നവകേരള തിളക്കത്തിൽ ഇരിങ്ങാലക്കുട ; അയ്യങ്കാവ് സമരഭൂമിയിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങൾ ; ഗവർണറെ കരുവാക്കി നാടിന്റെ സമാധാന അന്തരീക്ഷം തകർക്കാനാണ് ചിലരുടെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ …

നവകേരള തിളക്കത്തിൽ ഇരിങ്ങാലക്കുട ; അയ്യങ്കാവ് സമരഭൂമിയിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങൾ ; ഗവർണറെ കരുവാക്കി നാടിന്റെ സമാധാന അന്തരീക്ഷം തകർക്കാനാണ് ചിലരുടെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ …

 

ഇരിങ്ങാലക്കുട : ഗവർണറെ കരുവാക്കി കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങളാണ് കേരളത്തിൽ നടക്കുന്നതെന്നും വിദ്യാർഥികളെ പ്രകോപിപ്പിക്കുന്ന നടപടികളിൽ നിന്നും ഗവർണർ പിൻമാറണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ . എന്തിനും തയ്യാറായ മട്ടിലാണ് ഗവർണറെന്നും ഇത്തരം അവിവേകികളെ കേരളം കണ്ടിട്ടിട്ടുണ്ടെന്നും അത്തരക്കാർക്ക് നടപടികൾ തുടരാൻ കഴിഞ്ഞിട്ടില്ലെന്നും വിഷയത്തിൽ കേന്ദ്ര ഗവൺമെന്റിൽ നിന്നും ഉചിതമായ നടപടികൾ ഉണ്ടാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനത്ത് നടന്ന ഇരിങ്ങാലക്കുട നിയോജക മണ്ഡലം നവകേരള സദസ്സ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കാലാനുസ്യതമായ പുരോഗതി നമ്മുടെ നാടും കൈവരിക്കേണ്ടതുണ്ട്. കുറെക്കാര്യങ്ങൾ ചെയ്യാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഇവ അവതരിപ്പിക്കാനാണ് നവകേരള സദസ്സുമായി ജനങ്ങളുടെ ഇടയിലേക്ക് എത്തുന്നത്. അഭൂതപൂർവമായ പിന്തുണയാണ് ജനങ്ങൾ നൽകുന്നത്. വർഗ്ഗീയതയോട് വീട്ടുവീഴ്ചയില്ലാത്ത സമീപനമാണ് കേരളീയ സമൂഹം എന്നും സ്വീകരിച്ച് പോന്നിട്ടുള്ളത്. ക്രൈസ്തവ വിഭാഗത്തെ പ്രീണിപ്പിക്കാൻ ചിലർ ഇറങ്ങി തിരിച്ചത് നാം കണ്ടതാണ്. എന്നാൽ ഇവരുടെ തനിസ്വഭാവമാണ് മണിപ്പൂരിൽ കണ്ടതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിന് അർഹതപ്പെട്ടത് നമുക്ക് ലഭിക്കേണ്ടതുണ്ട്. ആരുടെയും ഔദാര്യമോ ദയയോ വേണ്ട. പ്രതിസന്ധികൾ നേരിട്ടപ്പോൾ ഒക്കെ കേരളത്തെ തഴയുകയാണ് ഇക്കൂട്ടർ ചെയ്തിട്ടുള്ളത്. കേരളത്തെ തകർക്കാൻ അനുവദിക്കില്ല എന്ന വികാരമാണ് നവകേരള സദസ്സിൽ പ്രകടമാകുന്നത്. നിങ്ങൾ ധൈര്യത്തോടെ മുന്നേറൂ, ഞങ്ങൾ കൂടെയുണ്ട് എന്ന സന്ദേശമാണ് ജനങ്ങൾ മുന്നോട്ട് വയ്ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുടയുടെ വികസന രേഖയായ ” ദർപ്പണം ” ചടങ്ങിൽ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. മന്ത്രിമാരായ വീണ ജോർജ്ജ്, കെ രാജൻ, എം ബി രാജേഷ് എന്നിവർ പ്രസംഗിച്ചു. ആർ ഡി ഒ എം കെ ഷാജി സ്വാഗതവും തഹസിൽദാർ കെ ശാന്തകുമാരി നന്ദിയും പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റർ, വൈസ് – പ്രസിഡണ്ട് ലത ചന്ദ്രൻ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ലളിത ബാലൻ, സന്ധ്യ നൈസൻ , വിജയലക്ഷ്മി വിനയചന്ദ്രൻ , പഞ്ചായത്ത് പ്രസിഡണ്ടുമാർ , സംഘാടകരായ ജോസ് ജെ ചിറ്റിലപ്പിള്ളി, അഡ്വ കെ ആർ വിജയ എന്നിവരും വേദിയിൽ ഉണ്ടായിരുന്നു.

നേരത്തെ പതിനായിരങ്ങളാണ് അയ്യങ്കാവ് സമരഭൂമിയിലേക്ക് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്വീകരിക്കാൻ ഒഴുകിയെത്തിയത്.

Please follow and like us: