭാഗത്തിൽ ആദ്യ പരാതി കൈമാറിയത്. ബിരുദധാരിയായ ഷാജു എംപ്ലോയ്മെന്റ് രജിസ്റ്ററിൽ പ്ലസ് ടു മുതൽ തന്നെ പേര് നൽകിയിട്ടും ഇത് വരെ തൊഴിൽ ലഭിച്ചിട്ടില്ല.
വിവിധ വകുപ്പുകളിലെ സർക്കാർ ഉദ്യോഗസ്ഥരാണ് കൗണ്ടറുകളിൽ പരാതികളും നിർദ്ദേശങ്ങളും സ്വീകരിക്കുന്നത്. പാലക്കാട് , കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ നിന്നായി നാനൂറോളം പോലീസുകാരും പട്ടണത്തിലെ കോളേജുകളിൽ നിന്നായി 350 ഓളം എൻസിസി, എൻഎസ്എസ് വളണ്ടിയർമാരും രംഗത്തുണ്ട്. മൂന്ന് ആംബുലൻസുകളുമായി മെഡിക്കൽ ടീമിന്റെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്.
ഉച്ചക്ക് രണ്ട് മണി മുതൽ സ്റ്റേജിൽ കലാപരിപാടികൾ ആരംഭിക്കും. മൂന്നരയോടെ മന്ത്രിമാരുടെ ആദ്യ സംഘവും നാലരയോടെ മുഖ്യമന്ത്രിമാരും മറ്റ് മന്ത്രിമാരും എത്തിച്ചേരും. പരിപാടിയുടെ ഭാഗമായി വൈകീട്ട് നഗരത്തിൽ ഗതാഗത നിയന്ത്രണവും എർപ്പെടുത്തിയിട്ടുണ്ട്.